ഹാന്‍ഡ്ബോള്‍: ഖത്തര്‍-ടുണീഷ്യ മത്സരം സമനിലയില്‍

ദോഹ:  റിയോ ഒളിമ്പിക്സിലെ വാശിയേറിയ ഹാന്‍ഡ്ബോള്‍ പ്രാഥമിക റൗണ്ടില്‍ ഇന്നലെ നടന്ന ഖത്തര്‍-ടുണീഷ്യ മത്സരം സമനിലയിലായി. വിജയ പ്രതീക്ഷ പുലര്‍ത്തിയ ഇരു ടീമുകള്‍ക്കും  25 വീതം ഗോളുകള്‍ സ്കോര്‍ ചെയ്യാനെ കഴിഞ്ഞുള്ളൂ.  ഒളിമ്പിക്സില്‍ ഖത്തര്‍ മെഡല്‍ നേടുമെന്ന് ഉറച്ചുപ്രതീക്ഷിക്കുന്ന ഇനങ്ങളിലൊന്നാണ് പുരുഷവിഭാഗം ഹാന്‍ഡ്ബോള്‍. പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയെ 30-23 എന്ന സ്കോറിന് പരാജയപ്പെടുത്തിയായിരുന്നു ഖത്തറിന്‍െറ തുടക്കം.  എന്നാല്‍ രണ്ടാമത്തെ മല്‍സരത്തില്‍  ഫ്രാന്‍സിനോട് അടിയറവ് പറഞ്ഞു. ഫ്രാന്‍സിനോടുള്ള ദയനീയ പരാജയവും ഇന്നലെ ടുണീഷ്യക്കെതിരായ സമനിലയും ഖത്തര്‍ ക്യാമ്പില്‍ നിരാശ പടര്‍ത്തി.  നിലവില്‍ ഒരു വിജയവും ഒരു സമനിലയുമായി മൂന്നുപോയിന്‍്റോടെ ഗ്രൂപ്പ് എയില്‍ മൂന്നാമതാണ് ഖത്തര്‍. രണ്ടു വീതം വിജയങ്ങളുമായി നാലു പോയിന്‍്റ് വീതം നേടിയ ഫ്രാന്‍സും ഡെന്‍മാര്‍ക്കുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഗ്രൂപ്പിലെ മറ്റു ടീമുകളായ ക്രൊയേഷ്യ രണ്ടു പോയിന്‍്റുമായി നാലാം സ്ഥാനത്താണ്. ഖത്തറിനെതിരായ സമനിലയില്‍ നിന്നും ലഭിച്ച ഒരു പോയിന്‍്റുമായി അഞ്ചാമതാണ് ടുണീഷ്യ. പോയിന്‍്റൊന്നുമില്ലാത്ത അര്‍ജന്‍്റീന ആറാമതുമാണ്. രണ്ടു ഗ്രൂപ്പുകളില്‍ നിന്നുമായി നാലു വീതം ടീമുകള്‍ ക്വാര്‍ട്ടറിലേക്കു പ്രവേശിക്കുമെന്നതിനാല്‍ ഖത്തറിന് നിലവില്‍ ഭീഷണിയില്ല. ഇനി 13ന് ഡെന്‍മാര്‍ക്കിനെതിരെയും 16ന് അര്‍ജന്‍്റീനയ്ക്കെതിരെയുമാണ് ഖത്തറിന്‍്റെ അടുത്ത മത്സരങ്ങള്‍. ഇന്നലെ ടുണീഷ്യക്കെതിരെ മികച്ച ഫോമിലേക്കുയരാന്‍ ഖത്തറിനായില്ല. ഗ്രൂപ്പിലെ താരതമ്യനേ ദുര്‍ബലരായ ടീമായിട്ടുപോലും ടുണീഷ്യക്കെതിരെ ഖത്തര്‍ ശരിക്കും വിയര്‍ത്തു. ആദ്യ പകുതിയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം സ്കോര്‍ ചെയ്തെങ്കിലും മുന്‍തൂക്കം ടുണീഷ്യയ്ക്കായിരുന്നു. ആദ്യ പകുതിയില്‍ ഒരു ഗോളിന്‍്റെ ലീഡ് നേടാനും ടുണീഷ്യയ്ക്ക് കഴിഞ്ഞു. 11-12 എന്നതായിരുന്നു ആദ്യപകുതിയിലെ സ്കോര്‍. രണ്ടാം പകുതിയിലും ഖത്തറിന് കനത്ത വെല്ലുവിളിയാണ് ടുണീഷ്യന്‍ താരങ്ങള്‍ ഉയര്‍ത്തിയത്. അവസാനനിമിഷം വരെ ഇഞ്ചോടിഞ്ച് നിന്ന പോരാട്ടത്തിനൊടുവില്‍ സ്കോര്‍ 25-25 എന്ന നിലയില്‍ മത്സരം അവസാനിക്കുകയായിരുന്നു. റിയോ ഒളിമ്പിക്സില്‍ ഖത്തറിനിന്ന് തിരക്കേറിയ ദിനം. 
