സഹകരണങ്ങൾ വർധിപ്പിച്ച് താൻസനിയൻ പ്രസിഡന്‍റ് മടങ്ങി

താ​ൻ​സ​നി​യ​ൻ പ്ര​സി​ഡ​ന്‍റ്​ സാ​മി​യ സു​ലു​ഹു ഹ​സ​ന്​ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് 

സഹകരണങ്ങൾ വർധിപ്പിച്ച് താൻസനിയൻ പ്രസിഡന്‍റ് മടങ്ങി

മസ്കത്ത്: മൂന്നു ദിവസത്തെ ഒമാൻ സന്ദർശനം പൂർത്തിയാക്കി താൻസനിയൻ പ്രസിഡന്‍റ് സാമിയ സുലുഹു ഹസൻ മടങ്ങി. ഇരുരാജ്യങ്ങൾക്കുമിടയിൽ ഇരട്ട നികുതി ഒഴിവാക്കുന്നതടക്കം വിവിധ മേഖലകളിൽ സഹകരണം വർധിപ്പിച്ചാണ് പ്രസിഡന്‍റ് മടങ്ങിയത്. റോയൽ എയർപോർട്ടിൽ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി എന്നിവർ ചേർന്ന് യാത്രയയപ്പ് നൽകി.

റോയൽ ഓഫിസ് മന്ത്രി സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅമാനി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമ്മൂദ് ബിൻ ഫൈസൽ അൽ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നവേഷൻ മന്ത്രി ഡോ. റഹ്മ ബിൻത് ഇബ്രാഹിം അൽ മഹ്‌റൂഖി, താൻസനിയയിലെ ഒമാൻ അംബാസഡർ സൗദ് ബിൻ ഹിലാൽ അൽ ഷിധാനി, ഒമാനിലെ താൻസനിയൻ അംബാസഡർ അബ്ദുല്ല അബാസി കിലിമ, എംബസി അംഗങ്ങൾ എന്നിവരും സംബന്ധിച്ചു.

സന്ദർശനത്തിന്‍റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ വിനോദസഞ്ചാരം, പ്രകൃതിവിഭവങ്ങൾ, ഉന്നതവിദ്യാഭ്യാസം-പരിശീലനം, ദേശീയ മ്യൂസിയങ്ങൾ തുടങ്ങി ആറ് കരാറുകളിലാണ് ഒപ്പുവെച്ചത്. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, താൻസനിയ ചേംബർ ഓഫ് കൊമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് അഗ്രികൾച്ചർ, സാൻസിബാർ നാഷനൽ ചേംബർ ഓഫ് കൊമേഴ്‌സ് എന്നിവ തമ്മിൽ ത്രികക്ഷി കരാറിലും എത്തിയിട്ടുണ്ട്.

ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും സാൻസിബാർ ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ അതോറിറ്റിയും തമ്മിൽ മറ്റൊരു ധാരണ പത്രത്തിലും ഒപ്പുവെച്ചു. ഇരുരാജ്യങ്ങൾക്കുമായി ഒരു നിക്ഷേപ ഫണ്ട് സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. മൂന്നു ദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിനായെത്തിയ സാമിയ സുലുഹു ഹസന് ഊഷ്മളമായ വരവേൽപ്പാണ് സുൽത്താൻ ഹൈതം ബീൻ താരിക്കിന്‍റെ നേതൃത്വത്തിൽ നൽകിയിരുന്നത്. 

Tags:    
News Summary - The Tanzanian president returned, increasing cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.