മസ്കത്ത്: മത്രയില്‍ കഴിഞ്ഞദിവസം പെയ്ത കനത്ത മഴയില്‍ സൂഖിലെ ഒട്ടുമിക്ക കടകളിലും വെള്ളം കയറിയെങ്കിലും നാഷനഷ്ടങ്ങള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറവായതില്‍ ആശ്വാസം കൊള്ളുകയാണ് വ്യാപാരികള്‍. മുന്നറിയിപ്പുണ്ടായതിനാല്‍ എല്ലാവരും കാര്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതിനാല്‍ സാധനങ്ങള്‍ മഴയില്‍ കുതിര്ന്നുപോകാതെ സംരക്ഷിക്കാനായി. രാത്രി കടയടച്ചുപോകുമ്പോള്തന്നെ താഴ്ന്ന ഭാഗങ്ങളിലുള്ള സാധനങ്ങള്‍ സ്റ്റോറുകളിലേക്കും ഉയരമുള്ള ഭാഗങ്ങളിലേക്കും മാറ്റിയിരുന്നു. കുറെ സമയം മഴ പെയ്തതിനാല്‍ ശക്തമായ വെള്ളമൊഴുകിയിരുന്നു. കവാടത്തിനടുത്തുള്ള ചില കടകളുടെ അറ്റകുറ്റ പണി നടക്കുന്നത് കാരണം ഷട്ടര്‍ നീക്കിവെച്ചതിനാല്‍ വെള്ളം പരന്നൊഴുകിയതിനാലാണ് വ്യാപകമായി കടകളില്‍ വെള്ളം കയറുന്നതില്‍നിന്നും ഇത്തവണ കച്ചവട സ്ഥാപനങ്ങള്‍ക്ക് ഒരു പരിധിവരെ രക്ഷയായത്.
പോര്ബമ്പ സൂഖിലെ ബഹൂര്‍ വില്‍ക്കുന്ന കടകളില്‍ വെള്ളം കയറി ലുബാനും ബഹൂറുകളുമൊക്കെ ഉപയോഗ ശൂന്യമായി. സൂഖ് ളലാമിലെ കോസ്മറ്റിക് കടകളിലും വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി റഫീഖിന്റെ ബഹൂര്‍ കടയില്‍നിന്നും ബഹൂറുകള്‍ നനഞ്ഞ് നശിച്ചു. കാസർകോട് സ്വദേശി മൂസയുടെ കാര്‍പെറ്റ് കടകളിലും വെള്ളം കയറി. അതേസമയം, മഴയുടെ രൗദ്രതക്കനുസരിച്ചുള്ള നഷ്ടങ്ങള്‍ ഇല്ലാതെ ഇത്തവണത്തെ മഴക്കെടുതിയില്‍നിന്നും രക്ഷപ്പെട്ട ആശ്വാസം പങ്കുവെക്കുകയാണ് വ്യാപാരി സമൂഹം. മഴക്കുശേഷവും പകല്‍ നേരത്ത് സൂഖിലെ രണ്ടാം ദര്‍വാസയിലൂടെ നീരൊഴുക്ക് തുടരുന്നതിനാല്‍ ടൂറിസ്റ്റുകളുമായി കപ്പലുകള്‍ നങ്കൂരമിട്ട ദിവസമായിട്ടും ബുധനാഴ്ച സൂഖുകളിലെ മിക്ക കടകളും തുറന്ന് പ്രവൃത്തിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.