മസ്കത്ത്: ആറുമാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് കഴിഞ്ഞ റെസിഡൻറ് വിസയിലുള്ള വിദേശികൾക്ക് ഒമാനിലേക്ക് തിരികെ വരാൻ ഏർപ്പെടുത്തിയിരുന്ന സൗകര്യം നിർത്തലാക്കി. ഇതോടൊപ്പം വിദേശതൊഴിലാളി രാജ്യത്തിന് പുറത്തായിരിക്കെ ഒാൺലൈനിൽ വിസ പുതുക്കാനുള്ള സൗകര്യവും എടുത്തുകളഞ്ഞു.
കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഇളവുകൾ നീക്കം ചെയ്യുന്നതിെൻറ ഭാഗമായാണ് നടപടി. വ്യോമഗതാഗതം സാധാരണ നിലയിലായവുകയും വിദേശത്ത് കുടുങ്ങിയവരെല്ലാം തിരികെയെത്തുകയും ചെയ്തതിനാലാണ് ഇളവുകൾ ഒഴിവാക്കിയതെന്ന് റോയൽ ഒമാൻ പൊലീസ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് നൽകിയ സർക്കുലറിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ജനുവരി ഒന്ന് മുതലാണ് വിസാ നിയമത്തിലെ നിബന്ധനകൾ പുനഃസ്ഥാപിച്ചത്.
ഒമാനിലെ വിസാ നിയമമനുസരിച്ച് തൊഴിൽ വിസയിലുള്ളവർ 180 ദിവസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് തങ്ങരുത്. ഇങ്ങനെ വരുന്നപക്ഷം വിസ റദ്ദാകും. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ ജൂലൈ അവസാനം മുതലാണ് ഇൗ നിയമത്തിൽ താൽക്കാലിക ഇളവ് നൽകിയത്.
ഇൗ ഇളവ് പ്രകാരം സ്പോൺസറുടെ സമ്മതപത്രം ഉണ്ടെങ്കിൽ ഇക്കാലയളവ് കഴിഞ്ഞവർക്കും ഒമാനിലേക്ക് തിരികെയെത്താൻ സാധിച്ചിരുന്നു. ഏതെങ്കിലും കാരണവശാൽ 180 ദിവസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് കുടുങ്ങിയ വിദേശ തൊഴിലാളികളെ ഒമാനിലേക്ക് തിരികെ കൊണ്ടുവരണമെങ്കിൽ സ്പോൺസർമാർ അതാത് എമിഗ്രേഷൻ ഒാഫിസുകളിൽ ബന്ധപ്പെടണം. എമിഗ്രേഷൻ അധികൃതർക്ക് സാഹചര്യം ബോധ്യപ്പെടുന്ന പക്ഷം നിലവിലെ വിസ റീ ഇഷ്യൂ ചെയ്ത് നൽകുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.