ദോഹ: ആദ്യമായി ഖത്തർ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രിയെന്ന നേട്ടവുമായി ഇന്ത്യയും ഖത്തറും തമ്മിലെ നയതന്ത്ര സൗഹൃദത്തിൽ നിർണായക സംഭാവനകൾ നൽകിയ രാഷ്ട്ര നായകനെയാണ് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ വിടവാങ്ങലിലൂടെ നഷ്ടമാകുന്നത്. ഇന്ത്യൻ രാഷ്ട്രത്തലവന്മാരുടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനം പരിമിതമായ കാലത്ത് ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഉപജീവനം നൽകുന്ന ജി.സി.സി രാജ്യങ്ങളിലേക്ക് അവരിൽ ഒരാളായി എത്തി നെഞ്ചോട് ചേർത്ത പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിങ് എന്ന് പ്രവാസികൾ ഇന്നും ഓർക്കുന്നു.
2004ൽ അധികാരത്തിലേറിയ ഒന്നാം യു.പി.എ സർക്കാറിന്റെ അവസാന കാലത്തായിരുന്നു ഡോ. മൻമോഹൻ സിങ്ങിന്റെ ആദ്യ ഗൾഫ് സന്ദർശനം. ആദ്യ വർഷങ്ങളിൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളുമായി നിറഞ്ഞ സന്ദർശനങ്ങൾക്കൊടുവിൽ 2008 നവംബർ ആദ്യ വാരത്തിലായിരുന്നു അദ്ദേഹം ഗൾഫിലേക്ക് വിമാനം കയറിയത്. നവംബർ എട്ട് മുതൽ പത്തുവരെ നീണ്ട സന്ദർശനത്തിൽ ആദ്യം ഒമാനും പിന്നെ ഖത്തറും സന്ദർശിച്ചു. രണ്ടു ദിവസം നീണ്ട ഖത്തറിലെ സന്ദർശനം ഇന്ത്യ-ഖത്തർ രാഷ്ട്രീയ-നയതന്ത്ര സൗഹൃദത്തിലും നാഴികക്കല്ലായി മാറി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഖത്തർ സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയെന്ന നേട്ടമായിരുന്നു അദ്ദേഹം കുറിച്ചത്. അന്നത്തെ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുമായും പ്രധാനമന്ത്രി ശൈഖ് ഹമദ് ബിൻ ജാസിം ബിൻ ജാബിർ ആൽഥാനിയുമായും കൂടിക്കാഴ്ചകൾ നടത്തി.
ഇന്ത്യയും ഖത്തറും തമ്മിലെ ശ്രദ്ധേയമായ ചില കരാറുകൾക്കും പ്രധാനമന്ത്രിയുടെ സന്ദർശനം വഴിവെച്ചു. പ്രതിരോധ, നിയമ മേഖലകളിലായിരുന്നു കരാർ. ഇന്ത്യയും ഖത്തറും തമ്മിലെ സംയുക്ത സമുദ്ര സുരക്ഷാ, പരിശീലനം സംബന്ധിച്ചുള്ള കരാർ ഇരു രാജ്യങ്ങൾക്കുമിടയിലെ സൗഹൃദത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെട്ടതായിരുന്നു.
ഖത്തറിലെ ആറര ലക്ഷത്തോളമുള്ള പ്രവാസി ഇന്ത്യക്കാരുടെ സ്നേഹമറിഞ്ഞുള്ള സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് കമ്യൂണിറ്റി സ്വീകരണം നൽകി. പ്രധാനമന്ത്രിയെ അദ്ദേഹം താമസിച്ചിരുന്ന ദോഹയിലെ സെവൻസീസൺ ഹോട്ടലിലെത്തി സന്ദർശിച്ചതിന്റെ ഓർമകൾ അന്നത്തെ ഇൻകാസ് പ്രസിഡന്റായ കെ.കെ ഉസ്മാൻ പങ്കുവെച്ചു. ഇൻകാസ് നേതാക്കളായ സി.കെ. മേനോൻ, ജോപ്പച്ചൻ, വർഗീസ് ചാക്കോ, സോനു അഗസ്റ്റിൻ എന്നിവർക്കൊപ്പമെത്തി പ്രവാസികൾ നേരിടുന്ന വിമാനടിക്കറ്റ് നിരക്ക് സംബന്ധിച്ച പ്രശ്നങ്ങളും അന്ന് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ ഖത്തർ അമീർ ശൈഖ് ഹമദ് ബിൻഖലീഫ ആൽഥാനി രണ്ടു തവണ ഇന്ത്യ സന്ദർശിച്ചും ഇരു രാഷ്ട്രനേതാക്കളും തമ്മിലെ സൗഹൃദം കൂടുതൽ ദൃഢമാക്കി. 2005, 2012 വർഷങ്ങളിൽ അമീറിന്റെ സന്ദർശനത്തിൽ പ്രധാനമന്ത്രി സ്വീകരണത്തിൽ നിർണായക സാന്നിധ്യമായുണ്ടായിരുന്നു.
