ദോഹ: ദേശീയ ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി രാജ്യത്തെ പ്രധാന വാണിജ്യ, സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായ സൂഖ് വാഖിഫിലെയും മറ്റ് സൂഖുകളിലേയും കച്ചവടസ്ഥാപനങ്ങള്‍ സജീവമായി. ഖത്തര്‍ പതാകയുടെ വര്‍ണത്തിലുള്ള വസ്ത്രങ്ങള്‍, വിവിധയിനം വാളുകള്‍, സ്റ്റിക്കറുകള്‍, തൊപ്പികള്‍, പതാകകള്‍ എന്നിവയുടെ വന്‍ ശേഖരമാണ് ഓരോ കച്ചവടസ്ഥാപനങ്ങളിലും ഒരുക്കിയിട്ടുള്ളത്. സ്വദേശികളും വിദേശികളും പ്രത്യേകിച്ച് സ്ത്രീകള്‍ വളരെ ആവേശത്തോടെയാണ് ഇത്തരം ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ സൂഖില്‍ എത്തിക്കൊണ്ടിരിക്കുന്നതെന്ന് വ്യപാരികള്‍ പറയുന്നു. പരമ്പരാഗത അറബ് വസ്ത്രമായ തോബുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാറുളളത്. 80 മുതല്‍ 200 റിയാല്‍ വരെയാണ് ഇതിന്‍െറ വില. കുട്ടികള്‍ക്കുളള മിലിട്ടറി യൂണിഫോമുകള്‍ക്ക് 180 മുതല്‍ 300 റിയാല്‍ വരെ വിലവരും. ഇതേ വില തന്നെയാണ് ദേശീയ പതാകയുടെ നിറത്തില്‍ പെണ്‍കുട്ടികള്‍ക്കായി തയ്ക്കുന്ന വസ്ത്രങ്ങള്‍ക്കും. ദേശീയദിന വസ്ത്രങ്ങള്‍ സമയത്ത് തുന്നി തീര്‍ക്കാനായി സൂഖുകളിലെ കടകള്‍ പാതിരാത്രിയില്‍ വരെ കര്‍മനിരതരാകുകയാണ്.
കടകളില്‍ ഖത്തര്‍ ദേശീയ പതാകക്ക് നിരവധി ആവശ്യക്കാരത്തെുന്നുണ്ട്. അഞ്ച് രൂപയുടെ ചെറിയ പതാക മുതല്‍ 80 റിയാലിന്‍െറ അഞ്ച് മീറ്റര്‍ നീളമുളള പതാകകള്‍ വരെയുണ്ട്. 10 റിയാലിന്‍െറ ഖത്തര്‍ പതാകക്കാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്. ദേശക്കൂറ് പങ്കുവെക്കുന്നതിനായി നിരവധി സ്ഥാപനങ്ങള്‍ തങ്ങളുടെ കെട്ടിടങ്ങള്‍ വര്‍ണാഭമായി അലങ്കരിക്കാറുണ്ട്. ഇതിനായി ഉപയോഗിക്കുന്ന മുന്തിയ ഇനം പതാകകള്‍ക്ക് നൂറുകണക്കിന് റിയാല്‍ വില വരും. ഖത്തര്‍ പതാക ആലേഖനം ചെയ്ത ബലൂണുകള്‍ക്കും ആവശ്യക്കാരേറെയാണ്. ഹൃദയത്തിന്‍െറ ആകൃതിയില്‍ രൂപകല്‍പ്പന ചെയ്ത് ഈ ബലൂണുകള്‍ക്ക് 25 റിയാല്‍ വരെയാണ് വില. സ്ത്രീകളുടെ വളകള്‍ക്ക് അഞ്ച് റിയാല്‍, യുവതികള്‍ക്ക് തലയില്‍ ഇടാവുന്ന സ്കാര്‍ഫിന് 50 റിയാല്‍, റിബണ്‍ 60 റിയാല്‍, ഖത്തര്‍ പതാകയുടെ നിറത്തിലുള്ള ഉറകളോട് കൂടിയ വാളുകള്‍ക്ക് 650 റിയാല്‍, മുതിര്‍ന്നവരുടെ വാള്‍ ബെല്‍റ്റിന് 80 റിയാല്‍, കുട്ടികളുടേതിന് 50 റിയാല്‍ എന്നിങ്ങനെയാണ് നിരക്ക്. തൊപ്പികള്‍, കുടകള്‍, റിസ്റ്റ് ബാന്‍റ്, സ്റ്റിക്കറുകള്‍ ബാഗുകള്‍ തുടങ്ങിയവയും ദേശീയ ദിനാഘോഷങ്ങള്‍ക്ക് പൊലിമയേകാന്‍ വിപണിയിലത്തെിയിട്ടുണ്ട്.
