ദോഹ: ഖത്തറിൽ ജോലി വാഗ്ദാനം ചെയ്ത് ‘എ വൺ വിസ’ നൽകി തമിഴ്നാട് സ്വദേശികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. തമിഴ്നാട്ടിലെ മധുര, തിരുനെൽവേലി, കന്യാകുമാരി ഭാഗങ്ങളിൽനിന്നുള്ള 18 പേരെയാണ് നാട്ടുകാരനായ തട്ടിപ്പുകാരൻ കെണിയിൽ കുരുക്കി ഖത്തറിലെത്തിച്ച് പെരുവഴിയിലാക്കിയത്. ജൂൺ രണ്ടാം വാരത്തോടെ ഖത്തറിലെത്തിയ സംഘം സന്ദർശക വിസാ കാലാവധി കഴിഞ്ഞതോടെ നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യൻ എംബസിയുടെ സഹായം തേടിയിരിക്കുകയാണ്.
തട്ടിപ്പിനിരയായവരിൽ ആറു പേർ, വിസാ കാലാവധി കഴിയും മുമ്പായി കഴിഞ്ഞ ദിവസങ്ങളിൽ നാട്ടിലേക്ക് മടങ്ങി. വിഷയത്തിൽ ഇടപെട്ട് ഖത്തറിലെ തമിഴ് പ്രവാസി കൂട്ടായ്മയായ തമിഴർ സംഘം വഴി തമിഴ്നാട്ടിലെ എൻ.ആർ.ഐ സെല്ലിലും പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
മികച്ച ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തായിരുന്നു ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ പേരിൽ തൊഴിൽ തട്ടിപ്പിന് കരുക്കൾ നീക്കിയത്. 4000 മുതൽ 7000 റിയാൽ വരെ ശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു റിക്രൂട്ട്മെന്റ് ആരംഭിക്കുന്നത്. എച്ച്.ആർ മാനേജർ, അസി. മാനേജർ, ടൈം കീപ്പർ തുടങ്ങിയ പോസ്റ്റുകളിലായി മോഹിപ്പിക്കുന്ന ശമ്പളങ്ങളും മറ്റ് ആനുകൂല്യങ്ങളുമായിരുന്നു വാഗ്ദാനം ചെയ്തത്.
തട്ടിപ്പിന്റെ കഥ തുടങ്ങുന്നത് തമിഴ്നാട്ടിലെ കന്യാകുമാരി-മധുര മേഖലകളിൽ നിന്നാണ്. വാട്സ്ആപ് വഴിയും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുമായിരുന്നു ഖത്തറിൽ ജോലിയെന്നു പറഞ്ഞ് തട്ടിപ്പിന് തുടക്കം കുറിച്ചത്.
എൻജിനീയറിങ്ങും മറ്റു ബിരുദങ്ങളും നേടിയവരെ ആകർഷിക്കുന്ന ശമ്പള വാഗ്ദാനവും ഏജന്റുമാരുടെ വാക്സാമർഥ്യവുമായതോടെ അഭ്യസ്തവിദ്യരും വീണു. അങ്ങനെ, ഓരോ വിസക്കും മൂന്നര ലക്ഷം വരെ നൽകിയാണ് 18 പേർ ആദ്യസംഘത്തിൽ ഇടം നേടി ഖത്തറിലെത്തുന്നത്. അമ്മയുടെയും സഹോദരിയുടെയും സ്വർണം വിറ്റും പലിശക്ക് വായ്പ വാങ്ങിയും ബന്ധുക്കളിൽനിന്നും മറ്റും കടം വാങ്ങിയുമാണ് പലരും വിസക്ക് ആവശ്യമായ ലക്ഷങ്ങൾ തട്ടിപ്പുകാരന് നൽകിയത്.
ഖത്തറിൽ പുതുതായി ആരംഭിക്കുന്ന എച്ച്.ആർ മാനേജ്മെന്റ് സ്ഥാപനത്തിലെ ഓഫിസ് ഒഴിവുകളിലേക്ക് എന്നു പറഞ്ഞായിരുന്നു റിക്രൂട്ട്മെന്റെന്ന് തട്ടിപ്പിനിരയായ തിരുനെൽവേലി സ്വദേശി നിധീഷ് പറഞ്ഞു.
ഖത്തറിലെത്തുന്നതിനുമുമ്പ് നേപ്പാളിലെത്തി പരിശീലനം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പത്ത് മുതൽ 20 ദിവസം വരെ നേപ്പാളിൽ പരിശീലനം നേടി, ജൂൺ രണ്ടാം വാരത്തോടെ ഖത്തറിലെത്തി.‘എ വൺ’ സന്ദർശക വിസയിൽ ഖത്തറിലെത്തിച്ച ഇവർക്ക്, അധികം വൈകാതെ തൊഴിൽ വിസയിലേക്ക് മാറാമെന്നായിരുന്നു ഉറപ്പ്. ദോഹയിലെത്തുമ്പോൾ ഇവർക്ക് താമസവും നേരത്തെ തന്നെ ഒരുക്കിയിരുന്നു.
ഖത്തർ മ്യൂസിയത്തിനരികിലെ ഹോട്ടലിൽ താമസം ഒരുക്കി. ഇതിനു പിന്നാലെയാണ് പ്രബേഷൻ എന്ന പേരിൽ തട്ടിപ്പിന്റെ രണ്ടാം ഭാഗം ആരംഭിക്കുന്നത്. ഹോട്ടലിൽ ഇരുന്നുകൊണ്ട് നാട്ടിൽ പുതിയ റിക്രൂട്ട്മെന്റ് നടത്തുകയായിരുന്നു ഇവരുടെ ടാസ്ക്.
