ആകാശക്കരുത്താകാൻ ഖത്തർ എയർവേസ്

ദോഹ: വ്യോമയാന മേഖലയില്‍ കരുത്തുറപ്പിക്കാന്‍ രാജ്യത്തിന്റെ ദേശീയ എയർലൈൻ കമ്പനിയായ ഖത്തര്‍ എയര്‍വേസ്. നിലവിലെ ശക്തമായ എയർലൈൻ ശൃംഖലക്കൊപ്പം 245 ലേറെ പുതിയ വിമാനങ്ങൾക്ക് കമ്പനി ഓർഡർ നൽകി കാത്തിരിക്കുന്നതായി ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

യാത്രാരംഗത്തും ചരക്കു നീക്കത്തിലും വ്യോമയാന മേഖലയിലെ പ്രമുഖരാണ് ഖത്തര്‍ എയര്‍വേസ്. 230 ഓളം വിമാനങ്ങള്‍ കമ്പനിയുടേതായി ഇപ്പോള്‍ പറക്കുന്നുണ്ട്. ആ കൂട്ടത്തിലേക്കാണ് ഓര്‍ഡര്‍ നല്‍കിയ വിമാനങ്ങളുടെ കണക്കുകള്‍ കൂടി വാര്‍ഷിക റിപ്പോര്‍ട്ടില്‍ പുറത്തുവിട്ടത്. 245 ലേറെ വിമാനങ്ങളാണ് ഖത്തര്‍ എയര്‍വേസ് എയര്‍ബസും ബോയിങ്ങും അടക്കമുള്ള കമ്പനികളില്‍ നിന്ന് സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്.

ഖത്തർ എയർവേയ്‌സിന്റെ വിമാനങ്ങളുടെ ആകെ മൂല്യം 6730 കോടി ഡോളറാണെന്നും റിപ്പോർട്ടിൽ പറയുന്നു. 210 പാസഞ്ചർ വിമാനങ്ങളും 30 കാർഗോ വിമാനങ്ങളും 19 എക്‌സിക്യൂട്ടിവ് ജെറ്റ് വിമാനങ്ങളുമാണ് ഖത്തർ എയർവേയ്‌സ് നിരയിലുള്ളത്. ഇത് കൂടാതെയാണ് നിരവധി വിമാനങ്ങൾക്കായി ഓർഡർ നൽകിയത്. കൂടുതൽ വിമാനങ്ങൾ സ്വന്തമാക്കുന്നതോടൊപ്പം ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിന്റെ വളർച്ച കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ ഖത്തർ എയർവേസ് 25 ബോയിങ് 737-10 വിമാനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് കമ്പനിയുമായി അന്തിമ കരാറിലെത്തിയിരുന്നു. മെച്ചപ്പെട്ട സാമ്പത്തിക ഭദ്രതയും ഇന്ധനക്ഷമതയും സുസ്ഥിരമായ പ്രവർത്തനങ്ങളുമാണ് ഹ്രസ്വ-ഇടത്തരം ദൂരങ്ങളിലുപയോഗിക്കുന്ന വിമാനങ്ങൾക്കുള്ളത്.

15 ഗൾഫ്‌സ്ട്രീം ജി650ഇ.ആർ വിമാനങ്ങൾ സ്വന്തമായുള്ള ഖത്തർ എക്‌സിക്യൂട്ടിവ് ഗൾഫ് സ്ട്രീമിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉടമയും ഏക വാണിജ്യ ഓപറേറ്റർമാരുമാണ്. ഇത് കൂടാതെ രണ്ട് എ 319 വിമാനങ്ങളും രണ്ട് ഗ്ലോബൽ 5000 വിമാനങ്ങളും ഖത്തർ എക്‌സിക്യൂട്ടിവിന് സ്വന്തമായുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം ഏഴ് പുതിയ വിമാനങ്ങളാണ് ഖത്തർ എയർവേസ് നിരയിലെത്തിയത്. നാല് ബോയിങ് 787-9 ഡ്രീംലൈനറും മൂന്ന് ഖത്തർ എക്‌സിക്യൂട്ടിവ് ഗൾഫ്‌സ്ട്രീം ജി 650 ഇ.ആറും ഇതിലുൾപ്പെടും.

പ്രീമിയം ഡിമാന്റുള്ള ലണ്ടൻ ഹീത്രു, പാരിസ്, ബോങ്കോക്ക്, സിഡ്‌നി, പെർത്ത് തുടങ്ങിയ റൂട്ടുകളിലേക്ക് അധിക വിമാനങ്ങൾ കൊണ്ട് വരുന്നതിനായി തങ്ങളുടെ 10 എയർബസ് എ380 വിമാനങ്ങളിൽ എട്ടെണ്ണം തിരികെയെത്തിക്കുകയും ചെയ്തിരുന്നു. അത്യാധുനിക ഇന്ധനക്ഷമതയുള്ള വിമാനങ്ങളാണ് ഖത്തർ എയർവേയ്‌സ് സർവീസുകൾക്കായി കൂടുതലും ഉപയോഗിച്ച് വരുന്നത്.

Tags:    
News Summary - atar Airways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.