വിപ്ലവാത്മക മാറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച നായകൻ -കെ.എം.സി.സി
ദോഹ: മുൻ പ്രധാനമന്ത്രിയും, ഇന്ത്യൻ സാമ്പത്തിക രംഗത്തെ വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്ത ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ലോക സമ്പദ്ഘടനയെ സാമ്പത്തിക മാന്ദ്യം പിടിച്ച് കുലുക്കിയ സമയത്ത് ഇന്ത്യയുടെ ധനസ്ഥിതി ഭദ്രമായി പിടിച്ചു നിർത്താനും വളരാനും കാരണക്കാരനായ ഭരണാധികാരിയായിരുന്നു മൻമോഹൻ സിങ്.
ധനകാര്യ വിദഗ്ധൻ, അധ്യാപകൻ, രാഷ്ട്ര സേവകൻ എന്നതിനൊപ്പം തീവ്ര വലത് ഹിന്ദുത്വ ശക്തികളുടെ കുപ്രചാരണങ്ങളെ കർമശേഷി കൊണ്ടും അറിവ് കൊണ്ടും മൂല്യവത്തായ നിലപാട് കൊണ്ടും നേരിട്ട രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു അദ്ദേഹമെന്ന് അനുശോചനക്കുറിപ്പിൽ അനുസ്മരിച്ചു. സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അഭിവൃദ്ധി ഉറപ്പു വരുത്താനുള്ള നടപടികൾക്ക് അദ്ദേഹം നേതൃത്വം നൽകിയെന്നും കെ.എം.സി.സി ഖത്തർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
രാജ്യത്തിന് നികത്താനാവാത്ത നഷ്ടം -പ്രവാസി വെൽഫെയർ
ദോഹ: രാഷ്ട്രീയ രംഗത്തും സാമ്പത്തിക നയതന്ത്ര രംഗത്തും ഏറെ ശോഭിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിങ് എന്ന് പ്രവാസി വെൽഫെയർ അനുശോചനക്കുറിപ്പിൽ പറഞ്ഞു. രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ജനാധിപത്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും മൻമോഹൻ സിങ് പ്രയത്നിച്ചു. രാജ്യം പൊതുവിൽ സംരക്ഷിച്ചു പോരുന്ന ജനാധിപത്യ സംവിധാനങ്ങളും മറ്റു പൊതു സംവിധാനങ്ങളും ശക്തിപ്പെടുത്താൻ അദ്ദേഹം പരമാവധി പരിശ്രമിച്ചു. വിഷയങ്ങളോട് അക്കാദമികമായി സമീപിക്കാനും ജനാധിപത്യപരമായി പൊതുസമൂഹത്തോട് സംവദിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധ പുലർത്തി. രാജ്യത്തിന്റെ പരമോന്നത പദവികൾ അലങ്കരിക്കുമ്പോഴും ഉയർന്ന അക്കാദമിക നിലവാരം നേടിയപ്പോഴും ലളിത ജീവിതം നയിക്കാൻ അദ്ദേഹം കാണിച്ച താൽപര്യം മാതൃകാപരമാണ്. നോട്ട് നിരോധനത്തിനെതിരെ അതിശക്തമായ ഭാഷയിൽ പ്രതികരിച്ച അദ്ദേഹത്തിന്റെ പ്രതികരണം ഏറെ പ്രശംസ പിടിച്ചു പറ്റി. ഡോ. മൻമോഹൻ സിങ്ങിന്റെ വിയോഗം രാജ്യത്തിന് നികത്താനാവാത്ത ദുഃഖം തന്നെയാണ്. വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ പ്രവാസികളെ പരിഗണിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ നയനിലപാടുകൾ ഇന്നും പ്രവാസ ലോകത്തിന്റെ പ്രതീക്ഷയാണ്.
ഒ.ഐ.സി.സി ഇൻകാസ് യൂത്ത് വിങ് അനുശോചിച്ചു
ദോഹ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ ഖത്തർ ഒ.ഐ.സി.സി ഇൻകാസ് യൂത്ത് വിങ് അനുശോചനം രേഖപ്പെടുത്തി. ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ ഇന്നും തലയുയർത്തി നിൽക്കുന്നത് മൻമോഹൻ സിങ്ങിന്റെ ദീർഘവീക്ഷണമാണന്നും പ്രസിഡന്റ് നദീം മനാർ, ജന. സെക്രട്ടറി ജംനാസ് മാലൂർ എന്നിവർ അനുശോചനക്കുറിപ്പിൽ പറഞ്ഞു. ക്രിസ്മസ് പുതുവത്സരപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിക്കാനിരുന്ന ജിംഗിൾ ആൻഡ് മിങ്കിൾ പരിപാടി മാറ്റിവെച്ചതായി പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ലിംസൺ പീച്ചിയും കൺവീനർ മുഹമ്മദ്ഷാ അഞ്ചലും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.