ദോഹ: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന് ആദ്യ മെഡൽ. ഇന്നലെ രാത്രി 10.45ഒാടെ നടന്ന 400 മീറ്റർ ഹർഡിൽസിൽ അബ്ദുറഹ്മാൻ സാംബയാണ് വെങ്കല മെഡൽ നേടിയത്. 48.03 സെകൻഡിലാണ് സാംബ ഓടിയെത്തിയത്.നിലവിലെ ചാമ്പ്യനായ നോർവെയുടെ കാർസ്റ്റൻ വാർഹോം വീണ്ടും ഒന്നാമതെത്തിയപ്പോൾ അമേരിക്കയുടെ റായ് ബെഞ്ചമിൻ വെള്ളി നേടി.ഹൈജംപിൽ പുതിയ ഉയരം തേടി ഖത്തറിെൻറ അഭിമാന താരം മുഅ്തസ് ഈസ ബർഷിം ഇന്നിറങ്ങും. പുരുഷൻമാരുടെ ഹൈജംപ് യോഗ്യതാ റൗണ്ടിൽ ആദ്യ ഗ്രൂപ്പിലാണ് ബർഷിം ഇറങ്ങുന്നത്. ഖത്തർ സമയം വൈകീട്ട് 4.30നാണ് യോഗ്യത റൗണ്ട് ആരംഭിക്കുന്നത്. ഖത്തറിന് ഏറെ മെഡൽ പ്രതീക്ഷയുള്ള ഹൈജംപിൽ മുഅ്തസ് ബർഷിമിെൻറ പ്രകടനത്തിനായി കാത്തിരിക്കുകയാണ് സ്വദേശികളും വിദേശികളുമടങ്ങുന്ന ഖത്തർ നിവാസികൾ. വെള്ളിയാഴ്ചയാണ് ഫൈനൽ.
നിലവിലെ ലോകചാമ്പ്യനും മികച്ച അത്ലറ്റുമായ ബർഷിം തന്നെയാണ് ഹൈജംപിലെ ശ്രദ്ധേയ താരം. എന്നാൽ പരിക്കുമൂലം ദീർഘകാലം വിട്ടുനിന്ന ബർഷിമിന് ഈ വർഷം മികച്ച ഉയരം കുറിക്കാനായിട്ടില്ല. എങ്കിലും പരിക്ക് മാറി തിരിച്ചെത്തിയ ചാമ്പ്യൻഷിപ്പുകളിൽ ബർഷിം ഒന്നാമതെത്തിയിരുന്നു. ഇന്നിറങ്ങുന്ന താരങ്ങളിൽ 2.40 മീറ്റർ ഉയരം താണ്ടിയത് ബർഷിമടക്കം മൂന്ന് താരങ്ങളാണ്. 2.43 മീറ്റർ ചാടിയ ബർഷിംതന്നെയാണ് ഇവരിൽ മുന്നിൽ. 2.42 മീറ്റർ ചാടിയ യുക്രൈനിെൻറ ബൊഹ്ദാൻ ബൻദാരെങ്കോ, 2.40 ചാടിയ യുക്രൈനിെൻറ തന്നെ ആൻഡ്രി െപ്രാസ്റ്റെങ്കോ എന്നിവരാണ് മറ്റുതാരങ്ങൾ. 2012ൽ ഹൈജംപിൽ വെങ്കലം നേടിയ ബർഷിം 2016ൽ ബ്രസീലിൽ വെച്ച് അത് വെള്ളി മെഡലാക്കി ഉയർത്തുകയും ഖത്തറിനായി ആദ്യ അത്ലറ്റിക് ഒളിമ്പിക് മെഡൽ കരസ്ഥമാക്കുകയും ചെയ്തിരുന്നു.
അതേസമയം, പുരുഷന്മാരുടെ 200 മീറ്റർ, 800 മീറ്റർ, വനിതവിഭാഗം 400 മീറ്റർ എന്നീ വിഭാഗങ്ങളിൽ ഖത്തർതാരങ്ങൾ പുറത്തായി. 200 മീറ്റർ ഹീറ്റ്സിൽ അബ്ദുൽ അസീസ് മുഹമ്മദ് ഹീറ്റ്സിൽ ആറാമതായി ഫിനിഷ് ചെയ്താണ് പുറത്തുപോയത്. 800 മീറ്റർ സെമിയിലെത്തിയിരുന്ന അബൂബക്കർ ഹൈദർ അബ്ദുല്ല ഫൈനൽ കാണാതെ പുറത്തായി. ഒരു മിനുട്ട് 44.33 സെക്കൻഡിൽ ആറാമതായാണ് ആദ്യ ഹീറ്റ്സിൽ അബൂബക്കർ ഫിനിഷ് ചെയ്തത്. ഇന്നലെ നടന്ന വനിതകളുടെ 400 മീറ്റർ വിഭാഗത്തിൽ ഖൻസാ സോസ ഏറ്റവും അവസാനമാണ് ഫിനിഷ്ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.