ദോഹ: അടിമുടി വേവുന്ന ചൂടിനിടയിൽ, പഴുത്ത് തുടുത്ത ഈത്തപ്പഴങ്ങളുമായി ഖത്തറിലെ ഏറ്റവും വലിയ മേള ചൊവ്വാഴ്ച സൂഖ് വാഖിഫിൽ തുടങ്ങുന്നു. ജൂലൈ 23ന് തുടങ്ങി ആഗസ്റ്റ് മൂന്നു വരെയായി 12 ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ ഇത്തവണ 100ലേറെ പ്രാദേശിക തോട്ടങ്ങളിൽനിന്നുള്ള വിളകളാണ് എത്തുന്നത്.
ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിലെ കാർഷിക വിഭാഗവുമായി സഹകരിച്ച് സൂഖ് വാഖിഫാണ് മേഖലയിലെ തന്നെ ശ്രദ്ധേയമായ ഈത്തപ്പഴ മേളക്ക് ആതിഥ്യമൊരുക്കുന്നത്. പ്രാദേശിക ഫാമുകളെയും കർഷകരെയും പിന്തുണക്കുകയും വിഭവങ്ങൾക്ക് അന്താരാഷ്ട്ര വിപണി ലക്ഷ്യമാക്കുകയും ലക്ഷ്യമിട്ട് നടത്തുന്ന മേള ഓരോ വർഷവും പതിനായിരങ്ങളെയാണ് ആകർഷിക്കുന്നത്.
മേളക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സൂഖ് വാഖിഫ് ഡയറക്ർ മുഹമ്മദ് അബ്ദുല്ല അൽ സാലിം പറഞ്ഞു. ശീതീകരിച്ച ടെന്റിനുള്ളിൽ ദിവസവും വൈകുന്നേരം നാല് മുതൽ രാത്രി ഒമ്പതുവരെയാണ് മേള. വെള്ളിയാഴ്ചകളിൽ രാത്രി പത്തുവരെ പ്രവേശനം അനുവദിക്കും.
ഖത്തറിൽ സ്വദേശികളെയും താമസക്കാരെയും സന്ദർശകരെയും ഒരുപോലെ ആകർഷിക്കുന്നതാണ് വർഷങ്ങളായി തുടരുന്ന മേള. പ്രാദേശികമായ പങ്കാളിത്തം സജീവമാവുന്നതിനൊപ്പം വൈവിധ്യമാർന്ന ഈത്തപ്പഴങ്ങളും അനുബന്ധ ഉൽപന്നങ്ങളും ഇത്തവണയുമുണ്ടാകുമെന്ന് സൂഖ് ഡയറക്ടർ അറിയിച്ചു.
പ്രാദേശിക കർഷകർക്കുള്ള പിന്തുണയെന്ന നിലയിലാണ് ഒമ്പതാം വർഷവും മേള നടത്തുന്നതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം കാർഷിക വിഭാഗ ഡയറക്ടർ യൂസുഖ് ഖാലിദ് അൽ ഖുലൈഫി പറഞ്ഞു. അൽ ഖലാസ്, അൽ ഖിനയ്സി, അൽ ഷിഷി, അൽ ബർഹി, സഖായ്, ഹലാവി, മസാഫാത്തി, മദ്ജൂല്‍ തുടങ്ങിയ വ്യത്യസ്ത ഇനങ്ങൾ ഉൾപ്പെടുന്നതാണ് ഇത്തവണത്തെയും മേള. കഴിഞ്ഞ തവണത്തെ ഫെസ്റ്റിവലില്‍ 103 ഫാമുകളാണ് പങ്കെടുത്തത്. 20 ലക്ഷം ഖത്തര്‍ റിയാലിന്റെ വില്പനയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.