ദോഹ: ഖത്തറിന്റെ മണ്ണിൽ ലയണൽ മെസ്സിയുടെ ലോക കിരീടാഭിഷേകത്തിന് കാത്തിരിക്കുന്ന ആരാധകരുടെ ആഘോഷങ്ങൾക്ക് ലോകകപ്പ് കൗണ്ട്ഡൗൺ ക്ലോക്കിനു മുന്നിൽ തുടക്കമായി. ലോകകപ്പ് കൗണ്ട്ഡൗൺ 150ലെത്തിയ അതേദിനത്തിൽ ലയണൽ മെസ്സിയുടെ 35ാം പിറന്നാൾ ആഘോഷിച്ചായിരുന്നു ആതിഥേയ രാജ്യത്തെ അർജന്റീന ഫാൻസ് ഖത്തർ കൂട്ടായ്മയുടെ പിറവി. പിറന്നാൾ ആഘോഷവും ഫാൻസ് കൂട്ടായ്മയുടെ ലോഗോ പ്രകാശനവുമായി മാറിയ ചടങ്ങിൽ ഇരുനൂറിലേറെ പ്രവർത്തകർ പങ്കെടുത്തു.
ലോകകപ്പിലേക്ക് ഖത്തറും കാൽപന്തു ലോകവും നാളുകൾ എണ്ണി കാത്തിരിക്കെയാണ് ഈ കളിമുറ്റത്തുതന്നെ ലയണൽ മെസ്സിയുടെ സംഘത്തിന് ആരാധകക്കൂട്ടായ്മ പിറക്കുന്നത്. ഖത്തറിൽ വിവിധ മേഖലകളിൽ ജോലിചെയ്യുന്ന മലയാളികളുടെ നേതൃത്വത്തിൽ പിറന്ന കൂട്ടായ്മ അർജന്റീനയിലെ മാധ്യമങ്ങളിലും വാർത്തയായി മാറി. ലോകകപ്പിന്റെ ചരിത്രത്തിൽ അപൂർവമായി മാത്രമാണ് സ്വന്തം നാട്ടുകാരെത്തും മുമ്പേ ആതിഥേയ മണ്ണിൽ മികച്ചൊരു ആരാധകസംഘം സജീവമാകുന്നത് എന്നതുതന്നെ വലിയ വിശേഷം. സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ആഘോഷ ദൃശ്യങ്ങൾ കണ്ടാണ് അർജന്റീനയിൽ നിന്നുള്ള മാധ്യമങ്ങൾ തങ്ങളെ ബന്ധപ്പെട്ടതെന്ന് കൂട്ടായ്മക്ക് നേതൃത്വം നൽകുന്നവരിൽ ഒരാളായ പെരിന്തൽമണ്ണ സ്വദേശി സിദ്ദീഖ് പറമ്പൻ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
'ഓലെ ഓലെ ഓലെ മെസ്സീ മെസ്സീ... വിശ്വമേളക്ക് പന്തുരുളാൻ മാസങ്ങൾ ശേഷിക്കെ ലോകകപ്പിന്റെ മണ്ണിൽ അവർ ലിയോക്ക് വേണ്ടി പാട്ടുതുടങ്ങി. ഇന്ത്യയിൽനിന്നും ബംഗ്ലാദേശിൽ നിന്നും തൊഴിൽ തേടിയെത്തിയ അർജന്റീന ആരാധകർ മെസ്സിയും സംഘവും എത്തും മുമ്പേ ഖത്തറിന്റെ മണ്ണിൽ നമുക്കുവേണ്ടി ആഘോഷം തുടങ്ങി...' -അർജന്റീനയിലെ പ്രശസ്തമായ സ്പോർട്സ് ദിനപത്രമായ 'ഒലെ' റിപ്പോർട്ട് ചെയ്തത് ഇങ്ങനെയായിരുന്നു. ഇതിനുപുറമെ, മറ്റ് നിരവധി ഓൺലൈൻ പോർട്ടലുകളിലും ദോഹയിൽ പിറന്ന ആരാധകക്കൂട്ടം വാർത്തകൾ സൃഷ്ടിച്ചു കഴിഞ്ഞു. വാട്സ്ആപ് വഴി ആരംഭിച്ച അർജന്റീന ഫാൻസ് ഖത്തറിൽ അംഗമാവാൻ പ്രവാസികളായ വിവിധ രാജ്യക്കാരാണ് ഇപ്പോൾ താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ടുവരുന്നത്. അവരിൽ, അർജന്റീനക്കാരായ ഖത്തർ പ്രവാസികളുമുണ്ട്.
കോർണിഷിൽ ലോക കപ്പ് കൗണ്ട് ഡൗൺ ക്ലോക്കിനടുത്ത് നടന്ന മെസ്സിയുടെ ജന്മദിനം വലിയ കേക്ക് മുറിച്ചായിരുന്നു ആഘോഷിച്ചത്. കൂട്ടായ്മയുടെ ലോഗോ ഇന്ത്യൻ സ്പോർട്സ് സെന്റർ മാനേജിങ് കമ്മിറ്റി അംഗം വർക്കി ബോബൻ അർജന്റീനക്കാരനായ മാഴ്സലോക്ക് നൽകി പ്രകാശനം ചെയ്തു. അർജന്റീന പതാകയും മെസ്സിയുടെ ഫോട്ടോയും ആലേഖനം ചെയ്ത കേക്ക് മുറിച്ചാണ് ആഘോഷിച്ചത്.
ലോകകപ്പിലേക്ക് 147 ദിനം ബാക്കിനിൽക്കെ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ ഖത്തറിലെ ഫുട്ബാൾ മത്സര വേദികളിൽ അർജന്റീന ജഴ്സിയണിഞ്ഞെത്തും. ആരാധകരെ പങ്കെടുപ്പിച്ച് രക്തദാന ക്യാമ്പുകൾ സജീവമാക്കാനും ഖത്തറിലെ അർജന്റീന എംബസിയുമായി ബന്ധപ്പെട്ട് ഔദ്യോഗിക ഫാൻ കൂട്ടായ്മയാക്കാനും പദ്ധതികളുണ്ടെന്ന് സംഘാടകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.