മസ്കത്ത്: ശൈത്യകാല ടൂറിസത്തിന്റെ ഭാഗമായി റുമേനിയയിൽനിന്നുള്ള സഞ്ചാരികൾ സലാലയിലെത്തി. റുമേനിയ ചാർട്ടർ എയർലൈനായ ഹൈസ്കൈയുടെ വിമാനത്തിൽ കഴിഞ്ഞ ദിവസം 116 വിനോദസഞ്ചാരികളാണ് എത്തിയത്. ഇവർക്ക് ഹൃദ്യമായ സ്വീകരണമാണ് അധികൃതർ നൽകിയത്.
ഗവർണറേറ്റിനെ വർഷം മുഴുവനും വിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നതിനുള്ള പൈതൃക ടൂറിസം മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് സഞ്ചാരികളുടെ രണ്ടാം ബാച്ച് എത്തിയിരിക്കുന്നത്.കഴിഞ്ഞ മാസം സ്ലൊവാക്യയിൽനിന്നുള്ള വിനോദസഞ്ചാരികൾ ഇവിടെ എത്തിയിരുന്നു.
യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് കൂടുതൽ ചാർട്ടർ വിമാനങ്ങളും ക്രൂസ് കപ്പലുകളും ആകർഷിക്കാൻ മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്ന് ടൂറിസം പ്രമോഷൻ ഡയറക്ടർ മർവാൻ ബിൻ അബ്ദുൽ ഹക്കിം അൽ ഗസാനി അറിയിച്ചിട്ടുണ്ട്. ഖരീഫ് സീസണിന് ശേഷവും ദോഫാറിനെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി നിലനിർത്താൻ വിവിധ പരിപാടികളും പ്രവർത്തനങ്ങളുമാണ് പൈതൃക ടൂറിസം മന്ത്രാലയം ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി ദോഫാർ മുനിസിപ്പാലിറ്റിയുടെയും ഒമാൻ സൈക്ലിങ് അസോസിയേഷന്റെയും സഹകരണത്തോടെ സലാല സൈക്ലിങ് ടൂറും അയൺ മാൻ ഇവന്റും കഴിഞ്ഞ മാസങ്ങളിൽ നടന്നിരുന്നു.
ഈമാസം സംഹാര ആർക്കിയോളജിക്കൽ പാർക്കിൽ ഫ്രാങ്കിൻസൺ സീസൺ പരിപാടിയും 2023 ജനുവരിയിൽ എംപ്റ്റി ക്വാർട്ടർ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പും നടക്കും.
കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതിനുള്ള ആദ്യ സീസണായതിനാൽ ടൂറിസം മേഖലയിൽ കൂടുതൽ ഉണർവ് പ്രകടമാണ്. രാജ്യത്ത് ക്രൂസ് സീസണിനും തുടക്കമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.