മസ്കത്ത്: ഒമാനിൽ പുറത്തിറങ്ങുന്നവർ മുഖാവരണം ധരിക്കൽ നിർബന്ധമാക്കി. തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. പൊതുസ്ഥലങ്ങൾക്ക് പുറമെ സർക്കാർ-സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങൾ, അനുവദനീയമായ വാണിജ്യ-വ്യവസായ പ്രവർത്തനങ്ങൾ, പൊതു ഗതാഗതം എന്നിവിടങ്ങളിലെല്ലാം മുഖാവരണം ധരിക്കൽ നിർബന്ധമാക്കിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു. ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.
വ്യക്തികളും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും സുപ്രീം കമ്മിറ്റി നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ചുമതല റോയൽ ഒമാൻ പൊലീസിന് നൽകിയിട്ടുണ്ട്. ആർ.ഒ.പി നിരീക്ഷണത്തിൽ കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് പിഴ ചുമത്തും. ആവശ്യമെങ്കിൽ കരുതൽ തടങ്കലിൽ വെക്കാനും അധികാരമുണ്ടാകുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. പെരുന്നാൾ നമസ്കാരം, ഇൗദ് ഹബ്ത, കൂട്ടം ചേർന്നുള്ള ആഘോഷം തുടങ്ങി പെരുന്നാളുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും സുപ്രീം കമ്മിറ്റി നിരോധിക്കുകയും ചെയ്തിട്ടുണ്ട്. മുൻകരുതൽ നടപടികൾ പാലിച്ച് കൂടുതൽ വ്യവസായ, വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പുനരാരംഭിക്കുന്ന മേഖലകളുടെ പട്ടിക ബന്ധപ്പെട്ട അധികൃതർ വൈകാതെ പ്രഖ്യാപിക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.