ദോഹ: ഒന്നരമാസത്തിലേറെ നീണ്ടുനിന്ന ആസ്പയർ സോൺഫൗണ്ടേഷൻ വേനലവധി ക്യാമ്പിന് സമാപനമായി. ആറിനും 12നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി, വിവിധ വിദ്യാഭ്യാസ-വിനോദ വിജ്ഞാന പരിപാടികളുമായി സമ്പന്നമായ ക്യാമ്പിനാണ് കൊടിയിറങ്ങിയത്. ഖത്തറിലെ സ്വദേശികളും താമസക്കാരും ഉൾപ്പെടെ 130 പേർ വിദ്യാർഥികൾ ക്യാമ്പിൽ സജീവമായി പങ്കെടുത്തു. ഖത്തർ ത്രീ ടു വൺ ഒളിമ്പിക്സ് ആൻഡ് സ്പോർട്സ് മ്യൂസിയം, റെയിൽ കമ്പനി, അൽ ഹദാഫ് ഷൂട്ടിങ് റേഞ്ച് എന്നീ
സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ചായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ജൂൺ 21ന് ആരംഭിച്ച ക്യാമ്പ് ആഗസ്റ്റ് രണ്ടാം വാരം വരെ തുടർന്നു. സമാപന ചടങ്ങിൽ ഖത്തരി ബാസ്കറ്റ് ബാൾ ടീമും ക്യാമ്പിലെ വിദ്യാർഥികളും ഉൾപ്പെടെ ടീമായി പ്രദർശന മത്സരം സംഘടിപ്പിച്ചു. ഓരോ ആഴ്ചയിലും നാല് ദിവസം എന്ന നിലയിലായിരുന്നു വേനലവധി ക്യാമ്പ് സംഘടിപ്പിച്ചത്. നാല് ഫീൽഡ് ട്രിപ്പുകൾ ഉൾപ്പെടെയായിരുന്നു ക്യാമ്പ്.
സ്പോർട്സ്, വിനോദം, വിദ്യാഭ്യാസ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെ നടന്ന ക്യാമ്പ് വിദ്യാർഥികളുടെ സർഗാത്മക, കായിക വളർച്ചയിലും നിർണായകമായി. ഇ-ഗെയിംസ്, ചിത്ര രചന, പെയിന്റിങ്, ഫുട്ബാൾ പരിശീലനം, വോളിബാൾ, ബാസ്കറ്റ്ബാൾ, നീന്തൽ എന്നിവക്കുപുറമെ, പഠനത്തിലെ നൂതന പ്രവണതകൾ കൂടി പരിചയപ്പെടുത്തുന്ന രീതിയിലാണ് ക്രമീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.