മസ്കത്ത്: അന്താരാഷ്ട്ര പര്യടനം പൂർത്തിയാക്കി ശബാബ് ഒമാൻ -രണ്ട് നാവിക കപ്പൽ സലാല തുറമുഖത്തെത്തി. കപ്പൽ സൗദിയിലെ ജിദ്ദ തുറമുഖത്തുനിന്നായിരുന്നു സലാലയിലേക്ക് തിരിച്ചത്. സമാധാനത്തിന്റെ സന്ദേശവുമായി പര്യടനം നടത്തുന്ന 'ശബാബ് ഒമാൻ -രണ്ടി'ന്റെ മടക്കയാത്രക്കിടെയുള്ള അവസാന സ്റ്റേഷനാണ് സലാല.
15,275 നോട്ടിക്കൽ മൈൽ പിന്നിട്ട കപ്പൽ ഒക്ടോബർ 18വരെ സലാല തുറമുഖത്ത് നങ്കൂരമിടും. വിജയകരമായി യാത്ര പൂർത്തിയാക്കിയ കപ്പലിനെ ആദരിക്കുന്നതിനായി ഒക്ടോബർ 23ന് മസ്കത്തിലെ സുൽത്താൻ ഖാബൂസ് പോർട്ടിൽ ഔദ്യോഗിക സ്വീകരണവും ഒരുക്കിയിട്ടുണ്ട്. 'ഒമാൻ, സമാധാനത്തിന്റെ ഭൂമിക' എന്ന തലക്കെട്ടിലുള്ള കപ്പലിന്റെ യൂറോപ്യൻ ഉപഭൂഖണ്ഡ യാത്ര ഏപ്രിൽ11നാണ് സുൽത്താനേറ്റിൽനിന്ന് ആരംഭിച്ചത്. ലോകസഞ്ചാരത്തിന്റെ ഭാഗമായി 18 രാജ്യങ്ങളിലെ 25 തുറമുഖങ്ങളാണ് കപ്പൽ സന്ദർശിച്ചത്. നിരവധി സമുദ്രോത്സവങ്ങളിലും അന്താരാഷ്ട്ര മത്സരങ്ങളിലും പങ്കെടുത്ത് ചെറുതും വലുതുമായ നേട്ടങ്ങൾ കപ്പൽ സ്വന്തമാക്കിയിരുന്നു. ജർമനിയിലെ 'കീൽ മാരിടൈം വീക്ക് 2022'ൽ കപ്പൽ പങ്കെടുത്തിരുന്നു. ദാനിഷ് എസ്ജെര്ഗ് ഫെസ്റ്റിവലില്‍ 'ശബാബ് ഒമാൻ' സന്ദർശകരെ സ്വീകരിച്ച മികച്ച കപ്പലിനുള്ള അവാർഡ് നേടി. പായ്ക്കപ്പലുകൾക്ക് നൽകുന്ന 2022ലെ ഇന്റർനാഷനൽ ഫ്രണ്ട്ഷിപ് കപ്പും നേടിയിരുന്നു.
വിവിധ തുറമുഖങ്ങളിൽ കപ്പലിന് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചിരുന്നത്. കപ്പൽ കാണാനും യാത്രയെ പറ്റി അറിയാനും നിരവധി സന്ദർശകർ എത്തുകയും ചെയ്തിരുന്നു. സുൽത്താനേറ്റിന്റെ ചരിത്രവും പൈതൃകവും വിശദീകരിക്കുന്ന കപ്പലിലെ ഫോട്ടോ പ്രദർശനം നിരവധി സന്ദർശകരെയാണ് ആകർഷിച്ചത്. ഒമാന്റെ നാവിക ചരിത്രവും പുരാതന പൈതൃകങ്ങളും പരിചയപ്പെടുത്തി സുൽത്താനേറ്റും വിവിധ രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധം വിപുലപ്പെടുത്തുന്നതിനുള്ള സന്ദേശം നൽകാനാണ് കപ്പൽ യാത്രയിലൂടെ ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.