മസ്കത്ത്: പ്രകൃതിക്കും മനസ്സിനും കുളിര് പകർന്ന് ദോഫാർ ഗവർണറേറ്റിൽ ഖരീഫ് കാലത്തിന് തുടക്കം. സെപ്റ്റംബർ 21വരെ നീളുന്ന ഖരീഫ് മഴക്കാലം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് ദോഫാറിൽ എത്തുക. കോവിഡ് നിയന്ത്രണം ഒഴിവാക്കിയതിനാൽ രാജ്യത്തുനിന്നും പുറത്തുനിന്നുമായി സന്ദർശകപ്രവാഹത്തിന് സാധ്യത കണക്കാക്കുന്നു. ഇത്തവണയും ജി.സി.സി രാജ്യങ്ങളിൽനിന്നാകും കൂടുതൽ പേർ എത്തുക.
ഖരീഫിന്റെ വരവറിയിച്ച് ജബൽ പ്രദേശങ്ങളിൽ ദിവസങ്ങൾക്ക് മുമ്പുതന്നെ മഴ പെയ്തു തുടങ്ങി. സലാലയടക്കമുള്ള നഗരങ്ങളിൽ കുറച്ചുദിവസമായി മൂടിക്കെട്ടിയ അന്തരീക്ഷമാണ്. മഴ എത്തുന്നതോടെ ഇവിടെയും കുളിര് പടരും. മലനിരകളും താഴ്വരകളും പച്ച പുതക്കും. പച്ചപ്പിനൊപ്പം വെള്ളച്ചാട്ടങ്ങളും രൂപം കൊള്ളും.
സുൽത്താനേറ്റിന്റെ മറ്റു ഭാഗങ്ങളും ഇതര ഗൾഫ് നാടുകളും വേനൽ ചൂടിൽ വെന്തുരുകുമ്പോഴാണ് പ്രകൃതിയുടെ വരദാനമെന്നവണ്ണം സലാലയെ കുളിരണിയിച്ച് മഴയെത്തുക. മനം നിറയെ പുതുമഴ ആസ്വദിക്കാനും നൂൽമഴയിലലിഞ്ഞ് സ്വയം മറക്കാനും സ്വദേശികളായ നിരവധി പേർ ജബലുകൾ കയറും.
ഇടവേളകളില്ലാതെ ചന്നംപിന്നം പെയ്യുന്ന മഴ ഗൾഫ് നാടുകളിൽ സലാലക്ക് സ്വന്തം. സീസൺ തുടക്കത്തിൽ സലാലയോട് ചേർന്ന മലനിരകളെ കുളിരണയിക്കുന്ന ചാറ്റൽ മഴ പിന്നീട് പ്രദേശമാകെ പടരും. മഴത്തുള്ളികൾ മണ്ണിൽ പതിയുന്നതോടെ വേനലിൽ ഉണങ്ങി വരണ്ട് കിടന്ന മലനിരകളിൽ ജീവന്റെ പുൽക്കൊടികൾ ദൃശ്യമാവും. മഴ കനക്കുന്നതോടെ വെള്ളച്ചാട്ടങ്ങളുടെ അഴകും വർധിക്കും.
വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നതിനുള്ള മുന്നൊരുക്കത്തിലാണ് അധികൃതർ. ദോഫാറിലേക്കുള്ള റോഡുകളിൽ ഗതാഗതം ക്രമീകരിക്കുന്നതിന് മതിയായ പൊലീസ് സേവനം ഉറപ്പാക്കും. ഹരിത ഇടങ്ങളും ബീച്ചുകളും സുരക്ഷിതമാക്കുക, സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ വിഷയം ചർച്ചചെയ്യാനായി മാസങ്ങൾക്ക് മുമ്പ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഗവർണറേറ്റിലെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലേക്കുള്ള റോഡുകൾ അറ്റകുറ്റപ്പണി നടത്തി സൂചന ബോർഡുകൾ സ്ഥാപിച്ചു.
