ദോഹ: അറേബ്യൻ ഫുട്ബാളിെൻറ രാജ കിരീടത്തിൽ അൽജീരിയയുടെ പട്ടാഭിഷേകം. അത്യന്തം ആവേശകരമായ കലാശപ്പോരാട്ടത്തിനൊടുവിൽ അയൽക്കാരായ തുനീഷ്യയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി അറേബ്യൻ ഫുട്ബാളിലെ കനകകിരീടം റിയാസ് മെഹ്റസിെൻറയും ഇസ്ലാം സ്ലിമാനിയുടെയും അൽജീരയിലേക്ക്. ലോകകപ്പിനായി ഖത്തർ പണിതുയർത്തിയ സ്വപ്നകൂടാരം അൽ ബെയ്ത് സ്റ്റേഡിയത്തിൻെറ മുറ്റത്ത് വീറുറ്റ അങ്കത്തിനൊടുവിലായിരുന്നു 'മരുഭൂമിയിലെ പോരാളികളുടെ' വിജയം. ഫുൾടൈമിൽ ഇരുടീമുകളും ഗോൾ രഹിതമായി പിരിഞ്ഞതോടെ വിധി നിർണയം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. ശേഷമായിരുന്നു രണ്ട് ഗോളുകളുടെയും പിറവി. 99ാം മിനിറ്റിൽ അമിർ സായുദുവിെൻറ ബൂട്ടിലൂടെയായിരുന്നു കിരീടം നിർണയിച്ച ഗോൾ പിറന്നത്. മറുപടിക്കായി പല്ലും നഖവും ഉപയോഗിച്ച് തിരിച്ചടിച്ച തുനീഷ്യക്ക്, പക്ഷേ, ഭാഗ്യവും എതിരാളികളുടെ കോട്ടകെട്ടിയ പ്രതിരോധവും തിരിച്ചടിയായി. ഇഞ്ചുറി ടൈമിലേക്ക് നീണ്ട മത്സരത്തിെൻറ അവസാന മിനിറ്റിൽ എങ്ങനെയും തിരിച്ചടിക്കാനുള്ള തുനീഷ്യൻ ശ്രമത്തിനിടെയാണ് അൽജീരിയയുടെ ലീഡുറപ്പിച്ച രണ്ടാം ഗോൾ പിറക്കുന്നതും. എതിർ ടീം ഗോൾ കീപ്പർ കൂടി മറുബോക്സിലായപ്പോൾ, വീണുകിട്ടിയ പന്തുമായി കുതിച്ച യാസിൻ ബ്രാഹിം തിടുക്കമൊന്നുമില്ലാതെ പന്ത് വലയിലാക്കി വിജയം ഭദ്രമാക്കി.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ചാമ്പ്യൻമാർക്ക് കിരീടം സമ്മാനിച്ചു. ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ, ക്യൂ.എഫ്.എ പ്രസിഡൻറ് ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻഅഹമ്മദ് ആൽഥാനി എന്നിവർ ട്രോഫിയും മെഡലും സമ്മാനിച്ചു.
'ഗോൾ'ഡൻ മൊമൻറ്
ഗോളുകൾ പിറക്കാതെ കിടിലൻ ആക്രമണംകൊണ്ട് മാറിമറിഞ്ഞ കളിയിൽ വിധി നിർണയിച്ചത് അധികസമയത്ത് പിറന്ന ഗോളായിരുന്നു. 99ാം മിനിറ്റിൽ, സ്റ്റാർ സ്ട്രൈക്കർ ബഗ്ദാദ് ബൗനെജയുടെ ബൂട്ടിലൂടെയെത്തിയ ക്രോസിൽനിന്ന് അമിർ സായുദു തൊടുത്ത ലോങ് ഷോട്ട് പിഴക്കാതെതന്നെ എതിർ വലകുലുക്കി. തുനീഷ്യൻ ഗോൾ കീപ്പർ മൗസ് ഹസെൻറ ഡൈവിനും മുകളിലൂടെ പന്ത് വലയുടെ മേൽക്കൂര കുലുക്കി വിശ്രമിച്ചു. ടച്ച്ലൈനിനോട് ചേർന്ന് ഹുസൈനി ബെൻയാദ നീട്ടി നൽകിയ ക്രോസായിരുന്നു മികച്ചൊരു ഹീൽ ടച്ചിലൂടെ ബൗനെജ ഗോളിന് പാകമായി മറിച്ചു നൽകിയത്. മാർക്ക് ചെയ്യാതെ കിടന്ന അമിറിെൻറ കനപ്പെട്ട ഷോട്ട് അനായാസം വലകുലുക്കി.
ഒപ്പത്തിനൊപ്പം;
അതിശയ ഫൈനൽ
പ്രതിരോധത്തിലും ആക്രമണത്തിലും മൂർച്ചയേറിയ രണ്ട് ടീമുകൾ മാറ്റുരക്കുേമ്പാൾ ഇരു വിങ്ങുകളിലേക്കും ഇടതടവില്ലാതെ കയറിയിറങ്ങാനായിരുന്നു പന്തിെൻറ വിധി.
ബോക്സ് ടു ബോക്സ് ഓടുന്ന മധ്യനിരയും മുന്നേറ്റവും, രക്തംചിന്തിയും പ്രതിരോധത്തിൽ കോട്ടയൊരുക്കുന്ന ഡിഫൻഡർമാർ.
ഏതു നിമിഷവും ഏത് പോസ്റ്റിലും പന്ത് പതിച്ചേക്കുമെന്നായിരുന്നു കളിയുെട ചിത്രം. മാച്ച് ഹീറ്റിനിടയിൽ കൈയാങ്കളിയിലാവുന്ന താരങ്ങൾ, അടുത്ത നിമിഷം കൈകോർത്ത് പരസ്പരം അഭിനന്ദിച്ച് ശൗര്യം കുറക്കുന്നു. ഒടുവിൽ 90ാം മിനിറ്റിൽ തുനീഷ്യൻ ബോക്സിനുള്ളിൽ നിന്നും, ഗയ്ലെൻ ചലൈയ്ലി ബൈസിക്കിൾ കിക്ക് സേവിലൂടെ അടിച്ചകറ്റിയ പന്തുമായി മധ്യവരയും കടന്ന് കുതിച്ച മുഹമ്മദലി റൊംദാനെയും, ശരവേഗത്തിൽ കുതിച്ചുപാഞ്ഞ സൈഫുദ്ദീൻ ജാസിരിയും നടത്തിയ നീക്കം പോസ്റ്റിൽ ഉരുമ്മി പുറത്തേക്ക് പോയപ്പോൾ ഗാലറിയിൽ നിന്നും ഉയർന്ന നിരാശയിലുണ്ടായിരുന്നു മാച്ചിെൻറ ടെൻഷൻ. അങ്ങനെ എത്രയെത്ര മുഹൂർത്തങ്ങൾ കളിക്ക് ചന്തമേകി.
ഷോട്ടിലും, ഗോൾ ശ്രമത്തിലും, അറ്റാക്കിലുമെല്ലാം ഒപ്പത്തിനൊപ്പം പൊരുതിയ രണ്ട് ടീമുകളുടെ കാലശപ്പോരാട്ടത്തിനൊടുവിൽ ഭാഗ്യം കൂടി തുണച്ചവർ കപ്പിൽ മുത്തമിട്ടപ്പോൾ, തലയെടുപ്പോടെ തന്നെ തുനീഷ്യയും മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.