മസ്കത്ത്: ഇന്ത്യൻ വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍റെ ഒമാൻ സന്ദർശനത്തിന് തുടക്കം. മസ്കത്ത് ഇന്ത്യയിൽ എംബസിയിൽ എത്തിയ മന്ത്രിക്ക് ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങിന്‍റെ നേതൃത്വത്തിൽ ഉഷ്മളമായ സ്വീകരണമാണ് നൽകിയത്.
വാർത്തകളുടെയും വിവരങ്ങളുടെയും കൈമാറ്റത്തിന് ഇന്ത്യയും ഒമാനും ധാരണയായി. എംബസി അങ്കണത്തിൽ നടന്ന ചടങ്ങിൽ ഒമാൻ ന്യൂസ് ഏജൻസി അധികൃതരുമായി മന്ത്രി കരാർ ഒപ്പുവെച്ചു. ധാരണ പ്രകാരം ഇന്ത്യൻ വാർത്ത ഏജൻസിയായ എ.എൻ.ഐയും ഒമാൻ ന്യൂസ് ഏജൻസിയും ഇരുരാജ്യങ്ങളുടെയും വാർത്തകളും മറ്റ് വിവരങ്ങളും കൈമാറും.
ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ജനങ്ങളെ തമ്മിൽ കൂടുതൽ മനസിലാക്കുന്നതിനും ഈ കരാർ സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും, 'ഇന്ത്യ-ഒമാൻ: ഒരു രാഷ്ട്രീയ യാത്ര' എന്ന വിഷയത്തിൽ ഇന്ത്യൻ ആർട്ടിസ്റ്റ് സേതുനാഥ് പ്രഭാകരന്റെ ചിത്രപ്രദർശനവും എംബസിയുടെ പുതിയ ലൈബ്രറിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ഔദ്യോഗിക സന്ദർശനത്തിന്‍റെ ഭാഗമായി ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽബുസൈദി, മറ്റ് മുതിർന്ന പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധങ്ങളും, പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും പരസ്പര താൽപ്പര്യമുള്ള മറ്റ് കാര്യങ്ങളും ചർച്ച ചെയ്യും. ചൊവ്വാഴ്ച വൈകീട്ട് 4.45ന് എംബസി അങ്കണത്തിൽ പ്രവാസി സമൂഹം സ്വീകരണ പരിപാടിയും ഒരുക്കിയിട്ടുണ്ട് .വി. മുരളീധരന്‍റെ രണ്ടാമത്തെ ഒമാൻ സന്ദർശനമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.