ഇന്ധനവില മെയ് മുതല്‍  അന്താരാഷ്ട്ര വിപണിയനുസരിച്ച്

ദോഹ: രാജ്യത്ത് മെയ് മുതല്‍ എല്ലാമാസവും പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് പ്രാദേശിക വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലും വിലനിലവാരം താരതമ്യം ചെയ്ത് വില പുന:നിര്‍ണയിക്കും. അന്താരാഷ്ട്ര വിപണിയിലെ മാറ്റത്തിനനുസരിച്ച് ഖത്തറിലെ പെട്രോളിന്‍െറയും ഡീസലിന്‍െറയും വിലയിലും മാറ്റമുണ്ടാകും. ആഭ്യന്തരവിപണിയിലെ എണ്ണവില സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍െറ ചെയര്‍മാന്‍ ശൈഖ് മിഷാല്‍ ബിന്‍ ജാബര്‍ ആല്‍ഥാനിയാണ് ഇക്കാര്യം അറിയിച്ചത്. ഊര്‍ജ, വ്യവസായ മന്ത്രാലയം ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഊര്‍ജോപഭോഗം കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാസംതോറും ഇന്ധനവിലയില്‍ മാറ്റമുണ്ടാകത്തക്കവിധത്തില്‍ പുനക്രമീകരിക്കുന്നത്.
പുതിയ തീരുമാനം നടപ്പാകുന്നതോടെ ഫലത്തില്‍ ഇന്ധന സബ്സിഡി സമ്പ്രദായം ഇല്ലാതെയാകും. നേരത്തെ യു.എ.ഇയില്‍ പരീക്ഷിച്ച സമ്പ്രദായമാണിത്. യു.എ.ഇയില്‍ ഇത് നടപ്പാക്കിയപ്പോള്‍ ആദ്യം ഇന്ധനവില കൂടിയിരുന്നെങ്കിലും പിന്നീട് കുറഞ്ഞിരുന്നു. ഖത്തറിലും പുതിയ തീരുമാനം നടപ്പാകുന്നതോടെ ഇന്ധനവിലയില്‍ വലിയ വര്‍ധനവ് പ്രതീക്ഷിക്കുന്നില്ല. എങ്കിലും ഭാവിയില്‍ വില വര്‍ധിച്ചേക്കാം. ആഭ്യന്തര വിപണിയിലെയും അന്താരാഷ്ട്രവിപണിയിലെയും എണ്ണവില തമ്മിലുള്ള വ്യത്യാസം സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ലോകത്തിലെ പല രാജ്യങ്ങളിലും എണ്ണവില അന്താരാഷ്ട്ര വിപണിവിലയുമായി ബന്ധപ്പെടുത്തിയാണ് നിശ്ചയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
എന്നാല്‍, പുതിയ തീരുമാനം നടപ്പാകുന്ന മേയില്‍ പെട്രോള്‍ വിലയില്‍ മാറ്റമുണ്ടാകില്ളെന്നാണ് റിപ്പോര്‍ട്ട്. ഡീസല്‍ വിലയില്‍ ലിറ്ററിന് 10 ദിര്‍ഹത്തിന്‍െറ കുറവുണ്ടായേക്കുമെന്നും ‘ദി പെനിന്‍സുല’ റിപ്പോര്‍ട്ട് ചെയ്തു. ഊര്‍ജ, വ്യവസായ മന്ത്രാലയത്തിന്‍െറ വെബ്സൈറ്റില്‍ മേയിലെ ഇന്ധനവില പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം മേയില്‍ പ്രീമിയം പെട്രോള്‍ ഒരു ലിറ്ററിന് 1.15 റിയാലും സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് 1.30 റിയാലുമാണ് വില. മേയില്‍ ഡീസലിന്‍െറ വില ലിറ്ററിന് 1.40 റിയാലായിരിക്കും. നിലവില്‍ ഡീസലിന് 1.50 റിയാലാണ് വില.
ഇന്ധന ഉപഭോഗം കാര്യക്ഷമമാക്കുകയും ഊര്‍ജ സംരക്ഷണത്തിന്‍െറ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനുമായാണ് ഇത്തരമൊരു നീക്കമെന്ന് ഊര്‍ജ വ്യവസായ മന്ത്രാലയം അറിയിച്ചു. പെട്രോളിയം ഉല്‍പന്നങ്ങളുടെ ആഗോള വിലനിലവാരം വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഇതിനെ പ്രാദേശിക വിപണിയിലെ നിരക്കുമായി തട്ടിച്ചുനോക്കുമ്പോള്‍ ആഗോളനിരക്കും പ്രാദേശിക നിരക്കിലുമുള്ള വലിയ അന്തരം പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളിലെ അംഗങ്ങള്‍ ചേര്‍ന്നതാണ് ഇന്ധനവിലയെക്കുറിച്ച് പഠിക്കാന്‍ നിശ്ചയിച്ച സമിതി. ഇവര്‍ ഓരോ മാസത്തെയും ഡീസലിന്‍െറയും പെട്രോളിയത്തിന്‍െറ വിലനിലവാരം പഠിക്കുകയും അന്താരാഷ്ട്ര വിപണിയിലെ വിലനിലവാരത്തില്‍ വന്ന മാറ്റവുമായി  താരതമ്യം ചെയ്യുകയും പ്രാദേശിക വിപണിയിലെ വിലനിലവാരത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യും. ഉല്‍പാദനചെലവ്, പ്രവര്‍ത്തനചെലവ്, പ്രാദേശികവും മേഖലയിലുമുള്ള വിതരണ ചെലവ് എന്നിവയെല്ലാം പരിഗണിച്ച ശേഷമായിരിക്കും വിപണിയിലെ വില സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക. ഇന്ധനവിലയുടെ പുനര്‍രൂപവല്‍കരണത്തിലൂടെ വില വര്‍ധിപ്പിക്കാനുള്ള നീക്കമല്ല നടത്തുന്നതെന്നും മറിച്ച്  അന്താരാഷ്ട്ര വിപണനമൂല്യം  പ്രാദേശിക വിപണിയിലെ വിലയെക്കാള്‍ ഉയര്‍ന്നതാണോ താഴ്ന്നതാണോ എന്ന് വിലയിരുത്തുക മാത്രമാണ് ചെയ്യുന്നതെന്നും ജാബിര്‍ ആല്‍ഥാനി പറഞ്ഞു. 

