സുഹാർ: ഇളംനീല നിറത്തിൽ സൾഫർ അടങ്ങിയ പാറക്കൂട്ടത്തിനു നടുവിലെ വിചിത്രമായ നീരുറവ, അതുചെന്നെത്തുന്ന കുളത്തിൽ കുമ്മായം കട്ടിയിൽ കലക്കിവെച്ചതുപോലെ വെള്ളം. സൾഫർ സാന്നിധ്യംകൊണ്ട് അത്ഭുതപ്പെടുത്തുന്ന ഈ വിസ്മയക്കാഴ്ച സന്ദർശകരെ ആകർഷിക്കുന്നു. ഇതാണ് സൾഫർ വാദി. പ്രകൃതി ഒരുക്കിയ ജല വിസ്മയം.
കുടുംബങ്ങൾക്കും കുട്ടികൾക്കും അനായാസമായി ചെന്നെത്താവുന്ന ഒരു വേറിട്ട മലയിടുക്ക് കാഴ്ച കാണാനും കുളിക്കാനും എത്തുന്നവരുടെ തിരക്ക് താപനില കുറഞ്ഞതോടെ വർധിച്ചുകൊണ്ടിരിക്കുന്നു. സുഹാർ ഫലജിൽ നിന്ന് ബുറൈമിയിലേക്ക് പോകുന്ന വഴിയിൽ നാല്പത് കിലോമീറ്റർ പിന്നിട്ടാൽ മൈനിങ് ഫാക്ടറിയുടെ അടുതെത്തും. ഇവിടെനിന്നും ഓഫ് റോഡിൽ ഏകദേശം എട്ടു കിലോമീറ്റർ സഞ്ചരിച്ചാൽ കാഴ്ച വസന്തത്തിന്റെ നീല തടാകത്തിന്റെ കരയിൽ എത്താം. പറയിടുക്കിലൂടെ ഒഴുകിവരുന്ന നീല നിറത്തിലുള്ള ഇളം ചൂടുള്ള വെള്ളം ചെന്നെത്തുന്ന കുളത്തിലാണ് സൾഫർ അംശം വിസ്മയം തീർക്കുന്ന നീലക്കാഴ്ച ഒരുക്കിയിട്ടുള്ളത്.
തെളിനീർ ഉറവായായി മലയിടുക്കിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിൽ പാറയിൽ നിന്നോ കരയിലെ മണ്ണിൽനിന്നോ കൂടിച്ചേർന്നാണ് സൾഫറിന്റ സാന്നിധ്യം ഉണ്ടാകുന്നതെന്നാണ് പറയപ്പെടുന്നത്. ഇതിനെക്കുറിച്ച് ആധികാരിക പഠനം നടന്നതായി അറിവില്ല . പ്രകൃതിയുടെ മറ്റൊരു അത്ഭുതമായി ചിലരെങ്കിലും ഇതിനെ കണക്കാക്കുന്നു.
സൾഫർ അടങ്ങിയ ജലം ഔഷധ ഗുണമുള്ളതാണെന്നും ചർമ്മരോഗങ്ങൾക്കും മുടികൊഴിച്ചലിനും ഗുണം ചെയ്യും എന്നുള്ള ശാസ്ത്രീയമായി തെളിയിച്ചിട്ടില്ലാത്ത വിശ്വാസത്തിൽ എത്തുന്നവരും കുറവല്ല. എന്തായാലും പുത്തൻ അനുഭവത്തിൽ ഒരു സൾഫർ കുളി ആസ്വദിക്കാൻ എത്തുന്നവരാണ് അധികവും. മലയാളികൾ കുളിക്കാനും കളിക്കാനും എന്നും മുന്നിലാണല്ലോ അതുകൊണ്ട് തന്നെ കുടുംബവും കുട്ടികളുമായി വൈകുന്നേരങ്ങളിൽ നിരവധി പേരാണ് ഇവിടെ എത്തുന്നത്.
കുട്ടികൾക്കും സ്ത്രീകൾക്കും ആഴമില്ലാത്ത സൾഫർ കുളത്തിൽ അപായ സൂചനകൾ രേഖപ്പെടുത്തിയ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആഴം ഇല്ലാത്ത വെള്ളക്കെട്ടാണ് ഇവിടുത്തേതെന്ന് പലതവണ സൾഫർ വാദിയിൽ കുടുംബവുമായി എത്തിയ റാലിപ്പ് സ്ഥാപന ഉടമ സുഹാറിലെ ലിജു പറയുന്നു
ഗൂഗിളിൽ ഐൻ സഹ്ബാൻ എന്നു രേഖപ്പെടുത്തിയാൽ കൃത്യമായി അവിടെയെത്താം. ഫോർ വീൽ ഉണ്ടെങ്കിൽ വാദിയുടെ അടുത്ത് പോകാൻ ആവും. കാറിൽ പോകുമ്പോൾ കുറച്ചുദൂരെ പാർക്ക് ചെയ്തു ഒരൽപ്പം ദൂരം ഒമാന്റെ ഭൂപ്രകൃതിയും വിജനതയും നുകർന്നു നടന്നു പോകാം
പ്രകൃതി കണ്ടറിഞ്ഞു അനുഗ്രഹിച്ച നാടുകളിൽ ഒന്നാണ് ഒമാൻ. കൃഷിയിടവും നേർത്തഅരുവിയും കുറ്റികാടുകളും കന്നുകാലികൾ മേയുന്ന സമതലങ്ങളും ഉയർന്ന മലകളുംകൊണ്ട് സമ്പന്നമായ പ്രദേശം. അതിനുള്ളിലൂടെ ഒഴുകുന്ന തെളിമയുള്ള നീരുറവ അതൊഴുകിപ്പതിക്കുന്ന കുളം സൾഫർകൊണ്ട് പൊതിഞ്ഞിരിക്കുന്നു. ഈ വേറിട്ട കാഴ്ചയുടെ അനുഭവം തേടി പ്രവാസികൾ ഇടതടവില്ലാതെ എത്തുന്നു. അടുത്ത് കടകൾ ഒന്നും ഇല്ലാത്തതുകൊണ്ട് വെള്ളവും സ്നാക്സും കരുതുക നല്ലതായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.