മസ്കത്ത്: ഒമാൻ-ഖത്തർ സംയുക്ത സമിതിയുടെ 21ാം റൗണ്ട് യോഗം കഴിഞ്ഞദിവസം ദോഹയിൽ സമാപിച്ചു. ഒമാൻ ധനകാര്യ മന്ത്രി സുൽത്താൻ സലീം അൽ ഹബ്സി, ഖത്തർ ധനകാര്യമന്ത്രി അലി അഹമ്മദ് അൽ കവാരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു യോഗത്തിൽ പങ്കെടുത്തത്.
സംയുക്ത താൽപര്യങ്ങൾ നിറവേറ്റാനായി ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണത്തിന്റെ വശങ്ങൾ രണ്ടുദിവസത്തെ യോഗത്തിൽ അവലോകനം ചെയ്തു. സാമ്പത്തിക, ബിസിനസ് സഹകരണങ്ങളെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത നിക്ഷേപവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. സംസ്കാരം, കായികം, യുവജനങ്ങൾ, ഗതാഗതം, പരിസ്ഥിതി, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, വിനോദസഞ്ചാരം തുടങ്ങി വിവിധ മേഖലകളിൽ സഹകരണ കരാറുകളിൽ ഒപ്പുവെക്കാനുള്ള ഏകോപനവും വിശകലനം ചെയ്തു. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന്റെ അനുഭവവും ഈ മഹാമേളയിൽനിന്ന് ഇരുരാജ്യങ്ങളും നേട്ടമുണ്ടാക്കാൻ നടത്തുന്ന ശ്രമങ്ങളെ പറ്റിയും ചർച്ചചെയ്തു. യോഗത്തോടനുബന്ധിച്ച് ധനകാര്യ മന്ത്രി സുൽത്താൻ സലീം അൽ ഹബ്സിയും ഖത്തർ ധനകാര്യ മന്ത്രി അലി അഹ്മദ് അൽ കവാരിയും കൂടിക്കാഴ്ചയും നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.