ഗീ​താ സൂ​ര്യ​ൻ

ഒരേയൊരു അഴീക്കോട് മാഷ്

ഗീതാ സൂര്യൻ

'ദുശ്ശകുനം എന്നാലെന്താണെന്ന് അറിയുമോ? പരീക്ഷക്ക് പോകുമ്പോൾ പഠിപ്പിച്ച ഗുരുവിനെ കാണുന്നത്!' പരീക്ഷക്കുപോകുന്ന കുട്ടികളെ കാണുമ്പോൾ ഇപ്പോഴും എനിക്ക് ചിരിവരും. ഇതെന്റെ ഒരു ഗുരുനാഥന്റെ തന്നെ വാക്കുകളാണ്. കാലിക്കറ്റ് സർവകലാശാലയിൽ എം.എക്ക് പഠിപ്പിച്ച അധ്യാപകൻ, പ്രഫ. സുകുമാർ അഴീക്കോട്.

ജീവിതത്തിൽ എന്നെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു അധ്യാപകനില്ല. അദ്ദേഹം ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയും ആയിരുന്നു. ഉച്ചാരണശുദ്ധിയുടെ കാര്യത്തിൽ കർക്കശക്കാരനായിരുന്നു. ഒരിക്കൽ എന്നോട് ശാർദൂലവിക്രീഡിതം എന്ന വൃത്തത്തിന്റെ ലക്ഷണം പറയാൻ ആജ്ഞാപിച്ചു. ചോദ്യം കേട്ടതോടെ എന്നെ ഒരു വിറയൽ ബാധിച്ചു. പ്രശസ്തനായ അധ്യാപകൻ, എഴുത്തുകാരൻ, വാഗ്മി എന്നീ നിലകളിൽ സാഹിത്യലോകത്ത് വിരാജിക്കുന്നയാളാണ്. ദുർവാസാവിനെ പോലെയാണ് കോപം. പതുക്കെ എഴുന്നേറ്റ് ഞാൻ മന്ത്രിച്ചു. 'പന്ത്രണ്ടാൽ മസജം സതംത ഗുരുവും ശാർദൂലവിക്രീഡിതം'.

കേട്ടയുടൻ മന്ദഹസിച്ചു. 'ചതഞ്ഞ ഗുരുവോ? നീ കൊള്ളാമല്ലോ' എന്നു പറഞ്ഞു കുലുങ്ങിച്ചിരിച്ചു. സതംത എന്ന ഭാഗം വ്യക്തമായി പറഞ്ഞില്ല എന്നതാണ് വാസ്തവം. അതിനുശേഷം ഓരോ അക്ഷരവും പറയുമ്പോൾ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി.

മലയാളം എഴുതുമ്പോൾ അക്ഷരത്തെറ്റ് വലിയ കാര്യമല്ല എന്ന് ഇക്കാലത്ത് പറയുമെങ്കിലും അക്ഷരത്തിനു വലിയ പ്രധാന്യമുണ്ടെന്ന് ആ അധ്യാപകൻ പഠിപ്പിച്ചു. 'പാത്രം കഴുകി' എന്നതിനുപകരം 'തഴുകി' എന്ന് എഴുതിയാൽ മതിയോ?' എന്ന് ഒരു വിദ്യാർഥിയോട് അദ്ദേഹം ചോദിച്ചു. 'ക' എന്ന അക്ഷരം അവൻ 'ത' എഴുതുന്നതുപോലെ എഴുതിയതായിരുന്നു കാരണം.

ഗംഭീരമായ നർമം ആയിരുന്നു അദ്ദേഹത്തിന്റെ ക്ലാസുകളിൽ എന്നെ ആകർഷിച്ചിരുന്നത്. തമാശ പറഞ്ഞും കളിയാക്കിയും ഞങ്ങളെ ചിരിപ്പിച്ചു. വായനയുടെ ഗൗരവം ബോധ്യപ്പെടുത്തി. ദിവസവും ഓരോ പുസ്തകം വായിച്ച് കുറിപ്പുകൾ എഴുതാൻ പറഞ്ഞു. അതെല്ലാം ഇരുന്നുവായിച്ചു തിരുത്തുകൾ നൽകി. പരീക്ഷ വരുമ്പോൾ ഉത്തരം എങ്ങനെ എഴുതണമെന്ന് പഠിപ്പിച്ചു. കോപ്പിയടിക്കാൻ തക്കം പാർത്തിരുന്ന ഒരു രസികനോട് 'നീ വശങ്ങളിലേക്കും പിറകോട്ടും നോക്കാതെ ഉത്തരം എഴുതാൻ ശീലിക്കണം' എന്നു പറഞ്ഞു. പരീക്ഷയാണെന്ന് കരുതി കുളിക്കാതെ ഇരിക്കരുത് എന്നു താടിയും മുടിയും നീട്ടിയവരെ നോക്കി കളിയാക്കിപ്പറഞ്ഞു.