പെട്രോളിന് വിലകൂട്ടിയത് ജനുവരിയില്‍

ദോഹ: ഏറ്റവും ഒടുവില്‍ ഈ വര്‍ഷം ജനുവരിയിലാണ് ഖത്തറില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചത്. പ്രീമിയത്തിന് 35 ശതമാനവും സൂപ്പറിന് 30 ശതമാനവുമാണ് കൂട്ടിയത്. പ്രിമിയം ലിറ്ററിന് 85 ദിര്‍ഹമായിരുന്നത് 1.15 റിയാലാക്കി. സൂപ്പറിന് ഒരു റിയാലില്‍ നിന്ന് 1.30 റിയാലുമാക്കി. ഡീസല്‍ നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. ലിറ്ററിന് 1.50 റിയാല്‍. 80 ദിര്‍ഹം വിലയുള്ള മണ്ണെണ്ണക്കും മാറ്റം വരുത്തിയില്ല. ആഭ്യന്തരവിപണിയിലെ വില ആഗോളവിലയുമായി ബന്ധപ്പെടുത്തുന്നതിലൂടെ ഇന്ധനത്തിന്‍െറ ദുരുപയോഗം തടയലാണ് ലക്ഷ്യമിടുന്നതെന്നാണ് വിശദീകരണം. നിലവില്‍ രാജ്യത്ത് വലിയ തുക സബ്സിഡി നല്‍കിയാണ് ഇന്ധനം വില്‍ക്കുന്നത്. അതുകൊണ്ടുതന്നെ കുറഞ്ഞവിലക്ക് ഇന്ധനം ലഭിച്ചിരുന്നു. ആഗോള തലത്തില്‍ ഇന്ധന വിലയിലുണ്ടാകുന്ന മാറ്റം പുതിയ സംവിധാനത്തിലൂടെ ഖത്തറിലും പ്രതിഫലിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.