മസ്കത്ത്: അറബ് ടൂറിസത്തിന്റെ തലസ്ഥാനമായി സൂറിനെ തിരഞ്ഞെടുത്തതിന്റെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന വിവിധങ്ങളായ പരിപാടികൾ നടത്താനൊരുങ്ങി അധികൃതർ. പൈതൃക-ടൂറിസം മന്ത്രാലയത്തിലെ ടൂറിസം അണ്ടർ സെക്രട്ടറി അസ്സാൻ ബിൻ ഖാസിം അൽ ബുസൈദി, തെക്കൻ ശർഖിയ ഗവർണർ യഹ്യ ബിൻ ബദർ അൽ മാവാലി, സൂർ ശൈഖ് ഹിലാൽ ബിൻ അലി അൽ ഹബ്സി എന്നിവർ ചേർന്നു നടത്തിയ വാർത്തസമ്മേളനത്തിലാണ് പരിപാടികൾ പ്രഖ്യാപിച്ചത്. സൂർ വിലായത്തും ഗവർണറേറ്റിലെ മറ്റു സ്ഥലങ്ങളും കേന്ദ്രീകരിച്ച് ഇവന്റുകൾ, മാർക്കറ്റിങ് കാമ്പയ്നുകൾ, സംരംഭങ്ങൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
സൂറിന്റെ ചരിത്രപരമായ പ്രാധാന്യവും സാംസ്കാരിക സവിശേഷതകളും എടുത്തുകാണിച്ച് അതിന്റെ ടൂറിസം സാധ്യതകൾ ഊന്നിപ്പറയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒമാന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിലും വളർച്ചയിലും വിനോദസഞ്ചാരത്തിനു നിർണായകപങ്കുണ്ടെന്ന് ബുസൈദി പറഞ്ഞു. ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുന്നതിൽ സുൽത്താനേറ്റിനു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ സന്ദർശകരുടെ എണ്ണം ആകെ 3.5 ദശലക്ഷത്തിലെത്തി. ഇതു കോവിഡ് മഹാമാരിക്കുള്ള സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ അധികാരികളുടെ സഹകരണത്തോടെ മന്ത്രാലയം നടപ്പാക്കിയ ടൂറിസം വികസന പദ്ധതികളാണ് ഈ നേട്ടത്തിനു കാരണം വൈവിധ്യമാർന്ന ടൂറിസം ആകർഷണങ്ങൾ, ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ, പാരിസ്ഥിതിക സുസ്ഥിരതയോടുള്ള പ്രതിബദ്ധത എന്നിവയാണ് സൂറിനെ അറബ് ടൂറിസത്തിന്റെ തലസ്ഥാനമായി തിരഞ്ഞെടുക്കുന്നതിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതു ഒമാനെ, പ്രത്യേകിച്ച് സൂറിനെ സാംസ്കാരിക പൈതൃകവും പ്രകൃതി സൗന്ദര്യവുംകൊണ്ട് സമ്പന്നമായ സ്ഥലമായി ഉയർത്താനുള്ള അവസരമാണ്. സൂറിന്റെ ചരിത്രപരവും സാംസ്കാരികവും പുരാവസ്തുശാസ്ത്രപരവുമായ സവിശേഷതകൾ, ബീച്ചുകൾ, വാദികൾ, നീരുറവകൾ, ഗുഹകൾ, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ തുടങ്ങിയവ പ്രയോജനപ്പെടുത്തുകയും തന്ത്രപരമായ സഹകരണത്തിലൂടെ അവയുടെ മൂല്യം വർധിപ്പിക്കാനും മന്ത്രാലയവും ടൂറിസം മേഖലയിലെ പങ്കാളികളും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവന്റുകളും മാർക്കറ്റിങ്ങ് കാമ്പയിനുകളും ഉൾപ്പെടെയുള്ള പരിപാടികളാണ് സൂറിനായി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഗവർണർ മവാലി പറഞ്ഞു. ഇതിലൂടെ സൂറിന്റെ അതുല്യമായ ടൂറിസം സാധ്യതകൾ ഉയർത്തിക്കാട്ടും. ഈ പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ പ്രാദേശിക സമൂഹത്തെ പങ്കാളികളാക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
സൂറിന്റെ പദവി ടൂറിസം വികസന പദ്ധതികൾ പൂർത്തീകരിക്കുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രേരിപ്പിക്കും. അറബ് ലോകത്തും ആഗോളതലത്തിലും സൂറിന്റെ പ്രശസ്തി ഉയർത്താൻ ഈ പദവി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫതഹ് അൽ ഖൈർ സെന്റർ പോലുള്ള സാംസ്കാരിക, ടൂറിസം പദ്ധതികളും ഈ മേഖലയിലെ ഭാവി നിക്ഷേപ പദ്ധതികളും അദ്ദേഹം എടുത്തുപറഞ്ഞു.
അറബ് ടൂറിസം ഓർഗനൈസേഷനുമായും ടൂറിസം സ്പെഷ്യലിസ്റ്റുകളുമായും സഹകരിച്ചുള്ള പരിപാടികളും നടത്തും. സുസ്ഥിരത, പരിസ്ഥിതി, ടൂറിസത്തിൽ പ്രാദേശിക സമൂഹത്തെ ശാക്തീകരിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംരംഭങ്ങളും ഉണ്ടാകും. കൂടാതെ, ടൂറിസം സ്ഥാപനങ്ങളിലെ ഗുണനിലവാരത്തിനും സുരക്ഷക്കുമായി പ്രത്യേക കാമ്പയിനികളും ടൂറിസം ഫെസിലിറ്റി ജീവനക്കാർക്കുള്ള പരിശീലന കോഴ്സുകളും അണിയറയിൽ അധികൃതർ ആസൂത്രണം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.