മസ്കത്ത്: ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ട് മത്സരങ്ങൾക്ക് മുന്നോടിയായി ഒമാൻ ടീം പരിശീലനത്തിനായി സ്പെയിനിലെത്തി. കഴിഞ്ഞ ദിവസമാണ് റെഡ് വാരിയേഴ്സ് സ്പെയിനിലേക്ക് പറന്നത്. ജൂലൈ ഏഴുവരെയാണ് വിദേശ ക്യാമ്പ് നടക്കുക.
വമ്പൻ പോരാട്ടങ്ങൾക്കിറങ്ങുന്നതിന് മുന്നോടിയായി ടീമിന് മികച്ച പരിശീലനം നൽകി ശക്തിപ്പെടുത്താനാണ് കോച്ച് ജറോസ്ലാവ് സിൽഹവി വിദേശ പരിശീലന ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിൽ ഗ്രൂപ് ബിയിൽ ശക്തരായ ദക്ഷിണ കൊറിയ, ഇറാഖ്, ജോർഡൻ എന്നിവരോടൊപ്പമാണ് ഒമാൻ ഇടം നേടിയിരിക്കുന്നത്. കുവൈത്ത്, ഫലസ്തീൻ എന്നിവരാണ് ഗ്രൂപ്പിൽ വരുന്ന മറ്റ് ടീമുകൾ. ഒമാന് നേരിട്ടുള്ള യോഗ്യത നേടുക എന്നത് അൽപം പ്രയാസമുള്ള കാര്യമായിരിക്കും.
കൊറിയ, ഇറാഖ്, ജോർഡൻ എന്നീ ടീമുകൾ ശക്തമായ വെല്ലുവിളിയായിരിക്കും റെഡ് വാരിയേഴ്സിന് ഉയർത്തുക. കൂടാതെ കുവൈത്തും ഫലസ്തീനും തങ്ങളുടേതായ ദിനത്തിൽ ആരെയും അട്ടിമറിക്കാൻ കെൽപ്പുള്ള ടീമുകളുമാണ്. എന്നാൽ, അടുത്തകാലത്തായി പുതിയ കോച്ച് ജറോസ്ലാവ് സിൽഹവിക്ക് കീഴിൽ മികച്ച ഫോമിലാണ് ഒമാൻ പന്ത് തട്ടുന്നത് എന്നുള്ളത് സുൽത്താനേറ്റിന് പ്രതീക്ഷ നൽകുന്ന കാര്യമാണ്. മാത്രവുമല്ല, 2026 ലോകകപ്പിൽ ടീമുകളുടെ എണ്ണം 32ൽനിന്ന് 48 ആയി ഉയരുന്നതും ഒമാന് അനുകൂലമാകുന്ന ഘടകമാകുമെന്നാണ് ആരാധകർ കണക്ക് കൂട്ടുന്നത്.
സെപ്റ്റംബർ മുതൽ 2025 നവംബർ വരെയാണ് മൂന്നാം റൗണ്ട് യോഗ്യത മത്സരങ്ങൾ നടക്കുക. ഒമാന്റെ ആദ്യമത്സരം സെപ്റ്റംബർ അഞ്ചിന് ഇറാഖിനെതിരെയാണ്. പത്തിന് ദക്ഷിണ കൊറിയയെയും നേരിടും. ഒക്ടോബർ പത്തിന് കുവൈത്തുമായും 15ന് ജോർഡനുമായും മാറ്റുരക്കും. നവംബർ 14ന് ഫലസ്തീനെതിരെയും 19ന് ഇറാഖിനെതിരെയുമാണ് മറ്റ് മത്സരങ്ങൾ.
ശേഷിക്കുന്ന മത്സരങ്ങൾ 2025ലാണ് നടക്കുക. മാർച്ച് 20ന് കൊറിയയുമായും 25ന് കുവൈത്തുമായും ഏറ്റുമുട്ടും. ജൂൺ അഞ്ചിന് ജോർഡനുമായും 10ന് ഫലസ്തീനുമായും മാറ്റുരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.