ദോഹ: സ്വകാര്യമേഖലയിലെ തൊഴിൽ സ്വദേശിവത്കരണ പദ്ധതിയിൽ ഭാഗമാവുന്ന സ്ഥാപനങ്ങൾക്ക് പ്രോത്സാഹന പാക്കേജുകളുമായി ഖത്തർ തൊഴിൽ മന്ത്രാലയം. സ്വദേശികൾക്ക് ജോലികൾ നീക്കിവെക്കുന്ന സ്ഥാപനങ്ങൾക്ക് അധിക വർക്ക് പെർമിറ്റ്, തൊഴിൽ സ്വദേശിവത്കരണത്തിൽ മികവ് പുലർത്തുന്ന സ്ഥാപനങ്ങൾക്ക് അവാർഡുകൾ, ജനറൽ റിട്ടയർമെന്റ് ആൻഡ് സോഷ്യൽ ഇൻഷുറൻസ് അതോറിറ്റിയിലേക്കുള്ള ഫണ്ടിൽ തൊഴിലുടമയുടെ വിഹിതം ഉൾപ്പെടെ ആകർഷകമായ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നതായി ഖത്തർ തൊഴിൽ മന്ത്രി ഡോ. അലി ബിൻ സ്മൈഖ് അൽ മർറി അറിയിച്ചു.
തൊഴിൽ മന്ത്രാലയം സംഘടിപ്പിച്ച ‘സ്വകാര്യമേഖലയിലെ തൊഴിൽ സ്വദേശിവത്കരണം’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്. തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥർ, വിവിധ സ്വകാര്യ കമ്പനികളുടെ സി.ഇ.ഒ, എച്ച്.ആർ ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന ഒന്നാണ് സ്വകാര്യ മേഖലയെന്നും തൊഴിൽ സ്വദേശിവത്കരണ നിയമത്തിലൂടെ ഈ മേഖലയിലേക്ക് ദേശീയ തൊഴിൽ ശക്തിയെ ആകർഷിക്കുകയാണ് സർക്കാറെന്നും തൊഴിൽ മന്ത്രി പറഞ്ഞു.
‘തൊഴിൽ സ്വദേശിവത്കരണത്തിലൂടെ സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുകയല്ല. സ്വകാര്യമേഖലയെ പിന്തുണക്കുകയാണ് ലക്ഷ്യംവെക്കുന്നത്. സ്വദേശിവത്കരണ നിയമം ഘട്ടംഘട്ടമായി നടപ്പാക്കും. കമ്പനികളെ അവരുടെ ജോലിയുടെ സ്വഭാവമനുസരിച്ചും സ്ഥാപനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കണക്കിലെടുത്തും ക്രമേണ പദ്ധതിയിൽ ഏർപ്പെടാൻ അനുവദിക്കും’ -മന്ത്രി പറഞ്ഞു.
സ്വദേശിവത്കരണത്തിന്റെ പരീക്ഷണ ഘട്ടം ജൂണിൽ ആരംഭിച്ചതായി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ഒരു വർഷക്കാലം തുടരുകയാണ് പദ്ധതി. രാജ്യത്തെ തൊഴിൽ സുരക്ഷിതത്വത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന പദ്ധതിയിലേക്ക് കൂടുതൽ സ്വദേശി ഉദ്യോഗാർഥികളെ ആകർഷിക്കാൻ വിവിധ മാർഗങ്ങൾ തൊഴിൽ മന്ത്രാലയം നടപ്പാക്കുന്നുണ്ട്. ഉദ്യോഗാർഥികൾക്ക് പരിശീലന പരിപാടികളും കോഴ്സുകളും നടപ്പാക്കുക, ആകർഷകമായ ശമ്പള സ്കീമുകൾ, ട്രെയിനികൾക്ക് റിവാർഡുകൾ, വിരമിക്കൽ ആനുകൂല്യങ്ങൾ, സോഷ്യൽ അലവൻസ് എന്നിവയും മന്ത്രാലയം ഇൻസന്റീവ് പദ്ധതിയിലൂടെ വാഗ്ദാനം ചെയ്യുന്നു.
ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട തൊഴിൽ വിഭാഗങ്ങളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളെ സൃഷ്ടിക്കുകയും അവർക്ക് മികച്ച പരിശീലനത്തിലൂടെ കാര്യശേഷി വർധിപ്പിക്കുകയും ചെയ്യുകയാണ് പ്രധാനം. ഖത്തരികൾക്കും ഖത്തരി വനിതകളുടെ മക്കൾക്കുമാണ് ജോലിയിൽ മുൻഗണന നൽകുന്നത്.
സ്വകാര്യമേഖലയിലെ തൊഴിൽ സ്വദേശിവത്കരണ പദ്ധതിയുടെ പരീക്ഷണ ഘട്ടത്തിൽ 63 സ്ഥാപനങ്ങൾ സ്വമേധയാ പങ്കുചേർന്നതായി അധികൃതർ പറഞ്ഞു. സ്വദേശിവത്കരണ പദ്ധതിയുടെ ഫലപ്രാപ്തിയെക്കുറിച്ചും ദേശീയ തൊഴിലാളികളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കുന്നത് സംബന്ധിച്ചും കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പ്രാരംഭം ഘട്ടം.
സ്വദേശിവത്കരണ പദ്ധതി ലക്ഷ്യമിടുന്നത് എട്ട് പ്രധാന മേഖലകളെയാണ്. ഉൽപാദന വ്യവസായം, ലോജിസ്റ്റിക്സ്, ടൂറിസം, ഐ.ടി, ധനകാര്യം, വിദ്യാഭ്യാസം, കൃഷി, ആരോഗ്യ സംരക്ഷണം എന്നിവയാണ് ഈ മേഖലകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.