ദോഹ: ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കര് ഖത്തര്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് ആൽഥാനിയുമായി ചര്‍ച്ച നടത്തി.
ദോഹയിലായിരുന്നു കൂടിക്കാഴ്ച. ഐക്യരാഷ്ട്രസഭ സുരക്ഷ കൗണ്‍സിൽ യോഗത്തില്‍ പങ്കെടുത്ത്, ഇന്ത്യയിലേക്കുള്ള മടക്കയാത്രക്കിടെ ദോഹയിലിറങ്ങിയപ്പോഴാണ് ഡോ. എസ്. ജയ്ശങ്കർ ഖത്തർ വിദേശകാര്യ മന്ത്രിയെ സന്ദർശിച്ചത്. അഫ്ഗാനിസ്താനിലെ കലുഷിത രാഷ്ട്രീയ പശ്ചാത്തലത്തിൽ കൂടിയായിരുന്നു അപ്രതീക്ഷിത കൂടിക്കാഴ്ച നടന്നത്.
അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ത്യയുടെ കാഴ്ചപ്പാടുകള്‍ ഫലപ്രദമായി പങ്കുവെച്ചതായി ഡോ. ജയ്ശങ്കര് ട്വിറ്ററിൽ കുറിച്ചു.
ഇരുരാജ്യങ്ങൾക്കുമിടയിലെ ചരിത്രപരമായ ഉഭയകക്ഷി ബന്ധവും സൗഹൃദവും പുതുക്കുന്നതായിരുന്നു വിദേശകാര്യ മന്ത്രിമാരുടെ കൂടിച്ചേരൽ.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയെ ഒരിക്കല്‍ക്കൂടി സ്വാഗതം ചെയ്യാനായതില്‍ ആഹ്ലാദമുണ്ടെന്ന് ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുൽ റഹ്മാൻ ആൽഥാനി ട്വീറ്റ് ചെയ്തു. ഖത്തറിനും ഇന്ത്യക്കുമിടയിലെ ചരിത്രപരമായ ബന്ധം വികസിപ്പിക്കുന്ന മാര്‍ഗങ്ങളും അഫ്ഗാനിസ്താനിലെ പുതിയ സംഭവവികാസങ്ങളും ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. അഫ്ഗാനില്‍ സാധാരണ ജനങ്ങളെ സംരക്ഷിക്കേണ്ടതിൻെറയും ദേശീയ അനുരഞ്ജനത്തിലേക്കുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കേണ്ടതിൻെറയും പ്രാധാന്യം ഖത്തര്‍ വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.
അഫ്ഗാന്‍ ജനത കൈവരിച്ച നേട്ടങ്ങള്‍ക്കനുസൃതമായി സമാധാനപരമായ അധികാരമാറ്റം ഉറപ്പാക്കുന്ന സമഗ്ര രാഷ്ട്രീയ പരിഹാരത്തിന് പ്രവര്‍ത്തിക്കേണ്ടതിൻെറ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.