പൊതുസ്ഥലങ്ങളില്‍ പുകവലിച്ചാല്‍ 3000 റിയാല്‍ പിഴ 

ദോഹ: പൊതുസ്ഥലങ്ങളിലെ പുകവലിയും പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗവും  കുറ്റകൃത്യമാക്കിക്കൊണ്ടുള്ള ആന്‍റി ടുബാകോ കരട് നിയമത്തിന് ശൂറാ കൗണ്‍സിലിന്‍െറ അംഗീകാരം. പുകയിലയുടെ ഉപയോഗവും ഇറക്കുമതിയും നിയന്ത്രിക്കുന്ന നിയമത്തില്‍ പുകയില കൊണ്ടുള്ള ഇലക്ട്രോണിക് സിഗരറ്റ്, സീക, ച്യൂയിങ് ഗം, ടുബാകോ എന്നിവ നിരോധിക്കണമെന്നും ശിപാര്‍ശ ചെയ്യുന്നുണ്ട്. പുകയില കൊണ്ടുള്ള എല്ലാ ഉല്‍പന്നങ്ങളും നിയമത്തിന്‍െറ പരിധിയില്‍ വരും. കരട് നിയമത്തില്‍ ശൂറാ കൗണ്‍സില്‍ നിയമനിര്‍മാണ സമിതി ചര്‍ച്ച നടത്തുകയും കൂടുതല്‍ നിര്‍ദേശങ്ങള്‍ക്കും ശിപാര്‍ശകള്‍ക്കുമായി മന്ത്രിസഭ മുമ്പാകെ സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പൊതുസ്ഥലത്ത് പുകയില കൊണ്ടുള്ള എല്ലാ തരം ഉല്‍പന്നങ്ങളുടെ ഉപയോഗവും പുകവലിയും കുറ്റകൃത്യമാണെന്നും പിടിക്കപ്പെട്ടാല്‍ 3,000 റിയാല്‍ വരെപിഴ അടക്കണമെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു. പൊതുസ്ഥലങ്ങളില്‍ പുകവലിക്ക് അനുവാദം നല്‍കുന്നതും കുറ്റകൃത്യത്തിന്‍െറ പരിധിയില്‍ പെടും. 
ഇത്തരക്കാര്‍ക്കും തുല്യമായ ശിക്ഷ നല്‍കാനും നിയമത്തില്‍ അനുശാസിക്കുന്നുണ്ട്. ഉല്‍പന്നങ്ങള്‍ കണ്ടുകെട്ടല്‍, പുകയിലയും ഉപോല്‍പന്നങ്ങളും പിടികൂടി നശിപ്പിക്കല്‍, നിയമലംഘകരെ പിടികൂടല്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കാന്‍ കോടതിക്ക് അധികാരമുണ്ടാകുമെന്നും നിയമത്തില്‍ പറയുന്നു. 
ആന്‍റി ടുബാകോ നിയമം ലംഘിക്കുന്ന കടകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും മൂന്ന് മാസം വരെ കട അടച്ചുപൂട്ടാന്‍ ഉത്തരവിടാനും കോടതിക്ക് അധികാരമുണ്ടാകും. കോടതി ഉത്തരവ് നിയമലംഘകരുടെ സ്വന്തം ചെലവില്‍ രണ്ട് പ്രാദേശിക ദിനപത്രങ്ങളില്‍ പരസ്യം ചെയ്യണമെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു. പുകയില ഉല്‍പന്നങ്ങളില്‍ നിന്ന് ലഭിക്കുന്ന കസ്റ്റംസ് തീരുവയുടെ അഞ്ച് ശതമാനം പുകയിലവിരുദ്ധ ആരോഗ്യ ബോധവല്‍കരണ പരിപാടികള്‍ക്ക് വകയിരുത്തും. എല്ലാ പുകയില ഉല്‍പന്നങ്ങളും ഇറക്കുമതി ചെയ്യണമെങ്കില്‍ ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് ഒരാഴ്ച മുമ്പെങ്കിലും മുന്‍കൂര്‍അനുമതി നേടിയിരിക്കണം. 
ബന്ധപ്പെട്ട അതോറിറ്റിയില്‍ നിന്ന് അനുമതി വാങ്ങാതെയുള്ള ഇറക്കുമതി നിരോധിക്കാനും വ്യവസ്ഥയുണ്ട്. സിഗരറ്റുകളിലെ നിക്കോട്ടിന്‍്റെ അളവ് ആരോഗ്യമന്ത്രാലയം നിര്‍ണയിക്കുമെന്നും സിഗരറ്റ് ഉള്‍പ്പെടെ എല്ലാ പുകയില ഉല്‍പന്നങ്ങളുടെയും പുറത്ത് കാണത്തക്ക രീതിയില്‍ മുന്നറിയിപ്പ് രേഖപ്പെടുത്തണമെന്നും ഉല്‍പന്നത്തിന്‍്റെ കാലാവധി വ്യക്തമാക്കണമെന്നും ഉല്‍പന്നത്തിന്‍്റെ ദോഷവശങ്ങള്‍ രേഖപ്പെടുത്തണമെന്നും നിയമത്തില്‍ പറയുന്നു. 
18 വയസിന് താഴെയുള്ളവര്‍ക്ക് പുകയില ഉല്‍പന്നങ്ങളും സിഗരറ്റും വില്‍ക്കുന്നത് നിരോധിക്കാനും കരട് നിയമത്തില്‍ അനുശാസിക്കുന്നു. കൂടാതെ സിഗരറ്റ്, മറ്റ് പുകയില ഉല്‍പന്നങ്ങള്‍ എന്നിവയുടെ പ്രചാരണാര്‍ഥമുള്ള പരസ്യങ്ങള്‍ക്കും ഇനി വിലക്ക് വരും. സ്കൂളുകള്‍ക്കും മറ്റ് വിദ്യാഭ്യാസ, ട്രൈനിങ് സ്ഥാപനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിക്കാനും കരട് നിയമത്തില്‍ നിര്‍ദേശിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.