മസ്കത്ത്: സംസ്ഥാന ബജറ്റിലെ പ്രവാസിക്ഷേമ പദ്ധതികളെ കുറിച്ച് പ്രവാസലോകത്ത് സമ്മിശ്ര പ്രതികരണം. കോവിഡ് സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളതെന്നാണ് പ്രവാസികൾ പറയുന്നത്. അതേസമയം, കണ്ണിൽ പൊടിയിടുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
പ്രവാസി പെൻഷൻ വർധിപ്പിച്ചതാണ് ബജറ്റിലെ പ്രവാസികൾക്കായുള്ള സുപ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. വിദേശത്തുള്ളവരുടെ ക്ഷേമനിധി അംശാദായം 350 രൂപയായി ഉയർത്തിയിട്ടുണ്ട്. ഇവർക്ക് 3500 രൂപ പെൻഷൻ ലഭിക്കും. ജോലി മതിയാക്കി നാട്ടിൽ എത്തിയവർ 200 രൂപയാണ് അംശാദായം അടക്കേണ്ടത്. ഇവർക്ക് 3000 രൂപയാണ് പെൻഷൻ ലഭിക്കുക.
പ്രവാസി തൊഴിൽ പുനരധിവാസം, നൈപുണ്യ വികസനം എന്നിവക്ക് 100 കോടിരൂപയാണ് നീക്കിവെച്ചിട്ടുള്ളത്. സമാശ്വാസ പ്രവർത്തനങ്ങൾക്ക് 30 കോടിയും പ്രവാസിക്ഷേമനിധിക്കായി ഒമ്പതു കോടി രൂപയും വകയിരുത്തി. തിരിച്ചെത്തിയ പ്രവാസികളുടെ കണക്കെടുക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ പറയുന്നു. പഞ്ചായത്ത്, നഗരസഭ തലത്തിൽ ജൂലൈയിൽ നടക്കുന്ന ഒാൺലൈൻ പ്രവാസി സംഗമങ്ങളിലൂടെയാകും കണക്കെടുപ്പ് നടക്കുക. ഇൗ ലിസ്റ്റുകൾ ജില്ലാതലത്തിൽ ക്രോഡീകരിക്കും. പ്രവാസി തൊഴിൽ പദ്ധതിയുടെ ആദ്യഘട്ടം ഇൗ വർഷം തന്നെ നടപ്പാക്കും. ഇൗ വർഷം അവസാനം മൂന്നാംലോക കേരളസഭ വിളിച്ചുചേർക്കുകയും ചെയ്യും. ഡിജിറ്റൽ തൊഴിൽ പദ്ധതി, വായ്പാടിസ്ഥാനത്തിലുള്ള സംരഭകത്വ വികസന പദ്ധതി, വിപണന ശൃംഖല എന്നിവയിൽ പ്രവാസികൾക്ക് മുൻഗണന നൽകും.
പ്രവാസികൾക്ക് സന്തോഷവും ആവേശം നൽകുന്ന ബജറ്റാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് പ്രവാസിക്ഷേമനിധി ബോർഡ് ഡയറക്ടർ പി.എം. ജാബിർ പറഞ്ഞു. പ്രവാസികളെ ചേർത്തുനിർത്തുന്നതും ആശ്വാസം നൽകുന്നതുമായ പ്രഖ്യാപനങ്ങളാണ് ഉള്ളത്. നാട്ടിൽ തിരിച്ചെത്തിയവരെ പുനരധിവസിപ്പിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രവാസിക്ഷേമനിധി ബോർഡും സംഘടനകളുമെല്ലാം ഏറെ നാളായി ആവശ്യപ്പെടുന്ന ഒന്നായിരുന്നു പെൻഷൻ തുക വർധിപ്പിക്കുകയെന്നത്. സർക്കാർ അധികാരത്തിലെത്തുേമ്പാൾ ഒന്നേകാൽ ലക്ഷം അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അംഗങ്ങളുടെ എണ്ണം അഞ്ചരലക്ഷമായി ഉയർന്നു. പെൻഷൻ തുക വർധിപ്പിച്ചതിനാൽ വീണ്ടും അംഗസംഖ്യ വർധിക്കുമെന്നാണ് കരുതുന്നതെന്നും പി.എം ജാബിർ പറഞ്ഞു.
തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള പ്രഖ്യാപന പെരുമഴ മാത്രമാണ് ബജറ്റിൽ ഉള്ളതെന്ന് ഒ.െഎ.സി.സി നാഷനൽ കമ്മിറ്റി പ്രസിഡൻറ് സിദ്ദീഖ് ഹസൻ പറഞ്ഞു. ബജറ്റിന് മുമ്പായുള്ള സാമ്പത്തികാവലോകന റിപ്പോർട്ടിൽ സംസ്ഥാനത്തിെൻറ വരവ് കുറഞ്ഞതായും പൊതുകടം വർധിച്ചതായുമാണ് പറയുന്നത്. പ്രവാസികളുടെ തിരിച്ചുവരവും എടുത്തുപറയുന്നു. സാമ്പത്തികബാധ്യതക്കൊപ്പം സാമ്പത്തിക വരവും നിലച്ചുവെന്നും അതിൽ പറയുന്നു. വെറും പ്രഖ്യാപനങ്ങൾ നടത്തി ജനത്തെ പറ്റിക്കുക എന്ന തന്ത്രമാണ് വീണ്ടും ഇറക്കിയിരിക്കുന്നത്. കേൾക്കുമ്പോൾ സുഖം തോന്നുമെങ്കിലും ഇതെല്ലം നടപ്പിൽ വരാൻ പോകുന്നില്ലെന്ന് പ്രഖ്യാപിച്ചവർക്ക് അറിയാം.
കോടികളുടെ പദ്ധതികൾ പ്രഖ്യാപിക്കുന്ന സമയത്ത് അതിനുള്ള വരുമാനം എവിടെയെന്ന് ഒരിടത്തും പറയുന്നില്ല. കഴിഞ്ഞ ബജറ്റുകളിൽ പ്രഖ്യാപിച്ച ഇടുക്കി, വയനാട്, കുട്ടനാട് പാക്കേജുകൾ നടപ്പാക്കാതെയാണ് കൂടുതൽ പാക്കേജുകൾ പ്രഖ്യാപിച്ചത്. അടുത്ത തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായതോടെ ഭാവിസർക്കാറിനെ കൂടുതൽ കടക്കയത്തിലേക്കു തള്ളിയിടാനാണ് പ്രഖ്യാപന പെരുമഴയെന്ന് സിദ്ദീഖ് ഹസൻ പറഞ്ഞു.
പ്രവാസി പെൻഷൻ വർധിപ്പിച്ചതടക്കം ബജറ്റിലെ പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്യുന്നതായി പ്രവാസി വെൽഫെയർ ഫോറം പ്രസിഡൻറ് മുനീർ മാസ്റ്റർ പറഞ്ഞു. എന്നാൽ, ഇവ കേവലം പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ നടപ്പാക്കണം. മുൻകാലങ്ങളിലെ ബജറ്റ് പ്രഖ്യാപനങ്ങൾ പലതും നടപ്പാക്കിയിട്ടില്ല എന്നത് ഒരു വാസ്തവമായി നമ്മുടെ മുന്നിലുണ്ട്. പ്രവാസികളുടെ യാത്രാപ്രശ്നം, ടിക്കറ്റ് ചാർജ് വർധന തുടങ്ങി യഥാർഥ പ്രശ്നങ്ങളിൽ എന്തെങ്കിലും രീതിയിൽ ഇടപെടാൻ സാധിക്കുമോയെന്ന കാര്യം ബജറ്റിൽ വ്യക്തമാക്കിയിട്ടില്ല. പ്രവാസികൾക്കുള്ള നാട്ടിലെ ക്വാറൻറീൻ വ്യവസ്ഥ ഒഴിവാക്കണമെന്നും മുനീർ മാസ്റ്റർ പറഞ്ഞു.
ഒറ്റവാക്കിൽ ജനപ്രിയ ബജറ്റെന്നു പറയാമെങ്കിലും പല പദ്ധതികളും നടപ്പാക്കാൻ സാധിക്കാത്തത് എന്നാണ് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ സാധിക്കുകയെന്ന് മസ്കത്തിൽ ജോലിചെയ്യുന്ന ഷഫീർ പറയുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന സാമ്പത്തികാവലോകന റിപ്പോർട്ടിൽ വളർച്ചനിരക്ക് നാലു ശതമാനത്തിലധികം താഴ്ന്നതായി ധനമന്ത്രി തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്. നിലവിലെ സർക്കാറിന് മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. പുതുതായി വരാൻ പോകുന്ന സർക്കാറിന് ഇൗ പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നത് വെല്ലുവിളിയാകും. അതോടൊപ്പം, വരവിെൻറ 75 ശതമാനം ശമ്പളത്തിനും പെൻഷനുമായി നീക്കിവെക്കുന്നതിനാൽ പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്താൻ കാര്യക്ഷമമായ നിർദേശങ്ങളില്ലെന്നും ഷഫീർ പറഞ്ഞു.
കോവിഡ് കാലത്ത് മാറിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ പ്രവാസികളെ പ്രാപ്തരാക്കുന്നതും ഉൗർജം പകരുന്നതുമാണ് ബജറ്റിലെ പ്രഖ്യാപനങ്ങളെന്ന് ബർക്കയിൽ ജോലി ചെയ്യുന്ന വടകര സ്വദേശി അനിൽ പറഞ്ഞു. ബജറ്റിലെ വാഗ്ദാനങ്ങൾ നടപ്പായാൽ വലിയ വിപ്ലവം തന്നെയായിരിക്കുമെന്നും അനിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.