ദോഹ: വിവിധ രാജ്യങ്ങളിലേക്കുള്ള ഖത്തറിൻെറ നയതന്ത്ര പ്രതിനിധകളെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നിയമിച്ചു. അമിരി ദിവാൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് തുർക്കി, ഈജിപ്ത്, സൈപ്രസ്, ലിബിയ എന്നീ രാജ്യങ്ങളിലെ തങ്ങളുടെ നയതന്ത്ര കാര്യാലയത്തിലെ അംബാസഡർമാരെ പ്രഖ്യാപിച്ചത്. പ്രധാന സൗഹൃദ രാഷ്ട്രമായ തുർക്കിയിലേക്ക് ശൈഖ് മുഹമ്മദ് ബിൻ നാസർ ബിൻ ജാസിൽ ആൽഥാനിയെ അംബാസഡറായി നിയോഗിച്ചു. ഈജിപ്ത് അംബാസഡറായി സലിം ബിൻ മുബാറക് ബിൻ ഷാഫി അൽ ഷാഫിയെ നിയമിച്ചു. സൈപ്രസിലേക്ക് അലി യൂസുഫ് അബ്ദുൽ റഹ്മാൻ അൽ മുല്ലയെയും, ലിബിയയിലേക്ക് ഖാലിദ് മുഹമ്മദ് സബിൻ അൽ സബിൻ അൽ ദൊസാരിയെയും ഖത്തറിൻെറ വിശിഷ്ട നയതന്ത്ര പ്രതിനിധികളായി അമീർ നിയമിച്ചു.
ദീർഘനാളത്തെ ഇടവേളക്കു ശേഷമാണ് ലിബിയയിലേക്ക് ഖത്തർ നയതന്ത്ര പ്രതിനിധിയെ നിയോഗിക്കുന്നത്. 2011ൽ മുഅമ്മർ ഖദ്ദാഫി ഭരണകൂടത്തിനെതിരെ ആരംഭിച്ച ആഭ്യന്തര കലാപത്തിനു പിന്നാലെ, 2014ൽ ഖത്തർ ലിബിയയിലെ നയതന്ത്ര കാര്യാലയം അടച്ചുപൂട്ടിയിരുന്നു. കഴിഞ്ഞ ജൂണിൽ ലിബിയൻ വിദേശകാര്യമന്ത്രി നജ്ല മൻഗൗഷും, ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുമായി നടത്തിയ കൂടികാഴ്ചക്കൊടുവിലാണ് ട്രിപളിയിലേക്ക് നയതന്ത്ര പ്രതിനിധിയെ അയക്കാൻ തീരുമാനിച്ചത്.
2017ലെ ഗൾഫ് ഉപരോധത്തിനു ശേഷം ആദ്യമായാണ് ഈജിപ്തിലേക്ക് ഖത്തർ നയതന്ത്ര പ്രതിനിധിയെ അയക്കുന്നത്. സൗദി, ബഹ്റൈൻ, യു.എ.ഇ, ഈജിപ്ത് എന്നീ നാല് ഗൾഫ് രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇരുരാജ്യത്തിനുമിടയിലെ നയതന്ത്ര ബന്ധവും മുറിഞ്ഞത്. ഇക്കഴിഞ്ഞ ജനുവരിയിലെ അൽ ഉല കരാറിലൂടെ ഉപരോധം നീക്കി ബന്ധം പുനഃസ്ഥാപിച്ചതോടെ ജൂണിൽ ഇൗജിപ്തും സൗദിയും ഖത്തറിലേക്ക് പുതിയ അംബാസഡർമാരെ നിയോഗിച്ചു.
അതിൻെറ തുടർച്ചയെന്നോണമാണ് സലിം ബിൻ മുബാറക് അൽ ഷാഫിയെ ഈജിപ്ത് അംബാസഡറായി നിയമിച്ചത്.
ഇതുവരെ തുർക്കിയിൽ ഖത്തർ നയതന്ത്ര മേധാവിയായിരുന്നു ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.