ദോഹ: സ്റ്റാർ പ്ലെയർ ഹസൻ അൽ ഹൈദൂസ് മുന്നിൽ നിന്ന് നയിച്ചപ്പോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറിന് രണ്ടാം ജയം. രണ്ടിനെതിരെ മൂന്ന് ഗോളിന് ഏഷ്യൻ കരുത്തരും ഗ്രൂപ്പ് എയിൽ രണ്ടാമതുമുള്ള ദക്ഷിണ കൊറിയയെയാണ് ജോർജ് ഫൊസാറ്റിയുടെ കുട്ടികൾ പൊളിച്ചടുക്കിയത്. ഇതോടെ എട്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയൻറ് നേട്ടത്തോടെ അഞ്ചാം സ്ഥാനത്താണ്. അടുത്ത രണ്ട് മത്സരങ്ങളിലും വൻ മാർജിനിൽ ജയിക്കുകയും മറ്റു ടീമുകളുടെ ഫലം അനുകൂലമാകുകയും ചെയ്താൽ 2018 ലോകകപ്പിൽ ഫൈനൽ റൗണ്ടിലെത്താൻ ഖത്തറിന് അവസരമൊരുങ്ങും. റഷ്യയിലേക്ക് നേരിട്ട് യോഗ്യത നേടാൻ ഒരു ജയത്തിെൻറ അകലത്തിലാണ് ദ. കൊറിയ. എട്ട് മത്സരങ്ങളിൽ നിന്ന് നാല് ജയവുമായി 13 പോയൻറുമായി ഗ്രൂപ്പിൽ രണ്ടാമതാണ് കൊറിയക്കാർ. ഗ്രൂപ്പിൽ ഒന്നാമതുള്ള ഇറാൻ ഉസ്ബെക്കിസ്ഥാനെ തകർത്ത് ഏഷ്യയിൽ നിന്നും ലോകകപ്പിലേക്ക് ആദ്യമായി യോഗ്യത നേടുന്ന ടീമായി മാറി.
ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹൈദൂസ് രണ്ട് ഗോളടിച്ചപ്പോൾ അക്രം അഫീഫാണ് മൂന്നാം ഗോൾ നേടിയത്. ദക്ഷിണ കൊറിയക്കായി ക്യാപ്റ്റൻ കി സുങ്യേങും ഹുവാങ് ഹീചാനും ഗോൾ സ്കോർ ചെയ്തു.
റമദാൻ പ്രമാണിച്ച് രാത്രി പത്തിനാണ് മത്സരം ആരംഭിച്ചത്. കളിയിലെ മുൻതൂക്കവും കൊറിയക്കാർക്കായിരുന്നു. നേരത്തെ സ്വന്തം നാട്ടിൽ രണ്ടിനെതിരെ മൂന്ന് ഗോളിന് ഖത്തറിനെ പരാജയപ്പെടുത്തിയതും ഉലി സ്റ്റിലൈകിനും സംഘത്തിനും ആത്മവിശ്വാസം നൽകാനുള്ള വകയായിരുന്നു.
കളിയുടെ ആദ്യ മിനുട്ടുകളിൽ കൊറിയക്കായിരുന്നു വ്യക്തമായ മേധാവിത്വമെങ്കിലും പിന്നീട് ഖത്തർ ഭാഗത്ത് നിന്നും ഒറ്റപ്പെട്ട മുന്നേറ്റങ്ങളും വന്നു തുടങ്ങി. അതിെൻറ പിന്നാലെയാണ് കളിയുടെ ഗതിമാറ്റിയ ഹൈദൂസിെൻറ ഗോൾ പിറന്നത്. 24ാം മിനുട്ടിൽ തബാട്ടയുടെ പാസ് സ്വീകരിച്ച് സോളോ പെർഫോമൻസിലൂടെ മുന്നേറുകയായിരുന്ന അക്രം അഫീഫിനെ ചോയ് ചുൽസൂൻ വീഴ്ത്തിയതിന് ഫ്രീകിക്ക്. 20 വാരയകലെ നിന്ന് കിക്കെടുത്ത ഹസൻ അൽ ഹൈദൂസിന് ഒട്ടും പിഴച്ചില്ല. ഗോളിന് മുന്നിൽ മതിൽ കെട്ടിയ കൊറിയക്കാർക്കിടയിലൂടെ പന്ത് ഗോളിലേക്ക് പായിക്കുമ്പോൾ ഗോളി സുനാതെയും കാഴ്ചക്കാരനായി. ഗോൾ നേടിയതോടെ മുന്നേറ്റം ശക്തമാക്കി അന്നാബികളും ഒരു ഗോളിന് പിന്നിലായതോടെ ഉണർന്നു കളിച്ച കൊറിയയും നിരന്തരം എതിരാളികളിലേക്ക് ഇരച്ചു കയറിയെങ്കിലും ഗോൾ മാത്രം അകന്നു. ഒന്നാം പകുതിയവസാനിക്കുമ്പോൾ ഖത്തർ ഒരു ഗോളിന് മുന്നിൽ.