വായിക്കുന്നതിൽ ശ്രദ്ധവേണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പാശ്ചാത്യവും പൗരസ്ത്യവുമായ സാഹിത്യ മേഖലകൾ ഞങ്ങൾക്ക് പരിചയപ്പെടുത്തി. കുമാരനാശാന്റെ 'നളിനി' എന്ന കാവ്യമായിരുന്നു എടുത്തിരുന്നത്. ഒരു ശ്ലോകം വ്യാഖ്യാനിച്ചുതീരാൻ ദിവസങ്ങൾ എടുത്തു. അതിശയോക്തി എന്നു കേൾക്കുന്നവർക്കു തോന്നിയേക്കാം. ഭാഗവതം കൊല്ലം തോറും വായിക്കുന്നത് ഓരോ തവണയും ശ്രദ്ധിച്ചുവായിക്കാഞ്ഞിട്ടാണ് എന്നു പറഞ്ഞുചിരിച്ചിരുന്നു. 'നളിനി' പഠിപ്പിക്കുന്ന ക്ലാസുകളിൽ ഞങ്ങളെ കാളിദാസന്റെ കൃതികൾ പരിചയപ്പെടുത്തി.

"ഒരേ സമയത്ത് കുട്ടികളെ ഇഷ്ടപ്പെടുകയും നിയന്ത്രിക്കുകയും വഴികാട്ടി നയിക്കുകയും അറിവിന്റെ ചക്രവാളങ്ങൾ തുറന്നിട്ടുകൊടുക്കുകയും സ്വന്തം ജീവിതം മാതൃകയായില്ലെങ്കിൽ പോലും മറ്റു നല്ല മാതൃകകളിലേക്ക് കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിപ്പിച്ചുമുള്ള ഒരു പഞ്ചാഗ്നി തപസ്സാണ് അധ്യാപനം'' ഇതായിരുന്നു ആ അധ്യാപകന്റെ കാഴ്ചപ്പാട്.

കുട്ടികൾ എന്നെന്നും ഓർക്കുന്ന ഒരു മുഖമാകണം തന്റേത് എന്നൊരു അത്യാഗ്രഹം അധ്യാപകർക്ക് ഉണ്ടാകേണ്ടതുണ്ട് എന്നെനിക്ക് തോന്നാറുണ്ട്. എപ്പോഴും ശാസിക്കുകയും ഗൗരവത്തോടെ ക്ലാസുകൾ എടുക്കുകയും ചെയ്യുന്ന ഒരാളെ ഓർക്കാൻ ആരാണ് ഇഷ്ടപ്പെടുക? കുട്ടികൾക്ക് പല രഹസ്യങ്ങളും ദു:ഖങ്ങളും വിഷമങ്ങളും ഉണ്ടാകും. അവരെ കേൾക്കാൻ ഒരു അധ്യാപകരും തയാറാവുന്നില്ല എന്നതാണ് സങ്കടം. സിലബസ് തീർക്കാനും സ്കൂൾ അധികൃതർ നല്കുന്ന പല ജോലികൾ ചെയ്തുതീർക്കാനും ഓടുന്നതിനിടയിൽ കുഞ്ഞുങ്ങളോട് സംവദിക്കാൻ അവർക്ക് സാധിക്കുന്നില്ല എന്നതാണ് പരമാർഥം.

തന്റെ മുന്നിൽ മാനസികമായ ബുദ്ധിമുട്ടുകളും ശാരീരികമായ അസ്വസ്ഥതകളും അനുഭവിക്കുന്നവരുണ്ടെന്ന് ഒരു അധ്യാപകൻ അറിയണം. എത്രതവണ പഠിപ്പിച്ചാലും അത് മനസ്സിലാക്കാൻ കെൽപില്ലാത്തവരും അക്കൂട്ടത്തിലുണ്ടാകും. എത്രയോ മണിക്കൂർ ഇരുന്നു പഠിച്ചശേഷം ഒന്നും എഴുതാൻ കിട്ടാതെ വലയുന്നവർ ഉണ്ടാകും. ഇവരെയൊക്കെ കാണാനുള്ള കണ്ണുകളുള്ള ഒരു അധ്യാപകനെയാണ് നമ്മുടെ വിദ്യാലയങ്ങൾക്ക് ആവശ്യം.

നീണ്ട ഒരു അധ്യാപന ജീവിതത്തിൽ ധാരാളം അധ്യാപകരെ കണ്ടു. കുട്ടികളെ പഠിപ്പിച്ചു. ഇന്നും അധ്യാപകദിനം എന്നോർക്കുമ്പോൾ അഴീക്കോട് മാഷെ മാത്രം ഞാൻ ഓർമിക്കുന്നു. പിന്നെയും അധ്യാപകർ ഓർമയിൽ വരാറുണ്ട്. പുച്ഛിച്ചു ചിരിച്ചവരും മതിയാവോളം അടിച്ചു വേദനിപ്പിച്ചവരും ശകാരിച്ചവരുമായി പലർ. അവരെ മനസ്സിൽ കുടിയിരുത്താൻ കഴിഞ്ഞിട്ടില്ല. മികച്ച ഒരു അധ്യാപകനാകാൻ എല്ലാവർക്കുമാകില്ല എന്ന സത്യം നമ്മൾ ഓർക്കേണ്ടതുണ്ട്.

(ലൊയോള ഇൻറർനാഷനൽ സ്കൂൾ അധ്യാപികയാണ് ലേഖിക)


Tags:    
News Summary - azhikode mash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.