ദോഹ: പ്രഫഷനൽ ലൈസൻസ് ചട്ടങ്ങൾ ലംഘിച്ച ആരോഗ്യകേന്ദ്രത്തിനെതിരെ നടപടി സ്വീകരിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. മന്ത്രാലയം നടത്തിയ പരിശോധനയിലാണ് സ്വകാര്യ ആരോഗ്യകേന്ദ്രത്തിലെ ലേസർ, ഹൈഡ്രോഫേഷ്യൽ യൂനിറ്റുകൾ നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്. ഇതേതുടർന്ന് യൂനിറ്റ് പൂട്ടാൻ അധികൃതർ നിർദേശിച്ചു.
മെഡിക്കൽ കൺസൾട്ടേഷനോ ഡോക്ടറുടെ മേൽനോട്ടമോ ഇല്ലാതെ രോഗിയിൽ ലേസർ ചികിത്സ നടത്തിയെന്നാണ് ഒരു കേസ്. പൊതുജനാരോഗ്യ മന്ത്രാലയത്തിൽനിന്ന് ആവശ്യമായ പ്രഫഷനൽ ലൈസൻസില്ലാത്ത നഴ്സിങ് സ്റ്റാഫ് ചർമ ചികിത്സാ സംബന്ധമായ ഹൈഡ്രോഫേഷ്യൽ നടത്തിയ യൂനിറ്റിനെതിരെയും നടപടി സ്വീകരിച്ചു.
രാജ്യത്തെ ആരോഗ്യസ്ഥാപനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള 1982ലെ നിയമത്തിന്റെ (11) ലംഘനമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഹെൽത്ത് കെയർ സെന്ററിനും നഴ്സിനുമെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയ അധികൃതർ വ്യക്തമാക്കി. ആരോഗ്യസ്ഥാപനങ്ങൾ മതിയായ ലൈസൻസ് ഉൾപ്പെടെ മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കാൻ മന്ത്രാലയം നേതൃത്വത്തിൽ ശക്തമായ പരിശോധനകളാണ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.