ദോഹ: കോവിഡ് നിയന്ത്രണങ്ങളിൽ അവസാന ഘട്ട ഇളവുകൾ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചതിനു പിന്നാലെ ഖത്തറിലെ സ്കൂളുകളും സാധാരണ ഗതിയിലേക്ക്. ഞായറാഴ്ച മുതൽ മുഴുവൻ വിദ്യാർഥികൾക്കും സ്കൂളുകളിലെത്തി പഠനം തുടരാമെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
കിൻഡർഗാർട്ടൻ, സ്കൂൾ, ഉന്നത വിദ്യഭ്യാസ കേന്ദ്രങ്ങൾ എന്നീ സ്ഥാപനങ്ങൾ നൂറുശതമാനം ഹാജരോടെ പ്രവർത്തിക്കും. കോവിഡ് ഇളവുകൾ പ്രാബല്യത്തിൽ വരുന്ന ഒക്ടോബർ മൂന്ന് ഞായറാഴ്ച മുതലായിരിക്കും മാറ്റങ്ങൾ നടപ്പാവുക.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ നിശ്ചയിച്ച പരമാവധി ശേഷിയിൽതന്നെ വിദ്യാർഥികൾക്ക് പ്രവേശനം നൽകാം. അതേസമയം, ക്ലാസുകളിലും പുറത്തും കുട്ടികൾ തമ്മിൽ ഒരുമീറ്റർ അകലം പാലിക്കണം. കുട്ടികൾ പരസ്പരം ഇടകലരുന്നില്ലെന്ന് സ്കൂൾ അധികൃതർ ഉറപ്പാക്കണം.
സ്റ്റാഫ് റൂമുകളിലും ഓഫിസുകളിലും അധ്യാപകരും ജീവനക്കാരും സാമൂഹിക അകലം പാലിക്കണം. കുട്ടികളും ജീവനക്കാരും മാസ്ക് അണിയുക, കൈകൾ സാനിറ്റൈസ് ചെയ്യുക, സ്കൂളും പരിസരവും അണുനശീകരണം നടത്തുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്.
സ്കൂൾ ബസുകളിൽ ആകെ ശേഷിയുടെ 75ശതമാനം മാത്രമേ പ്രവേശനം അനുവദിക്കൂ. 12ന് മുകളിൽ പ്രായമുള്ളവരിൽ വാക്സിൻ സ്വീകരിക്കാത്തർ ആഴ്ചയിൽ കോവിഡ് പരിശോധന നടത്തണം. സ്കൂളുകൾ 50 ശതമാനം ശേഷിയിലാണ് ഈ അധ്യയന വർഷം ഇതുവരെ പ്രവർത്തിച്ചു വന്നത്. പകുതി വിദ്യാർഥികൾ ക്ലാസിലെത്തുേമ്പാൾ പകുതി പേർ ഓൺലൈനിലായിരുന്നു പങ്കെടുത്തത്. എല്ലാവർക്കും ക്ലാസിലെത്താൻ കഴിയുന്നതോടെ ഈ സംവിധാനം മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.