ദോഹ: തായ്ലൻഡിലെ ബാങ്കോക്കിൽ നടക്കുന്ന 41ാമത് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന് ഒരു സ്വർണവും ഒരു വെള്ളിയും. 400 മീറ്റർ ഹർഡ്ൽസിൽ 48.64 സെക്കൻഡിൽ ഫിനിഷ്ചെയ്ത് ബസം മുഹമ്മദ് ഹമീദ് രാജ്യത്തിന്റെ ആദ്യ സ്വർണമെഡൽ നേട്ടക്കാരനായതിനൊപ്പം ലോക ചാമ്പ്യൻഷിപ്പിനും ഒളിമ്പിക്സിനും യോഗ്യതയും ഉറപ്പിച്ചു. ജപ്പാന്റെ യുസാകു കൊഡമയെയും ഇന്ത്യയുടെ സന്തോഷ് കുമാർ തമിഴരസനെയും രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു ബസമിന്റെ സ്വർണനേട്ടം. ഞായറാഴ്ച അവസാനിക്കുന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന്റെ ആദ്യ സ്വർണം കൂടിയായിരുന്നു ട്രാക്കിലെ കരുത്തൻ ബസമിലൂടെ എത്തിയത്.
23കാരനായ ബസമിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ബാങ്കോക്കിൽ കാഴ്ചവെച്ചത്. കഴിഞ്ഞ ജൂണിൽ മൊറോക്കോയിൽ നടന്ന മത്സരത്തിൽ നടത്തിയ പ്രകടനമാണ് മറികടന്നത്. സ്വർണനേട്ടത്തോടെ ബസം ആഗസ്റ്റിൽ ഹംഗറിയിലെ ബുഡപെസ്റ്റിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിനും 2024 പാരിസ് ഒളിമ്പിക്സിനും യോഗ്യത നേടി. ഹർഡ്ൽസിൽ 48.70 സെക്കൻഡായിരുന്നു ലോക ചാമ്പ്യൻഷിപ്പിനുള്ള യോഗ്യത.
ഹൈജംപിൽ നിലവിലെ ഒളിമ്പിക്സ്, ലോകചാമ്പ്യനായ മുഅത് ബർഷിമിനൊപ്പം വരാനിരിക്കുന്ന ലോക-ഒളിമ്പിക്സ് പോരാട്ടങ്ങളിൽ ഖത്തറിന്റെ പ്രധാന പ്രതീക്ഷയാവും ബസം. ട്രാക്കിൽ ഖത്തറിന്റെ മുൻനിര താരം കൂടിയാണ് ഇദ്ദേഹം. ഒരാഴ്ച മുമ്പ് അറബ് ഗെയിംസ് അത്ലറ്റിക്സിൽ സ്വർണം നേടിയതിനു പിന്നാലെയാണ് ബസം ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി ബാങ്കോക്കിലേക്ക് പറന്നത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 3000 മീറ്റർ പുരുഷ വിഭാഗം സ്റ്റീപ്ൾ ചേസിൽ ഖത്തറിന്റെ യാസിർ സാലിം ആണ് വെള്ളി നേടിയത്. 8:37.11 മിനിറ്റിലായിരുന്നു യാസിർ രണ്ടാമതായി ഫിനിഷ് ചെയ്തത്. ജപ്പാൻ താരം റ്യോമ അവോകിയാണ് ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.