ഖരീഫ് സീസണിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ വിവിധ ക്രമീകരണങ്ങളാണ് റോയൽ ഒമാൻ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയത്. വാഹനാപകടങ്ങൾ ഒഴിവാക്കാൻ ലക്ഷ്യമിട്ട് സലാലയിലേക്കുള്ള റോഡുകളിൽ പട്രോളിങ്ങും പരിശോധനകളും ഏർപ്പെടുത്തും.
ഭവന-താമസ സൗകര്യങ്ങളുടെ ലഭ്യത, സേവന നിലവാരം, സന്ദർശകരെ ഉൾക്കൊള്ളാനുള്ള കഴിവ്, സലാല നഗരത്തിലെയും വിലായത്തുകളിലെയും ഭക്ഷണലഭ്യത, ടെലികമ്യൂണിക്കേഷൻ, ടൂറിസ്റ്റ് സൈറ്റുകളിലേക്കുള്ള റോഡുകളുടെ നിലവാരം എന്നിവയും അധികൃതർ വിലയിരുത്തി.
വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന മറ്റൊരു യോഗത്തിൽ ചരക്കുകളുടെയും ഭക്ഷ്യസേവനങ്ങളുടെയും വിതരണം, വാണിജ്യ ബാങ്കുകളുടെ സേവനം, ഗ്യാസിന്റെ കാര്യക്ഷമത വർധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു. സീസണുമായി ബന്ധപ്പെട്ട് റോഡുമാർഗം ഗവർണറേറ്റിലേക്ക് എത്തുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ വിവിധ വിലായത്തുകളിലെ 134 സ്റ്റേഷനുകളിൽ ഇന്ധനത്തിന്റെ അളവ് വർധിപ്പിക്കാൻ നിർദേശം നൽകി. ഖരീഫ് സീസണിന് മുന്നോടിയായി വിവിധ വിമാനക്കമ്പനികൾ സലാലയിലേക്ക് സർവിസ് ആരംഭിച്ചു. യാത്രികരെയും വിനോദ സഞ്ചാരികളെയും സ്വീകരിക്കാൻ സലാല എയർപോർട്ട് പൂർണ സജ്ജമാണെന്ന് സലാല എയർപോർട്ട് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് സലിം ബിൻ അവാദ് അൽ യാഫെയ് പറഞ്ഞു.
കുവൈത്ത് ബജറ്റ് വിമാനക്കമ്പനിയായ ജസീറ എയർവേയ്സ്, കുവൈത്ത് എയർവേസ് എന്നിവ കഴിഞ്ഞ ദിവസങ്ങളിൽ സലാലയിലേക്ക് സർവിസ് തുടങ്ങി. മറ്റ് ജി.സി.സി രാജ്യങ്ങളിൽനിന്നും വരുംദിവസങ്ങളിൽ സലാലയിലേക്ക് വിമാനങ്ങൾ എത്തിത്തുടങ്ങും. ലക്ഷക്കണക്കിന് ആളുകളാണ് ഇവിടേക്ക് ഓരോ സീസണിലും എത്താറുള്ളത്. 2019ൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 7,50,000 സഞ്ചാരികളാണ് ദോഫാർ ഗവർണറേറ്റിൽ എത്തിയത്.
ഖരീഫ് സീസണിനോടനുബന്ധിച്ച ദോഫാർ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന സലാല ടൂറിസം ഫെസ്റ്റിവെലിന്റെ ആഘോഷം വിവിധ ഇടങ്ങളിലായാണ് ഈ വർഷം നടക്കുക. ഇത്തീനിലെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നിരുന്ന പരിപാടികൾ, പാർക്കുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തും. തീയതികളും മറ്റും വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും. കഴിഞ്ഞ രണ്ടു വർഷവും മുടങ്ങിയ ആഘോഷമാണ് വികേന്ദ്രീകൃത സ്വഭാവത്തിൽ ഈ വർഷം നടത്തുന്നത്. പൈതൃക, ടൂറിസം മന്ത്രാലയവുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.