ദോഹ: കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ ലോകകപ്പ് ഫുട്ബാളിന്റെ ആരവങ്ങളിലായിരുന്നു ഖത്തറും കാൽപന്തുലോകവും. അർജന്റീനയുടെയും ബ്രസീലിന്റെയും മാന്ത്രിക ഫുട്ബാളും ദക്ഷിണ കൊറിയയും മൊറോക്കോയും സൗദിയും നടത്തിയ അട്ടിമറിക്കുതിപ്പുമായി ലോകം അതിശയിച്ച നാളുകൾ. ഇപ്പോൾ, ഖത്തറിന്റെയും വൻകരയുടെയും നാളെണ്ണം മറ്റൊരു കാൽപന്തു മേളയിലേക്കാണ്. ലോകകപ്പിന് ആതിഥ്യമൊരുക്കിയ മണ്ണ്, സാക്ഷ്യം വഹിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാൾ മേളയിലേക്ക്. ജനുവരി 12ന് ലുസൈൽ സ്റ്റേഡിയത്തിൽ കിക്കോഫ് കുറിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിലേക്ക് ഇനി 50 ദിവസത്തെ മാത്രം കാത്തിരിപ്പ്.
ഈ വർഷം ജൂണിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് ചൈനയുടെ പിന്മാറ്റത്തെ തുടർന്നാണ് ഖത്തറിലെത്തുന്നത്. ലോകകപ്പ് വേദികളും പരിചയസമ്പത്തുമായി സുസജ്ജമായ ഖത്തർ ഏഷ്യൻ കപ്പിനെ ഇരുകൈയും നീട്ടി സ്വീകരിച്ചപ്പോൾ ഖത്തറിലെയും മേഖലയിലെയും ഫുട്ബാൾപ്രേമികൾക്ക് മറ്റൊരു ഫുട്ബാൾ ഉത്സവകാലം എത്തുകയായി. ജനുവരി 12ന് ഖത്തർ-ലബനാൻ മത്സരത്തോടെ ടൂർണമെന്റിന് കിക്കോഫ് വിസിൽ മുഴങ്ങും.
24 ടീമുകൾ, 51 മത്സരങ്ങൾ, ഒമ്പതു വേദികൾ
ലോകകപ്പിനില്ലാത്തൊരു സവിശേഷത ഏഷ്യൻ കപ്പിനുണ്ട്. ഗാലറിയിലും സംഘാടനത്തിലുമായിരുന്നു ലോകകപ്പിലെ ഇന്ത്യൻ പങ്കാളിത്തമെങ്കിൽ ഏഷ്യൻ കപ്പിൽ സുനിൽ ഛേത്രിയും സംഘവും കളത്തിലും സാന്നിധ്യമാകും. ഗ്രൂപ് ‘ബി’യിൽ ആസ്ട്രേലിയ, ഉസ്ബകിസ്താൻ, സിറിയ എന്നീ ടീമുകൾക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. ജനുവരി 13ന് ആസ്ട്രേലിയ, 18ന് ഉസ്ബകിസ്താൻ, 23ന് സിറിയ എന്നിവർക്കെതിരെയാണ് ഇന്ത്യയുടെ മത്സരങ്ങൾ. ലോകകപ്പിന് വേദിയായ 974 സ്റ്റേഡിയം ഒഴികെ ഏഴിടങ്ങളിലും ഏഷ്യൻ കപ്പിൽ കളി മുറുകും. ഒപ്പം മറ്റു രണ്ടു സ്റ്റേഡിയങ്ങളിലും കളി നടക്കുന്നുണ്ട്.
ടിക്കറ്റ് വില നിസ്സാരം
25 റിയാൽ മുതൽ നിരക്കിൽ കളി കാണാനുള്ള അവസരമാണ് ഖത്തർ ഒരുക്കുന്നത്. 570 രൂപ മുടക്കിയാൽ ഗ്രൂപ് റൗണ്ടിലെ മത്സരം ഗാലറിയിലെത്തി കാണാൻ കഴിയും. 100, 250 റിയാലിനും വിവിധ മാച്ച് ടിക്കറ്റുകൾ ലഭ്യമാണ്. ഖത്തറിലെത്താൻ ഹയാ കാർഡ് ഉണ്ടെങ്കിലും ലോകകപ്പ് മാതൃകയിൽ മാച്ച് ടിക്കറ്റുമായി ബന്ധിപ്പിക്കില്ല. ഇ- ടിക്കറ്റുകളായിരിക്കും ടൂർണമെന്റിന് ലഭ്യമാക്കുകയെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.