മത്ര സൂഖിൽ കഴിഞ്ഞദിവസം അനുഭവപ്പെട്ട തിരക്ക്​ 

നാടും നഗരവും പെരുന്നാൾ തിരക്കിലേക്ക്

മസ്കത്ത്: റമദാൻ അവസാനത്തിലേക്ക് എത്തിയതോടെ നാടും നഗരവും പെരുന്നാൾ തിരക്കിലേക്ക്. വൈകുന്നേരത്തോടെ പ്രധാന നഗരങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വ്യാപാര സ്ഥാപനങ്ങളിലും ഹൈപ്പർ മാർക്കറ്റുകളിലും പെരുന്നാൾ ഓഫറുകൾ പ്രഖ്യാപിച്ചതും തിരക്കു വർധിക്കാൻ കാരണമായി. പെരുന്നാൾ വസ്ത്രങ്ങൾക്കും സുഗന്ധദ്രവ്യങ്ങൾക്കുമാണ് ഇപ്പോൾ ആവശ്യക്കാർ വർധിക്കുന്നത്. മത്ര അടക്കമുള്ള പ്രധാന സൂഖുകളിലും തിരക്ക് വർധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ തിരക്കുകൾ കൂടും. രണ്ട് വർഷത്തെ ഇടവേളക്കുശേഷമാണ് ആഘോഷങ്ങളുള്ള പെരുന്നാളും പെരുന്നാൾ അവധിയും ലഭിക്കുന്നത്. കഴിഞ്ഞ നാലു പെരുന്നാളുകൾ ആഘോഷങ്ങളില്ലാതെ കടന്നുപോയിരുന്നു. കഴിഞ്ഞ പെരുന്നാൾ സമ്പൂർണ ലോക്ഡൗണിലുമായിരുന്നു. നീണ്ട ഇടവേളക്കുശേഷം ലഭിക്കുന്ന ഈ പെരുന്നാൾ പരമാവധി മധുരമാക്കാനുള്ള തിരക്കിലാണ് എല്ലാവരും.

വിമാന ടിക്കറ്റ് നിരക്കുകൾ കുറഞ്ഞതും യാത്രാ നിയന്ത്രണങ്ങൾ ഒഴിഞ്ഞതും കാരണം നിരവധി കുടുംബങ്ങൾ നാട്ടിൽനിന്ന് തിരിച്ചെത്തി. കുടുംബ സന്ദർശക വിസയിൽ കൂടുതൽ പേർ എത്തിയതും വാണിജ്യമേഖലയിൽ ചലനം സൃഷ്ടിച്ചതായി വ്യാപാര രംഗത്തുള്ളവർ പറയുന്നു. വ്യാപാര സ്ഥാപനങ്ങളിൽ പെരുന്നാൾ വസ്ത്രങ്ങളും മറ്റും നേരത്തേ തന്നെ എത്തിയിട്ടുണ്ട്. പല സ്ഥാപനങ്ങളും മികച്ച ഓഫറുകൾ പെരുന്നാൾ പ്രമാണിച്ച് നൽകുന്നുണ്ട്. വെള്ളിയാഴ്ച മുതൽ തന്നെ തിരക്ക് ആരംഭിച്ചതായി വ്യാപാരികൾ പറയുന്നു. ശനി, ഞായർ വാരാന്ത്യ അവധിയായതിനാൽ കൂടുൽപേർ എത്തിയിരുന്നു. വരും ദിവസങ്ങളിൽ തിരക്കു വർധിക്കുമെന്നും ഈ വർഷം നല്ല വ്യാപാരം പ്രതീക്ഷിക്കുന്നതായും വ്യാപാരികൾ പറഞ്ഞു. ഈദ്ഗാഹ് അടക്കമുള്ളവക്കും നിയന്ത്രണമുണ്ടാവുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. കുടുംബങ്ങൾ ഒത്തുചേർന്ന് സംഗമങ്ങളും യാത്രകളും സംഘടിപ്പിക്കുന്നതിന്റെ ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. കുടുംബങ്ങൾക്ക് ഒത്തുചേരാനും ഉല്ലസിക്കാനും പറ്റിയ നിരവധി ഫാം ഹൗസുകൾ ഒമാനിലുണ്ട്. ഫാം ഹൗസ് ആഘോഷങ്ങൾക്ക് ഒമാനിൽ സ്വീകാര്യത വർധിക്കുന്നുണ്ട്. ഭക്ഷണം പാകം ചെയ്യാനും, കളി വിനോദങ്ങൾക്കും നീന്തലിനുമൊക്കെ സൗകര്യമുള്ളതാണ് ഇത്തരം ഫാം ഹൗസുകൾ. പെരുന്നാൾ അവസാനത്തിലെത്തിയതോടെ ഇത്തരം ഫാം ഹൗസുകൾക്കും ആവശ്യക്കാർ വർധിച്ചിട്ടുണ്ട്.

ബുക്കിങ്ങുകൾ കൂടിയതോടെ ഫാം ഹൗസുകൾ ലഭിക്കാതായിട്ടുണ്ട്. ഏതായാലും രണ്ടുവർഷത്തെ നീണ്ട ഇടവേളക്കുശേഷം എത്തുന്ന ഒമാനിലെ പ്രധാന ആഘോഷം ആയതിനാൽ ഈവർഷം പെരുന്നാൾ ആഘോഷങ്ങൾ പൊടി പൊടിക്കാനാണ് സാധ്യത. പാർക്കുകളിലും ബീച്ചുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഈവർഷം തിരക്ക്​ അനുഭവപ്പെടും.

Tags:    
News Summary - The country and the city are busy with Eid celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.