വിവിധ നിറങ്ങളിലുള്ള സ്പ്രേകള്‍ക്ക് 20 റിയാല്‍, രണ്ട് മീറ്റര്‍ നീളമുള്ള ഖത്തര്‍ പതാകക്ക് 100 റിയാല്‍, മൂന്ന് മീറ്റര്‍ നീളമുള്ള പതാകക്ക് 150 റിയാല്‍, ഖത്തര്‍ പതാകയുടെ നിറമുള്ള കൃത്രിമ നഖങ്ങള്‍ക്ക് അഞ്ച് റിയാല്‍, വാച്ചുകള്‍ക്കും പേഴ്സുകള്‍ക്കും 25 റിയാല്‍ എന്നിങ്ങനെയും ഈടാക്കിവരുന്നു. ഉത്സവവേളകളില്‍ അവതരിപ്പിക്കുന്ന ഖത്തറിന്‍െറ പരമ്പരാഗത നൃത്തമായ അല്‍ അര്‍ദക്ക് (വാള്‍ നൃത്തം) ഉപയോഗിക്കുന്ന വാളുകളുടെ വില്‍പനയും സജീവമായിട്ടുണ്ട്. കുട്ടികളും യുവാക്കളുമാണ് ഇത്തരം വാളുകളുടെ പ്രധാന ആവശ്യക്കാര്‍. വിവിധ രൂപത്തിലും വലുപ്പത്തിലും ഗുണനിലവാരത്തിലുമുള്ള വാളുകള്‍ക്ക് 900 റിയാല്‍ മുതലാണ് വില. സ്വര്‍ണത്തില്‍ നിര്‍മിച്ച് വിലകൂടിയ കല്ലുകള്‍ പതിച്ച വാളുകള്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ വിലയുണ്ട്. ഇറക്കുമതിചെയ്യുന്നവയും ഉണ്ടെങ്കിലും ഖത്തറില്‍ തന്നെ നിര്‍മിക്കുന്ന വാളുകള്‍ക്കാണ് കൂടുതല്‍ ഡിമാന്‍റ്. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ഹിലാലി എന്ന ഇനത്തിലുള്ള വാളിനാണ് ഏറെ പ്രിയം. ചൈനീസ് നിര്‍മിത വാളുകളും വിപണിയിലുണ്ട്. ഒരു വാള്‍ നിര്‍മിക്കാന്‍ ഒരാഴ്ച മുതല്‍ രണ്ടാഴ്ചവരെ വേണ്ടിവരും. വലുപ്പം കുറഞ്ഞ സാധാരണ വാളിന് 1200 റിയാലും വലുതിന് 2,000 റിയാല്‍ മുതല്‍ 2600 റിയാല്‍ വരെയും വിലയുണ്ട്.
സൂഖുകള്‍ നിറയെ ഇത്തരം സാധനങ്ങളുടെ വിപണനം പൊടിപൊടിക്കുന്നുണ്ട്്. ദേശീയ ദിനം അടുക്കുന്തോറും വിപണനം വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.