ഖത്തറില്‍ പകര്‍ച്ചപനി വ്യാപകമായി 

ദോഹ: ചൂടിന് ശക്തികുറഞ്ഞ് തണുപ്പിന്‍െറ വരവറിയിച്ചതോടെ രാജ്യത്ത് പകര്‍ച്ചപനി വ്യാപകമായി. രോഗപ്രതിരോധശേഷി കുറവുള്ളവര്‍ പനി വരുന്നതിന് മുന്‍കരുതലായി പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന് പ്രീം ആരോഗ്യ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് ഖത്തറിലെ പകര്‍ച്ചപ്പനിയുടെ കാലയളവ്. കൂടുതല്‍ ഖത്തര്‍ നിവാസികള്‍ക്ക് പ്രതിരോധ മരുന്ന് നല്‍കുന്നതിനായി ഈ വര്‍ഷം 70,000 മുതല്‍ 105,000 കുത്തിവെപ്പ് മരുന്നുകളാണ് എസ്.സി.എച്ച് ഒരുക്കിയതെന്ന് സുപ്രീം ആരോഗ്യ കൗണ്‍സില്‍ ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. ഹമദ് ഈദ് അല്‍ റുമൈഹി പറഞ്ഞു. മെയ് മാസം വരെയാണ് രാജ്യത്ത് പനിക്കുള്ള പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ സൗകര്യമുള്ളത്. എ, ബി, സി എന്നീ മൂന്നിനം അണുക്കളിലൂടെ വേഗത്തില്‍ പകരുന്ന പകര്‍ച്ചപ്പനിയാണ് സാധാരണ ഉണ്ടാവാറുള്ളത്. സി ഒഴിച്ച് എ യും ബിയും പ്രത്യേക സീസണില്‍ കണ്ടുവരുന്നതും പ്രതിരോധ കുത്തിവെപ്പിലൂടെ മുന്‍കരുതലെടുക്കാവുന്നതുമാണ്. 
മാരകമായാല്‍ മരണത്തിന് വരെ കാരണമായേക്കാവുന്ന ഇത്തരം പകര്‍ച്ചപ്പനിക്കെതിരെ കുത്തിവെപ്പിലൂടെ പ്രതിരോധ നടപടിയെടുക്കാവുന്നതുമാണ്. പ്രായമായവരില്‍ നിന്ന് വിഭിന്നമായി യുവാക്കള്‍ക്കും യുവതികള്‍ക്കും ഇത് കൂടുതല്‍ ഫലപ്രദമാണ്. കഠിനമായ പനി, ചുമ, തലവേദന, പേശികളിലും സന്ധികളിലുമുണ്ടാകുന്ന വേദന, തൊണ്ടവേദന, ജലദോഷം എന്നിവക്കെല്ലാം ഈ കുത്തിവെപ്പ് ഫലപ്രദമാണ്. ചുമ, മൂക്ക് ചീറ്റല്‍, ഹസ്തദാനം എന്നിവയിലൂടെയല്ലാം പനി പടരുന്നുണ്ട്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ ഇടക്കിടെ വൃത്തിയാക്കുന്നതും ചുമക്കുമ്പോള്‍ മുഖവും മൂക്കും മൂടുന്നതും അണുബാധ മറ്റൊരാളിലേക്ക് പടരുന്നത് ഒഴിവാക്കാനാകും. ആരോഗ്യപ്രവര്‍ത്തകര്‍, 65 വയസ് കവിഞ്ഞവര്‍, പ്രമേഹം, ഹൃദ്രോഗം, കരള്‍ രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ആറ് മാസത്തിനും അഞ്ച് വയസിനും ഇടയിലുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, തുടര്‍ച്ചയായി യാത്ര ചെയ്യുന്നവര്‍, തീര്‍ഥാടനങ്ങള്‍ക്ക് തിരിക്കുന്നവര്‍ എന്നിവരെല്ലാം പ്രതിരോധ കുത്തിവെപ്പെടുക്കുന്നത് നല്ലതാണെന്ന് അല്‍ റുമൈഹി പറഞ്ഞു. പൊതു ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമായി 17ഓളം പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങള്‍ രാജ്യത്തുണ്ട്. എന്നാല്‍, ഇതില്‍ പലതിലും സ്വദേശികള്‍ക്ക് മാത്രമേ സൗകര്യം ലഭ്യമുള്ളൂ. ആരോഗ്യ കാര്‍ഡുള്ള വിദേശികള്‍ക്ക് കുത്തിവെപ്പിനും സന്ദര്‍ശന സമയം തീരുമാനിക്കാനുമായി 107 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്.  
നിരവധി സ്വകാര്യ ആശുപത്രികളിലും കുത്തിവെപ്പിനുള്ള സൗകര്യമുണ്ട്. ദോഹ ക്ളിനിക്ക്, അല്‍ അഹ്ലി ഹോസ്പിറ്റല്‍, ഫ്യൂച്ചര്‍ മെഡിക്കല്‍ സെന്‍റര്‍, ക്വീന്‍ മെഡിക്കല്‍ സെന്‍റര്‍ (വില്ലാജിയോ), ആസ്റ്റര്‍ മെഡിക്കല്‍ സെന്‍റര്‍ എന്നിവിടങ്ങളില്‍ കുത്തിവെപ്പ് ലഭ്യമാണ്. ഇന്‍ഷൂറന്‍സ് മെഡിക്കല്‍ കാര്‍ഡുള്ളവര്‍ക്ക് ഇത് സൗജന്യവും അല്ലാത്തവര്‍ ഏകദേശം 450 ഖത്തര്‍ റിയാലും കുത്തിവെപ്പിന് നല്‍കേണ്ടിവരും. 
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് വര്‍ഷത്തില്‍ അഞ്ച് ദശലക്ഷം പേര്‍ പകര്‍ച്ചപ്പനി  ബാധിച്ച് മരിക്കുന്നുണ്ടെന്നാണ്. പ്രതിരോധ കുത്തിവെപ്പുകള്‍ സുരക്ഷിതമാണെന്നും പാര്‍ശ്വഫലങ്ങളില്ളെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.