ദോഹ: അന്തരീക്ഷ താപനില ക്രമാതീതമായി കുതിച്ചുയരുമ്പോൾ, അതുമൂലമുണ്ടാകുന്ന അപകടങ്ങളിൽനിന്നും, ആരോഗ്യ പ്രശ്നങ്ങളിൽനിന്നും എങ്ങനെ മറികടക്കാം എന്ന വിഷയത്തിൽ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ് ഖത്തർ) തൊഴിലാളികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഐ.സി.ബി.എഫ് കാഞ്ചാണി ഹാളിൽ നടന്ന ക്ലാസിൽ വിവിധ ലേബർ ക്യാമ്പുകളിൽനിന്നുള്ള ഏകദേശം 150ഓളം തൊഴിലാളികളോടൊപ്പം ഇന്ത്യൻ കമ്യൂണിറ്റിയിലെ മറ്റ് അംഗങ്ങളും പങ്കെടുത്തു.
ഐ.സി.ബി.എഫ് 40ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ, ഇന്ത്യൻ എംബസി തൊഴിൽ സേവന വിഭാഗത്തിലെ ജയഗണേഷ് ഭരദ്വാജ് മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യൻ പ്രവാസികളുടെ, പ്രത്യേകിച്ച് തൊഴിലാളികളുടെ ക്ഷേമത്തിനായി ഐ.സി.ബി.എഫ് നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
ഐ.സി. ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വർക്കി ബോബൻ പരിപാടികൾ ഏകോപിപ്പിച്ചു. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിഞ്ഞ് മുൻകരുതൽ എടുക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു.
അൽമാന ഗ്രൂപ് ഇൻസുലേഷൻ എൻജിനീയറിങ് കമ്പനി സേഫ്റ്റി മാനേജർ സുശാന്ത് സവർദേക്കർ ക്ലാസ് നയിച്ചു. സൂര്യാഘാതം തടയുന്നതിനും, കടുത്ത താപനിലയിൽ അപകടസാധ്യതകൾ തരണം ചെയ്യുന്നതിനുമുള്ള വിലയേറിയ നിർദേശങ്ങൾ അദ്ദേഹം പങ്കുവെച്ചു.
ഐ.സി.ബി.എഫ് മത്സ്യത്തൊഴിലാളി ക്ഷേമ വിഭാഗം മേധാവി ശങ്കർ ഗൗഡ് സ്വാഗതവും, സെക്രട്ടറി ടി.കെ. മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു. മാനേജിങ് കമ്മിറ്റി അംഗം നീലാംബരി സുശാന്ത്, ഉപദേശക സമിതി അംഗം ടി. രാമശെൽവം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഐ.സി.സി സെക്രട്ടറി എബ്രഹാം ജോസഫ്, ഐ.എസ്.സി മാനേജിങ് കമ്മിറ്റി അംഗം ദീപക് ചുക്കാല, വിവിധ കമ്യൂണിറ്റി നേതാക്കളും അനുബന്ധ സംഘടനാ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.