ദോഹ: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി തൃശൂർ ജില്ല സൗഹൃദവേദി സംഘടിപ്പിച്ച മാനവ സൗഹൃദ സംഗമത്തിൽ പ്രമുഖ പ്രഭാഷകൻ വി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നിർവഹിച്ചു. ഇന്ത്യൻ കൾച്ചർ സെന്റർ അശോകാ ഹാളിൽ നടന്ന പരിപാടിയിൽ വേദി പ്രസിഡന്റ് അബ്ദുൽ ഗഫൂർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി -ഇൻ ചാർജ് അബ്ദുൽ റസാഖ് സ്വാഗതം പറഞ്ഞു.
പുതുതലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകരുടെ പങ്ക് വളരെ വലുതാണെന്നും അധ്യാപകർ പാഠപുസ്തകങ്ങൾക്കപ്പുറം മാനവികത കൂടി കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യപ്രഭാഷകനായ വി.കെ. സുരേഷ് ബാബു പറഞ്ഞു. കുട്ടികളെ ചോദ്യങ്ങൾ ചോദിച്ചു സംശയങ്ങൾ ദൂരീകരിച്ചു പഠിക്കാൻ പ്രാപ്തരാക്കേണ്ടതാണ്. സഹജീവികളോടുള്ള മനുഷ്യന്റെ പെരുമാറ്റം മയപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വ്യാഖ്യാനങ്ങളോടെ അദ്ദേഹം വിശദീകരിച്ചു.
ഐ.സി.സി പ്രസിഡൻറ് എ.പി. മണികണ്ഠൻ, സൗഹൃദവേദി മുൻ ജനറൽ സെക്രട്ടറി ഹാഷിം തങ്ങൾ എന്നിവർ ആശംസ നേർന്നു. സെക്രട്ടറി അൽ ഖോർ റാഫി യോഗം നിയന്ത്രിച്ചു. കുഞ്ഞുമൊയ്തു നന്ദി പറഞ്ഞു. ട്രഷറർ റാഫി കണ്ണോത്ത്, ജനറൽ കോഓഡിനേറ്റർ മുഹമ്മദ് മുസ്തഫ, അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ വി.കെ. സലീം, കുടുംബസുരക്ഷാ പദ്ധതി ചെയർമാൻ പ്രമോദ്, കാരുണ്യം പദ്ധതി ചെയർമാൻ ശ്രീനിവാസൻ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.