ഇന്ന് കായിക ഭൂമികയില്‍ വിവിധ ഇനങ്ങളില്‍ മത്സരിക്കാനിറങ്ങുന്നത് ഖത്തറിന്‍െറ മികച്ച പ്രതിഭകളാണ്. ഷൂട്ടിങ്, അത്ലറ്റിക്സ്, വെയ്റ്റ്ലിഫ്റ്റിങ് ഇനങ്ങളിലാണ് ഇന്നത്തെ ഖത്തറിന്‍്റെ മത്സരങ്ങള്‍. മെഡല്‍പ്രതീക്ഷകളുമായി ഷൂട്ടിങ് റേഞ്ചില്‍ നാസര്‍ അല്‍ അത്തിയ്യും റാഷിദ് ഹമദും  അത്ലറ്റിക്സ് ട്രാക്കില്‍ മുസേബ് അബ്ദുറഹ്മാന്‍ ബല്ലയും അബൂബക്കര്‍ ഹൈദറും, അബ്ദലേല ഹാറുണും വെയ്റ്റ്ലിഫ്റ്റിങില്‍ ഫരേസ് ഇബ്രാഹിമും ഇന്ന് മത്സരിക്കാനിറങ്ങും.ഷൂട്ടിങ് സ്കീറ്റ് യോഗ്യതാറൗണ്ടില്‍ ഇന്നുച്ചയ്ക്കുശേഷം മൂന്നരയ്ക്കാണ് ഖത്തര്‍ താരങ്ങളുടെ മത്സരം. രണ്ടു ഖത്തര്‍ താരങ്ങള്‍ ഉള്‍പ്പടെ 32പേരാണ്  ഒളിമ്പിക്സ് ഷൂട്ടിങ് സെന്‍്ററില്‍ ഇന്നു മത്സരിക്കാനിറങ്ങുന്നത്. തുടര്‍ച്ചയായ ആറാം ഒളിമ്പിക്സില്‍ മത്സരിക്കാനിറങ്ങുന്ന നാസര്‍ അല്‍ അത്തിയ്യകഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കലമെഡല്‍ സ്വന്തമാക്കിയിരുന്നു. ഇത്തവണയും താരം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അത്ലറ്റിക്സില്‍ 800മീറ്റര്‍ ഹീറ്റ്സില്‍ ഖത്തറിന്‍്റെ രണ്ടു താരങ്ങള്‍ മത്സരിക്കാനിറങ്ങുന്നുണ്ട്. ഒളിമ്പിക് സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം 4.58നാണ് 800മീറ്റര്‍ ഹീറ്റ്സ് മത്സരങ്ങള്‍ നടക്കുന്നത്. സെമിഫൈനല്‍ ലക്ഷ്യമിട്ട് ആറാം ഹീറ്റില്‍ അബൂബക്കര്‍ ഹൈദര്‍ അബ്ദുല്ലയും ഏഴാം ഹീറ്റില്‍ മുസേബ് ബല്ലയും  ഖത്തറിനായി മത്സരിക്കും. ഇതു രണ്ടാം തവണയാണ് ബല്ല ഒളിമ്പിക്സില്‍ സാന്നിധ്യമറിയിക്കുന്നത്. ലണ്ടന്‍ ഒളിമ്പിക്സില്‍ ബല്ല മത്സരിച്ചിരുന്നു. 
ബല്ല റിയോയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.