മസ്കത്ത്: മസ്കത്തിലെ മാധ്യമപ്രവർത്തകനും ഹ്രസ്വചിത്ര സംവിധായകനുമായ അനിർബാൻ റേയുടെ തെരഞ്ഞെടുത്ത ഏഴു സിനിമകളുടെ പ്രദർശനം വ്യാഴാഴ്ച വൈകീട്ട് ആറരക്ക് ഇന്ത്യൻ എംബസി ഹാളിൽ നടക്കും. ഇന്ത്യ-ഒമാൻ നയതന്ത്ര ബന്ധത്തിെൻറ എഴുപതാം വാർഷികാഘോഷ ഭാഗമായാണ് പ്രദർശനം.
അന്തരിച്ച പ്രമുഖ ഒമാനി നടൻ സലിം ഭവാൻ നായകനായ, മയക്കുമരുന്ന് ഉപയോഗത്തിെൻറ ദൂഷ്യവശങ്ങളെ കുറിച്ച് പറയുന്ന ‘ഫൈനൽ ഡെലിവറി’ ആണ് ഇതിൽ പ്രധാനപ്പെട്ടത്. പ്രകൃതി സംരക്ഷണത്തെ കുറിച്ച് പറയുന്ന ‘ലോസ്റ്റ്’, വാർത്ത മാധ്യമങ്ങൾ വാർത്തകളെ മുൻവിധികളോടെ സമീപിക്കുന്നതിെൻറ ദുരന്തങ്ങൾ ചൂണ്ടിക്കാണിക്കുന്ന ‘ഡിയർ ന്യൂസ് എഡിറ്റർ’ തുടങ്ങിയ ചിത്രങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്.
ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽനിന്ന് മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ അനിർബാൻ പഠനകാലത്തേ ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തിരുന്നു. 2010ൽ മസ്കത്ത് ഡെയിലി പത്രത്തിൽ ജോലിക്ക് ചേർന്ന ശേഷമാണ് ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്. ഇരുപത്തിയഞ്ചിലധികം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 15 സിനിമകൾ ദുബൈ, അബൂദബി, ജയ്പൂർ, കൊച്ചി, ഡൽഹി, നോർവേ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. നോർവേയിലെ ഫെസ്റ്റിവലിൽ ‘ഈവനിങ് അപ്പോയിൻമെൻറി’ലെ അഭിനയത്തിന് തസ്ലിം ഖാൻ എന്ന ഒമാനി കലാകാരന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു.
പത്രപ്രവർത്തന ജീവിത്തിൽ കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് സിനിമകൾക്ക് വിഷയമാകുന്നതെന്ന് അനിർബാൻ പറഞ്ഞു. അന്തരിച്ച ഒമാനി നടൻ സലിം ഭവാനെ തെൻറ ചിത്രത്തിൽ അഭിനയിക്കാൻ ക്ഷണിച്ചപ്പോൾ വിഷയത്തിെൻറ സാമൂഹിക പ്രസക്തി മനസ്സിലാക്കി അദ്ദേഹം ഒരു പ്രതിഫലവും വാങ്ങാതെയാണ് സഹകരിച്ചതെന്നും അനിർബാൻ പറയുന്നു. ഇന്ത്യൻ എംബസിയിൽ പ്രദർശനം സംഘടിപ്പിക്കുന്നതിൽ തുണയായത് മാധ്യമപ്രവർത്തകനായ കബീർ യൂസുഫിെൻറ ശ്രമഫലമാണ്. പ്രദർശിപ്പിക്കുന്ന രണ്ടു സിനിമകളിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തലശ്ശേരി സ്വദേശിയായ കബീർ യൂസുഫാണ്. ഒമാനിൽ ഉള്ളവർ തന്നെയാണ് സിനിമയുടെ സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നത്.
മലയാളിയായ സത്യദാസ്, സുധീർ വാസു, ഒമാനി യുവാവായ സുൽത്താൻ ഖൽഫാൻ എന്നിവരാണ് ഛായാഗ്രഹണം നിർവഹിക്കാറുള്ളത്. എഡിറ്റിങ് അനിർബാൻ സ്വന്തമായി ചെയ്യുന്നു. ഭാര്യ നിഖിത റായ് സ്വതന്ത്ര മാധ്യമപ്രവർത്തകയും ഹ്രസ്വ ചിത്രപ്രവർത്തകയും ആണ്. അനിർബാൻ സിനിമകളുടെ തിരക്കഥ, വസ്ത്രാലങ്കാരം എന്നിവ കൈകാര്യം ചെയ്യുന്നത് നിഖിതയാണ്. ഇസ്രായേലി യുവാവിെൻറയും പലസ്തീൻ യുവതിയുടെയും പ്രണയം പറയുന്ന സിനിമയാണ് ഇനി തെൻറ മനസ്സിലുള്ളതിൽ ഒന്നെന്ന് അനിർബാൻ പറയുന്നു. റോഹിങ്ക്യൻ ഉൾെപ്പടെ അഭയാർഥികളുടെ പ്രശ്നങ്ങൾ പറയുന്ന സിനിമയും മനസ്സിലുണ്ട്. രാഷ്ട്രീയത്തിലുപരിയായി മാനുഷിക വശങ്ങളാണ് തെൻറ സിനിമകളിൽ പറയുന്നതെന്നും അനിർബാൻ പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ മേള ഉദ്ഘാടനം ചെയ്യും. മേളയിലേക്ക് എല്ലാവർക്കും പ്രവേശനം ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.