മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ താഖാ വിലായത്തിൽ ഉരുമറിഞ്ഞ് മരിച്ചവരെ തിരിച്ചറിഞ്ഞു. യു.പി, ഗുജറാത്ത് സ്വദേശികളാണ് മരിച്ച രണ്ടുപേരുമെന്ന് ഇന്ത്യൻ എംബസി ഹോണററി കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ അറിയിച്ചു. കപ്പലിൽ ഒമ്പത് ഗുജറാത്തികളും ഒരു ഉത്തർപ്രദേശ് സ്വദേശിയുമാണുണ്ടായിരുന്നത്. എട്ടുപേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു. ഇതിൽ പരിക്കേറ്റ മൂന്നുപേർക്ക് ചികിത്സയും നൽകി.
ബുധനാഴ്ച പുലർച്ചയാണ് താഖാ വിലായത്തിലെ കടൽതീരത്ത്നിന്ന് 3000 മൈൽ അകലെ ഉൾക്കടലിൽ ഉരു അപകടത്തിൽപ്പെടുന്നത്.
ദുബൈയിൽനിന്ന് യമനിലേക്ക് പോയതായിരുന്നു. ഉപയോഗിച്ച വാഹനങ്ങളും മറ്റ് ചരക്കുകളുമായിരുന്നു ഇതിലുണ്ടായിരുന്നത്. ശക്തമായ കാറ്റിലും തിരയിലുംപെട്ട് മറിഞ്ഞ ഉരു പൂർണമായും തകർന്നു. ഇതിന്റെ മരത്തടികളും മറ്റും തലക്കടിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു.
അപകടം നടന്ന ഉടൻ ജീവനക്കാർ ലൈഫ് ജാക്കറ്റടക്കം ധരിച്ചതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.