ഓരോരുത്തരും 25 മുതൽ 40 പേരെവരെ റിക്രൂട്ട്മെന്റ് നടത്തിയാൽ പ്രബേഷൻ കാലയളവ് പൂർത്തിയാവുകയും, തൊഴിൽ വിസ നൽകുകയും ചെയ്യുമെന്നായി വാഗ്ദാനം. നാട്ടിലുള്ള ഉദ്യോഗാർഥികളിൽ നിന്നും ബയോഡേറ്റ സ്വീകരിക്കലും ഓൺലൈൻ അഭിമുഖവുമായി ‘ടാർഗറ്റ്’ പൂർത്തിയാക്കാനുള്ള ശ്രമമായി.
തങ്ങൾ വീണ്ടും തട്ടിപ്പിന് ഇരയാവുകയാണെന്ന് മനസ്സിലാക്കാതെയായിരുന്നു ഉദ്യോഗാർഥികൾക്ക് ഇവർ ജോലി വാഗ്ദാനം ചെയ്തത്. ഖത്തറിൽ ജോലി ചെയ്യാൻ തെരഞ്ഞെടുക്കപ്പെട്ടവരിൽ നിന്ന് ആദ്യ ഗഡുവായി 25,000 രൂപ വീതം നൽകാനായി നിർദേശം. ഈ തുകയും തട്ടിപ്പിനു നേതൃത്വം നൽകിയ സംഘത്തിന്റെ അക്കൗണ്ടിലേക്കാണ് കൈമാറിയത്.
നേപ്പാളിലുള്ള പരിശീലനത്തിനും യാത്രാ ചെലവിനുമാണെന്ന് പറഞ്ഞായിരുന്നു വൻതുക ഇങ്ങനെയും തട്ടിയത്. ഇവർ നേപ്പാളിൽ എത്തിയതിനു പിന്നാലെയാണ് തട്ടിപ്പ് കഥ പുറത്താവുന്നത്. പരിശീലനമെന്നുപറഞ്ഞ് ഹോട്ടലിൽ അടച്ചതോടെ ഇവർ നാട്ടിൽ ബന്ധപ്പെടുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
തുടർന്നാണ് ജോലി വാഗ്ദാനത്തിലെ പന്തികേട് മനസ്സിലാവുന്നത്. ഇതോടെ, ഖത്തറിലെത്തിയവരും തങ്ങൾ തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കി. വിസ വാഗ്ദാനം ചെയ്ത സുമൻ പാൽതുറെയെ ബന്ധപ്പെട്ടുവെങ്കിലും ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലായിരുന്നുവെന്ന് ഖത്തറിൽ കുരുങ്ങിയവർ പറയുന്നു. നേപ്പാളിൽ നിന്നുള്ള സംഘം നാട്ടിലെത്തിയ ശേഷം പണം ആവശ്യപ്പെട്ട് തങ്ങളെ റിക്രൂട്ട് ചെയ്തവരുടെ വീട്ടിലെത്തിയതോടെ നാട്ടിലും പ്രശ്നമായി മാറിയതായി ഇരയായ നിധീഷ് പറയുന്നു.
ഭക്ഷണത്തിനും ചെലവിനും കാശില്ലാതെ പ്രയാസപ്പെട്ട സംഘത്തിന് ഖത്തർ തമിഴർ സംഘമാണ് തുണയായത്. പ്രസിഡന്റ് മണി ഭാരതിയുടെ നേതൃത്വത്തിലാണ് ഇവർക്ക് ദിവസവും ഭക്ഷണമെത്തിക്കുന്നത്. എംബസിയുമായി ബന്ധപ്പെട്ട് പിഴ ഒഴിവാക്കി നാട്ടിലേക്കുള്ള യാത്രക്ക് കാത്തിരിക്കുകയാണ് ഇവർ.
നാട്ടിലെത്തിയ ശേഷം, തട്ടിപ്പു നടത്തിയ സംഘത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നിധീഷ്, മുരുഗേഷ് സമ്പത്ത്, തൗഫീഖ് എന്നിവർ ഉൾപ്പെടെയുള്ളവർ പറഞ്ഞു.
സാമ്പത്തികമായി ഏറെ പ്രായസങ്ങൾ നേരിടുന്ന കുടുംബങ്ങളിൽ നിന്നുള്ള യുവാക്കളാണ് തട്ടിപ്പിനിരയായത്. തങ്ങൾക്ക് ലഭിച്ചത് സന്ദർശക വിസയാണെന്ന് തിരിച്ചറിഞ്ഞില്ലെന്നും മികച്ച ശമ്പളവും ജോലിയും ഉറപ്പുനൽകിയ ഏജന്റിന്റെ നല്ല വാക്കുകളിൽ ഒരു നിമിഷം വീണുപോവുകയായിരുന്നുവെന്നും തട്ടിപ്പിനിരയായവർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വിസയുടെ സാധുത പരിശോധിക്കാനോ, ജോലി വാഗ്ദാനം സത്യമാണെന്ന് തിരിച്ചറിയാനോ പറ്റിയില്ലെന്നും നിസ്സഹായതയോടെ ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.