മസ്കത്ത്: വാട്സ് ആപ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ഒമാനി, ഒമാനി ഇതര വ്യക്തികളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ ഇമോജികളോ സ്റ്റിക്കറുകളോ ആക്കി ഉപയോഗിച്ചാൽ ശിക്ഷാനടിപടികൾക്ക് വിധേയമാകേണ്ടി വരും. ഇങ്ങനെ ഉപയോഗിച്ചാൽ കനത്ത പിഴയോ തടവോ ലഭിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെ സ്റ്റിക്കറുകൾ ഉപയോഗിക്കുന്നതിനാൽ ചിലപ്പോൾ നിങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ട് താൽക്കാലികമായോ ശാശ്വതമായോ അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചേക്കാം.
ആശയ വിനിമയത്തിനായി ഉപയോഗിക്കുന്ന വാട്സ്ആപ്പിലൂടെ ഏത് തരം സ്റ്റിക്കർ സൃഷ്ടിക്കാനും ആപ് വഴി പങ്കിടാനും കഴിയും.
ഒരു നിയന്ത്രണവും മാനദണ്ഡവും പാലിക്കാതെയാണ് ഇത്തരം സ്റ്റിക്കറുകൾ വാട്സ്ആപ് അനുവദിക്കുന്നത്. അടുത്തിടെയായി, സമൂഹ മാധ്യമങ്ങളിൽ ഇത്തരം സ്റ്റിക്കറുകൾ ഉപയോഗിച്ചുള്ള പോസ്റ്റുകൾ വർധിച്ചിട്ടുണ്ടെന്നാണ് നിരീക്ഷിക്കുന്നത്.ഇത്തരം പോസ്റ്റുകളിൽ ഒമാനി, ഒമാനി ഇതര വ്യക്തികളുടെ പരിഹാസ ഭാവങ്ങളുള്ള ചിത്രങ്ങളാണുള്ളത്. വ്യക്തികളുടെ സമ്മതമില്ലാതെ അവരുടെ പടങ്ങൾ ഉപയോഗിച്ചുള്ള സ്റ്റിക്കറുകൾ ഉണ്ടാക്കുന്നത് സ്വകാര്യ ജീവിതത്തിന്റെ വ്യക്തമായ നിയമ ലംഘനമായാണ് നിയമം കണക്കാക്കുന്നത്.
ഇത്തരം ലംഘനങ്ങൾക്ക് ഒരു വർഷത്തിൽ കുറയാത്തതും മൂന്നിൽ കൂടാത്തതുമായ തടവും 1,000 റിയാലിൽ കുറയാത്തതോ 5,000ത്തിൽ കൂടാത്തതോ ആയ പിഴയോ ലഭിച്ചേക്കും. അല്ലെങ്കിൽ ഇവ രണ്ടിൽ ഏതെങ്കിലും ഒന്നും ലഭിച്ചേക്കാം.
ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിന്റെ പവിത്രത ലംഘിക്കുന്നതാണ് സമ്മതമില്ലാതെ അവരുടെ ചിത്രങ്ങളും പോസ്റ്ററുകളും പ്രസിദ്ധീകരിക്കുന്നത്. ഡിസൈനുകളോ ചിത്രങ്ങളോ പലപ്പോഴും അധാർമികമായിരിക്കില്ല, എന്നാൽ അയാളുടെ വ്യക്തിത്വത്തെ ഹനിക്കുന്നതായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.