രാജ്യപുരോഗതിക്കായി യുവാക്കള്‍ മുന്നിട്ടിറങ്ങുക  –റമദാന്‍ യുവജന സംഗമം

ദോഹ: പ്രവാസി സമൂഹത്തിന് സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതത്തിന് വഴിയൊരുക്കുന്ന ഖത്തറിന്‍െറ പുരോഗതിയില്‍ പങ്കാളിയാകുന്നതോടൊപ്പം പിറന്ന മണ്ണിന്‍െറ വളര്‍ച്ചയിലും രാജ്യത്തിന്‍െറ അഖണ്ഠതയും മതനിരപേക്ഷയും കാത്തുസൂക്ഷിക്കുന്നതിലും പ്രവാസി യുവാക്കള്‍ നിതാന്ത ശ്രദ്ധ ചെലുത്തണമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷനും ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ടി. ആരിഫലി പറഞ്ഞു. ദോഹ മതാന്തര സംവാദ കേന്ദ്രം (ഡി.ഐ.സി.ഐഡി) അല്‍ അറബി സ്പോര്‍ട്സ് ക്ളബില്‍ സംഘടിപ്പിച്ച റമദാന്‍ യുവജന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
മിഡിലീസ്റ്റിലെ വിവിധ രാജ്യങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ എപ്പോഴും മുന്നിട്ടിറങ്ങുന്നവരാണ് ലോകത്തിലെ ഏറ്റവും സമാധാനമുള്ള രാജ്യമായി തെരഞ്ഞെടുക്കപ്പെട്ട ഖത്തര്‍. ഈ രാജ്യത്തിന്‍െറ ആര്‍ജവമുള്ള നിലപാടുകളും ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും എടുത്തുപറയേണ്ടതാണ്. മനുഷ്യ വിഭവശേഷിയും ഭൂവിസതൃതിയും കുറവാണെങ്കിലും ഇച്ഛാ ശക്തിയും പ്രയത്നവും കൊണ്ട്  ആര്‍ജിച്ചെടുത്ത നേട്ടങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ മത സാംസ്കാരിക സമൂഹങ്ങള്‍ തമ്മിലുള്ള ആശയ സംവാദങ്ങള്‍ക്ക് വേദിയൊരുക്കി സമൂഹങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണകള്‍ അകറ്റി സൗഹൃദത്തിന്‍െറ അന്തരീക്ഷമൊരുക്കുന്ന ഡി.ഐ.സി.ഐഡിയുടെ പ്രവര്‍ത്തനം ശ്ളാഘനീയമാണെന്നും  അദ്ദേഹം പറഞ്ഞു. 
ഇന്ത്യയുടെ നൂറ്റാണ്ടുകളുടെ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ മാറ്റിയെഴുതാനും വിദ്യഭ്യാസ മേഖലയില്‍ സ്വന്തം താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുവാനുമുള്ള ഫാഷിസ്റ്റ് താല്‍പര്യങ്ങളെ പ്രവാസി യുവാക്കള്‍ തിരിച്ചറിയണം. വൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പൊതുവിഷയങ്ങളില്‍ ഐക്യപ്പെട്ടും വിയോജിപ്പുകളില്‍ ആരോഗ്യകരമായ സംവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നും മാത്രമേ വളര്‍ന്നു വരുന്ന അസഹിഷ്ണുതയെയും ഫാഷിസ്റ്റ് ഭീഷണിയെയും ഫലപ്രദമായി നേരിടാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
ഡി.ഐ.സി.ഐ.ഡി ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ. മുഹമ്മദ് അല്‍ ഗാമിദി സംഗമം ഉദ്ഘാടനം ചെയ്തു. പരസ്പര ബഹുമാനത്തിന്‍െറയും സഹകരണത്തിന്‍െറയും സംസ്കാരം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഖത്തറിലെ പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു.ഖത്തറിലെ പ്രവാസി മത സാംസ്കാരിക സമൂഹവുമായുള്ള സഹകരണത്തിന് ഡി.ഐ.സി.ഐഡിയുടെ മുന്‍ ഗണനാക്രമത്തില്‍ പ്രഥമ സ്ഥാനത്താണുള്ളതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്ഫോറം പ്രസിഡന്‍റ് എസ്.എ ഫിറോസ് അധ്യക്ഷത വഹിച്ചു.
പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മാധ്യമ പ്രവര്‍ത്തകന്‍  ഒ.പി ഷാനവാസിനെ ചടങ്ങില്‍ ആദരിച്ചു. ടി. ആരിഫലി ഉപഹാരം നല്‍കി. ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡന്‍റ് വി.ടി. ഫൈസല്‍, ജനറല്‍ സെക്രട്ടറി കെ. അബ്ദുസലാം, യൂത്ത്ഫോറം വൈസ് പ്രസിഡന്‍റ് ഷാനവാസ് ഖാലിദ്, ഡി.ഐ.സി.ഐഡി, അല്‍ അറബി സ്പോര്‍ട്സ് ക്ളബ്ബ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യൂത്ത് ഫോറം വൈസ് പ്രസിഡണ്ട് സലീല്‍ ഇബ്രാഹീം സ്വാഗതവും ജനറല്‍ സെക്രട്ടറി മുഹമ്മദ് ബിലാല്‍ നന്ദിയുംപറഞ്ഞു. രണ്ടായിരത്തിലധികം യുവാക്കള്‍ പങ്കെടുത്ത പരിപാടി ഇഫ്ത്വാര്‍ സംഗമത്തോടെ സമാപിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.