എംബസികളില്‍ ദേശീയദിനമാഘോഷിച്ചു

ദോഹ: വിവിധ രാജ്യങ്ങളിലെ ഖത്തര്‍ എംബസികളിലും ഡിപ്ളോമാറ്റിക് മിഷനുകളും ദേശീയ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. വാഷിങ്ടണില്‍ ദേശീയ ദിനത്തോടനുബന്ധിച്ച് അംബാസഡര്‍ മുഹമ്മദ് ജഹാം അല്‍കുവാരി ആഘോഷ ചടങ്ങ് സംഘടിപ്പിച്ചു. ജോണ്‍ മക്കെയ്ന്‍, നാന്‍സി പെലോസി തുടങ്ങിയ നിരവധി പ്രമുഖരും രാഷ്ട്രീയ വിദഗ്ധരും പങ്കെടുത്തു. ഖത്തര്‍-അമേരിക്കന്‍ ബന്ധത്തിന്‍െറ 40ാം വാര്‍ഷിക വര്‍ഷം കൂടിയാണിതെന്ന് ജഹാം അല്‍ കുവാരി ചൂണ്ടിക്കാട്ടി. നിരവധി ഖത്തര്‍ മന്ത്രിമാരും മുതിര്‍ന്ന നയതന്ത്ര പ്രതിനിധികളുമാണ് പോയ വര്‍ഷം അമേരിക്ക സന്ദര്‍ശിച്ചതെന്നും ഇത് ബന്ധം കൂടുതല്‍ ദൃഢമാക്കിയെന്നും അദ്ദേഹം ചടങ്ങില്‍ വ്യക്തമാക്കി. 
തുര്‍ക്കിയിലെ അങ്കാറയില്‍ ഖത്തര്‍ അംബാസഡര്‍  സലീം ബിന്‍ മുബാറക് അല്‍ശാഫി ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തിയ ആഘോഷ ചടങ്ങില്‍ നിരവധി തുര്‍ക്കി മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും നയതന്ത്ര പ്രതിനിധികളും സംബന്ധിച്ചു. തുര്‍ക്കിയിലെ ഖത്തരി സമൂഹവും ചടങ്ങില്‍ സംബന്ധിച്ചു. ഖത്തറും തുര്‍ക്കിയും തമ്മിലുള്ള ബന്ധം നാള്‍ക്കുനാള്‍ വളര്‍ന്നുവരികയാണെന്ന് അംബാസഡര്‍ അല്‍ ശാഫി പറഞ്ഞു. ദുബൈയില്‍ കോണ്‍സുല്‍ ജനറല്‍ അഹ്മദ് ബിന്‍ അലി അല്‍ തമീം സംഘടിപ്പിച്ച ചടങ്ങില്‍ ദുബൈ കോണ്‍സുല്‍ ജനറല്‍മാരും നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്തു. ഫിലിപ്പീന്‍സില്‍ എംബസി ചുമതലയുള്ള അബ്ദുല്ല ബിന്‍ അലി അല്‍ കുബൈസി ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ നിരവധി മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. 
ജക്കാര്‍ത്തയില്‍ അംബാസഡര്‍ മുഹമ്മദ് ബിന്‍ അല്‍ ഖാതിര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ആഘോഷ ചടങ്ങ് സംബന്ധിച്ചു. മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ഖത്തര്‍ അമീറിനും പിതാവിനും ഖത്തര്‍ ജനതക്കും ചടങ്ങില്‍ അല്‍ ഖാതിര്‍ പ്രത്യേക അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. നെതര്‍ലാന്‍റിലെ ഹേഗില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ ഖാലിദ് ഫഹ്ദ് അല്‍ ഖാതിര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചു. അമീറിനും ഖത്തര്‍ ജനതക്കും അഭിനന്ദനമറിയിച്ച അദ്ദേഹം, ഖത്തറിന്‍െറ വിഷന്‍ 2030നെ പരിചയപ്പെടുത്തുകയും ചെയ്തു. ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളില്‍, ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ കൊറിയന്‍ ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പ് ഡെപ്യൂട്ടി മന്ത്രി പാങ് മൂന്‍ ക്യൂവും വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമടക്കമുള്ളവരും ചടങ്ങില്‍ പങ്കെടുത്തു. അറബ്-വിദേശ പ്രതിനിധികളും അന്താരാഷ്ട്ര സംഘടനകളുടെയും ഏജന്‍സികളുടെയും പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു. അസര്‍ബൈജാനിലെ ബകുവില്‍ ഖത്തര്‍ അംബാസഡര്‍ സയര്‍ ബിന്‍ അബ്ദുറഹ്മാന്‍ അല്‍ മാവദ ദേശീയ ദിനത്തോടനുബന്ധിച്ച് വിരുന്ന് സംഘടിപ്പിച്ചു. യുവജന-കായിക വകുപ്പ് മന്ത്രി അസാദ് റഹിമോവ്, സര്‍ക്കാര്‍ പ്രതിനിധികള്‍, അറബ്-വിദേശ രാജ്യങ്ങളിലെ അംബാസഡര്‍മാരും പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു. 
ബാങ്കോക്കില്‍ ഖത്തര്‍ അംബാസഡര്‍ ജാബിര്‍ ബിന്‍ അലി അല്‍ ദൂസരി നടത്തിയ വിരുന്നില്‍ നിരവധി മന്ത്രിമാരും മുതിര്‍ന്ന നയതന്ത്ര പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു. 
യൂനിവേഴ്സിറ്റി അധ്യാപകരും വ്യാപാരി പ്രമുഖരും മാധ്യമ പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു. 
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്കും പിതാവ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിക്കും ഖത്തര്‍ ജനതക്കും അംബാസഡര്‍ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.