ഹജ്ജ്, ഉംറ യാത്രക്കാര്‍ക്ക്  എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും കുത്തിവെപ്പ് 

ദോഹ: ഹജ്ജ്, ഉംറ യാത്രക്കാര്‍ക്കായി എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പ്രതിരോധ കുത്തിവെപ്പിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് സുപ്രീം ആരോഗ്യ കൗണ്‍സില്‍ പകര്‍ച്ചവ്യാധി പ്രതിരോധ വകുപ്പ് ഡയറക്ടര്‍ ഡോ. ഹമദ് ഈദ് അല്‍ റുമൈഹി. ഉംറക്ക് പോകുന്നവര്‍ യാത്രക്ക് മുമ്പ് നിര്‍ബന്ധമായി കുത്തിവെപ്പിന് വിധേയമാകണമെന്നും ലോക പ്രതിരോധ കുത്തിവെപ്പ് വാരത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 
ഉംറക്ക് പോകുന്നവര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തുന്ന എല്ലാ കേന്ദ്രങ്ങളിലും ഹജ്ജിന് പോകുന്നവര്‍ക്കും സൗകര്യപ്പെടുത്തും. റമദാന് ശേഷം ഇത് വിപുലമാക്കുകയും ചെയ്യും. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കുള്ള കുത്തിവെപ്പ്, മെനിഞ്ജൈറ്റിസ് കുത്തിവെപ്പ്, പകര്‍ച്ചപ്പനിക്കെതിരെയുള്ള കുത്തിവെപ്പ് എന്നിങ്ങനെയുള്ള മൂന്ന് തരം കുത്തിവെപ്പുകളാണുള്ളത്. പ്രതിരോധ കുത്തിവെപ്പുകള്‍ രോഗങ്ങള്‍ തടയുന്നതിന് ഏറ്റവും ഗുണകരമായ മാര്‍ഗമാണ്. ഓരോ രാജ്യവും വലിയതോതിലുള്ള സംഖ്യയാണ് പ്രതിരോധ കുത്തിവെപ്പിനായി മാത്രം ചെലവഴിക്കുന്നത്. രോഗിയുടെ ആരോഗ്യം മാത്രം സംരക്ഷിക്കുന്നതിന് പകരം ഒരു ജനതയുടെ ആരോഗ്യനിലയെ വരെ ഇത് സ്വാധീനിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 
ഈ വര്‍ഷത്തെ ഹജ്ജ് രജിസ്ട്രേഷന്‍ ഏപ്രില്‍ 20ന് ആരംഭിച്ചിട്ടുണ്ട്. രജിസ്ട്രേഷന്‍ പ്രക്രിയ മെയ് 10 വരെ  20 ദിവസം നീണ്ടുനില്‍ക്കുമെന്ന് മന്ത്രാലയത്തിന് കീഴിലെ ഹജ്ജ് ഉംറ അതോറിറ്റി അറിയിച്ചു. മന്ത്രാലയത്തിന് കീഴിലെ www.hajj.gov.qa എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. ഹജ്ജിനും ഉംറക്കുമായി ഇതുവരെ 36 ഹംല അപേക്ഷകളാണ് മന്ത്രാലയത്തില്‍ ലഭിച്ചത്. മൂന്ന് കൊല്ലമായി ഖത്തറില്‍ താമസിക്കുന്ന വ്യക്തിയാകണം, അഞ്ച് കൊല്ലത്തിനിടയില്‍ ഹജ്ജ് നിര്‍വഹിച്ചിരിക്കാന്‍ പാടില്ല, 18 വയസ്സിന് മുകളില്‍ പ്രായമുണ്ടായിരിക്കണം തുടങ്ങിയ നിബന്ധനകളാണ് ഹജ്ജ് കമ്മിറ്റി അപേക്ഷകര്‍ക്ക് മുമ്പില്‍ വെക്കുന്ന നിബന്ധനകള്‍.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.