രണ്ടാം പകുതിയിൽ ഖത്തർ തുടരെ തുടരെ മുന്നേറ്റങ്ങൾ നടത്തി. 51ാം മിനുട്ടിൽ ആദ്യ ഗോളടിച്ച ഹസൻ അൽ ഹൈദൂസിെൻറ കിടിലൻ പാസിൽ അക്രം അഫീഫ് ഗോളിലേക്ക് നിറയൊഴിച്ചപ്പോൾ ഖത്തർ രണ്ട് ഗോളിന് മുന്നിൽ. എന്നാൽ ഏഴ് മിനുട്ട് കഴിഞ്ഞപ്പോൾ ദ.കൊറിയ തിരിച്ചടിച്ചു. ക്യാപ്റ്റൻ കി സുങ്യേങ് ഖത്തർ വല കുലുക്കിയപ്പോൾ കൊറിയക്കാർക്ക് ആവേശം ഇരച്ചുകയറി. ലീഡ് ഒന്നാക്കി ചുരുക്കിയ അതിഥികൾ, 70ാം മിനുട്ടിൽ വീണ്ടും ഗോളടിച്ചു യോഗ്യതയിലേക്കുള്ള വഴിയിലേക്കുള്ള ദൂരം കുറച്ചു. ഇത്തവണ ഹുവാങിെൻറ ബൂട്ടിൽ നിന്നായിരുന്നു. ഇരുടീമുകളും രണ്ട് ഗോളടിച്ചതോടെ ജയിക്കാനുള്ള അവസരം നഷ്ടപ്പെടുമെന്ന് ഖത്തരികൾക്ക് തോന്നിച്ച നിമിഷമായിരുന്നു വിജയഗോൾ പിറന്നത്. രണ്ട് കൊറിയൻ പ്രതിരോധ ഭടൻമാരെ വെട്ടിച്ച് തബാട്ട സുന്ദരമായി പന്ത് ഹൈദൂസിന് കൈമാറി. ഒട്ടും പിഴക്കാതെ ഹൈദൂസ് പോസ്റ്റിലേക്ക് ചെത്തിയിട്ടപ്പോൾ ഗ്യാലറി ആർത്തട്ടഹസിക്കുകയായിരുന്നു. സമനില ഗോളിനായി കൊറിയ നിരന്തരം ശ്രമിച്ചെങ്കിലും ഖത്തർ പ്രതിരോധത്തിൽ തട്ടി അതെല്ലാം മുനയൊടിയുകയായിരുന്നു. മത്സരം സമാപിച്ചതായി റഫറി പെരേര കൈ ഉയർത്തിയപ്പോൾ അന്നാബികൾ ആനന്ദത്തിലാറാടി.
കൊറിയൻ ഗ്രൗണ്ടിലേറ്റ തോൽവിക്കുള്ള മധുര പ്രതികാരം കൂടിയായിരുന്നു. ഖത്തറിനെതിരെ സൗദി സഖ്യം നടത്തുന്ന ഉപരോധവും നയതന്ത്രപ്രതിസന്ധിയും കാണികളുടെ ആവേശത്തിന് ഒട്ടും ചോർച്ചയുണ്ടാക്കിയില്ല. സിറിയയുമായും ചൈനയുമായുമാണ് ഖത്തറിെൻറ അവസാന രണ്ട് മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.