മസ്കത്ത്: തലസ്ഥാനത്ത് പച്ചപ്പ് വർധിപ്പിച്ച് മനോഹരമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി മസ്കത്തിലെ ഏഴ് വാദികൾ പൂന്തോട്ടങ്ങളാക്കി മാറ്റുന്നു. ഭവന, നഗര വികസന മന്ത്രാലയത്തിെൻറയും മസ്കത്ത് മുനിസിപ്പാലിറ്റിയുടെയും സംയുക്ത പരിപാടിയുടെ ഭാഗമായാണ് നഗരങ്ങൾ മൊഞ്ചണിയുന്നത്.
ഹരിത ഇടങ്ങൾ വികസിപ്പിക്കാനുള്ള അംഗീകൃത പദ്ധതി പ്രകാരം, ഈ സംരംഭം നഗരങ്ങളിലെ കോൺക്രീറ്റ്, സിമന്റ് സമുച്ചയങ്ങളുടെ ആഘാതം കുറക്കുമെന്നാണ് കുരുതുന്നത്. മസ്കത്ത് ഗവർണറേറ്റിലാണ് പദ്ധതി ആദ്യം നടപ്പിൽവരുത്തുകയെന്ന് മന്ത്രാലയത്തിലെ നഗരാസൂത്രണ ഡയറക്ടർ ജനറൽ ഡോ. ഹനാൻ അൽ ജാബ്രി പറഞ്ഞു.
2021ലാണ് ഈ സംരംഭം ആരംഭിച്ചത്. മസ്കത്ത് മുനിസിപ്പാലിറ്റിയിൽനിന്നുള്ള പഠനങ്ങൾ, ശ്രമങ്ങളുടെ സംയോജനം, ഡേറ്റ ശേഖരണം എന്നിവ സംബന്ധിച്ച പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സംയോജിത പഠനം നടത്തി നഗരത്തിലെ നിലവിലെ പൂന്തോട്ടങ്ങളും പാർക്കുകളും പരിശോധിച്ചു.
അവയെ അവികസിതമോ വികസിതമോ ആയ സ്ഥലങ്ങളായി വിഭജിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ പിന്നിലെ ആശയം മസ്കത്ത് പോലുള്ള നഗരങ്ങളെ ഹരിതാഭമാക്കുകയും ആളുകളെ കൂടുതൽ ആകർഷിക്കുകയും ചെയ്യുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വാദി അൽ മനോമ, അൽ ഖൗദിലെ വാദി സമൈൽ, വാദി അൽ അൻസാബ്, വാദി ഉദയ് എന്നിവയും നിരവധി ചെറിയ വാദികളുമാണ് ഹരിതവത്കരണത്തിനായി പദ്ധതിക്കു കീഴിൽ തിരഞ്ഞെടുത്തിരിക്കുന്നത്. പാർക്കുകളായി മാറുന്നതോടെ ദേശീയ നഗരവികസന തന്ത്രത്തിന് കീഴിലുള്ള പാർക്കുകളുടെ നിലവാരം ഈ സ്ഥലങ്ങളിലും പാലിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.