ദോഹ: അൽ ദആയിൻ പാർക്ക് പദ്ധതിയിലെ പ്രധാന നിർമാണ പ്രവൃത്തികൾ പൂർത്തിയായതായി ബ്യൂട്ടിഫിക്കേഷൻ ഓഫ് റോഡ്സ് ആൻഡ് പബ്ലിക് പ്ലേസ് സൂപ്പർവൈസറി കമ്മിറ്റി അറിയിച്ചു.
25,000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ഹരിത ഉദ്യാനമാണ് ദആയിൻ പാർക്കിെൻറ പ്രധാന സവിശേഷത.
വിശ്രമത്തിനായുള്ള ബെഞ്ചുകളും മറ്റു സൗകര്യങ്ങളും കൂടാതെ 450 മരങ്ങളും പാർക്കിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ദആയിൻ, സിമൈസിമ ഭാഗത്തെ കുടുംബങ്ങൾക്ക് ഒഴിവു സമയം ചെലവഴിക്കുന്നതിനുള്ള ഏറ്റവും മികച്ച കേന്ദ്രം ഒരുക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് പാർക്ക് നിർമിക്കുന്നത്. കുട്ടികൾക്കായുള്ള പ്രത്യേക കളിസ്ഥലങ്ങൾ, സ്പോർട്സ് അറീന, നടത്തത്തിനും ജോഗിങ്ങിനും സൈക്ലിങ്ങിനുമായുള്ള പാതയും പാർക്കിൽ നിർമിച്ചിട്ടുണ്ട്. ഭിന്നശേഷി സൗഹൃദ പാർക്ക് കൂടിയാണ് ദആയിൻ പാർക്ക്.
വനിതകൾക്കായുള്ള പ്രാർഥനയിടം, ശൗചാലയം എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. പ്രധാന വിളക്കുകാലുകൾക്ക് പുറമെ, പാർക്കിലെത്തുന്ന സന്ദർശകരുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനുള്ള പ്രത്യേക ഡിംലൈറ്റുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റി പാർക്കിങ് ലോട്ടുകൾക്കു പുറമെ, പാർക്കിന് മാത്രമായി 50 പാർക്കിങ് ലോട്ടുകളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
ദആയിൻ, സിമൈസിമ മേഖലയിലുള്ളവരുടെ പ്രധാന ലാൻഡ്മാർക്കായി ദആയിൻ പാർക്ക് മാറുമെന്നും കുടുംബങ്ങൾക്കും കുട്ടികൾക്കും സന്ദർശകർക്കും ഒഴിവു സമയം ചെലവഴിക്കുന്നതിനുള്ള മികച്ച കേന്ദ്രമാണിതെന്നും നോർത്ത് സെക്യൂരിറ്റി വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ ഹിലാൽ ബിൻ സഅദ് അൽ മുഹന്നദി പറഞ്ഞു.
ദ ആയിൻ പാർക്കിനായി മുനിസിപ്പാലിറ്റി നേരത്തേ 39,000 ചതുരശ്രമീറ്റർ സ്ഥലം അനുവദിച്ചിരുന്നു. ഖത്തറിലെ വിവിധ ഭാഗങ്ങളിൽ കൂടുതൽ ഹരിത പ്രദേശങ്ങൾ നിർമിക്കുന്നതിെൻറ ഭാഗമായാണ് ദആയിൻ പാർക്ക് നിർമിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി വലിയ പ്രദേശങ്ങൾ സെൻട്രൽ പാർക്കുകൾക്കായി അനുവദിക്കുന്നതോടൊപ്പം ചെറിയ പ്രദേശങ്ങളിൽ ഫുർജാൻ പാർക്കുകളും ഗ്രീൻ പ്ലാസകളും നിർമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.