ദോഹ: ഖത്തറിലെ പ്രതിദിന കോവിഡ് കേസുകളുടെ കണക്കുകൾ തിങ്കളാഴ്ച 1000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1177 പേർക്കാണ് രാജ്യത്ത് പുതുതായി കോവിഡ് റിപ്പോർട്ട് ചെയ്തത്. ഒന്നര വർഷത്തിനിടയിലെ ഏറ്റവും കൂടിയ പ്രതിദിന കേസ് കൂടിയാണത്. പുതുതായി റിപ്പോർട്ട് ചെയ്തവരിൽ 826 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 351 പേർ വിദേശങ്ങളിൽനിന്ന് എത്തിയവരാണ്. ഞായറാഴ്ച 998 പേർക്കാണ് രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തത്. നിലവിലെ രോഗികളുടെ എണ്ണം 6842 ആയി. 186 പേരാണ് രോഗമുക്തി നേടിയത്. അതേസമയം, കോവിഡ് മരണങ്ങളില്ലാത്തത് രോഗവ്യാപന വാർത്തകൾക്കിടയിലും ആശ്വാസമാണ്. 618 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കഴിഞ്ഞ ദിവസങ്ങളിൽ കൂടി. 346 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇവരിൽ 74 പേരെ 24 മണിക്കൂറിനുള്ളിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐ.സി.യുകളിൽ 32 പേരും ചികിത്സയിലുണ്ട്. നാലു പേരെയാണ് പുതുതായി പ്രവേശിപ്പിച്ചത്.
രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ പൊതു ഇടങ്ങളിലും മറ്റുമായി കോവിഡ് മുൻകരുതലുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ അധികൃതർ നിർദേശിക്കുന്നു. മാസ്ക് അണിയുക, സാമൂഹിക അകലം പാലിക്കുക, അർഹരായവർ ബൂസ്റ്റർ ഡോസ് സ്വീകരിച്ച് പ്രതിരോധശേഷി ഉറപ്പാക്കുക എന്നിവയാണ് രോഗത്തെ ചെറുക്കാനായി നിർദേശിക്കുന്ന പ്രധാന നിർദേശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.