മസ്കത്ത്: ദുബൈയിൽ നടക്കുന്ന യു.എൻ കാലാവസ്ഥ ഉച്ചകോടിയിൽ (കോപ് 28) പങ്കെടുക്കുന്ന ഒമാൻ പ്രതിനിധി സംഘം ഊർജ കമ്പനികളുടെ സി.ഇ.ഒമാരുമായും നിരവധി റീജനൽ ഡയറക്ടർമാരുമായും കൂടിക്കാഴ്ച നടത്തി. ഊർജ, ധാതു മന്ത്രി സലിം ബിൻ നാസർ അൽ ഔഫിയുടെ നേതൃത്വത്തിലായിരുന്നു പ്രതിനിധി സംഘത്തിന്റെ കൂടിക്കാഴ്ച.
ആഗോളതലത്തിലും പ്രാദേശികമായും ഈ കമ്പനികളുടെ പ്രവർത്തനം, നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഉൽപാദന നിരക്ക്, ആഗോള വിപണി സാഹചര്യങ്ങൾ, കാർബൺ ബഹിർഗമനം കുറക്കുന്നതിലെ വെല്ലുവിളികൾ, സാമ്പത്തികമായി അവയെ മറികടക്കാനുള്ള വഴികൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു.
കാലാവസ്ഥ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകൾക്ക് അനുസൃതമായി സുസ്ഥിര വികസനം കൈവരിക്കുന്നതിന് പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായ ആവശ്യകതകൾക്കിടയിൽ സന്തുലിതാവസ്ഥ കൈവരിക്കാൻ ഒമാൻ പ്രവർത്തിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ആഗോള കാര്യ വിഭാഗം മേധാവി ശൈഖ് ഹുമൈദ് ബിൻ അലി അൽമാനി പറഞ്ഞു.
ഹരിതഗൃഹ ഉദ്വമനം കുറക്കുന്നതിനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും അതിന്റെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും പുനരുപയോഗ ഊർജം വർധിപ്പിക്കുന്നതിനുമായി ഒമാൻ നടപ്പാക്കിയ തന്ത്രങ്ങൾ, നയങ്ങൾ, സംരംഭങ്ങൾ എന്നിവ ഉയർത്തിക്കാട്ടാനും മറ്റുമാണ് ഉച്ചകോടി പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.
കോൺഫറൻസിലെ പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്ററാക്ടിവ് പവിലിയനും ഒമാൻ ഒരുക്കിയിട്ടുണ്ട്. ഈ പവിലിയൻ കാർബൺ ബഹിർഗമന മേഖലയിൽ ഒമാന്റെ ഇതുവരെയുള്ള നേട്ടങ്ങളെ അടയാളപ്പെടുത്തുകയും പാരിസ്ഥിതിക സുസ്ഥിരതയിലും പുനരുപയോഗ ഊർജം വർധിപ്പിക്കുകയും ചെയ്യുന്ന മേഖലകളിൽ രാജ്യത്തിന്റെ നിർണായക പങ്കും മറ്റും വിവരിക്കുകയും ചെയ്യുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.