ദോഹ: പ്രായമായവർക്ക് മികച്ച ആരോഗ്യ പരിചരണം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ദേശീയ ഏജിങ് സർവേയുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. രാജ്യത്ത് ആയുർദൈർഘ്യവും പ്രായമായവരുടെ ജനസംഖ്യയും വർധിക്കുമെന്ന നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് വയോജനങ്ങളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സർവേ നടത്തുന്നതെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വയോജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും അവരുടെ സാമൂഹിക ആവശ്യങ്ങൾ തിരിച്ചറിയുന്നതിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ് സർവേയെന്ന് ആരോഗ്യ മന്ത്രാലയത്തിലെ നോൺ കമ്യൂണിക്കബ്ൾ ഡിസീസ് പ്രതിരോധ പരിപാടികളുടെ തലവൻ ശൈഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽ ഥാനി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഖത്തറിൽ പ്രായമായവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും, ഭാവിയിൽ ഇത് ഇരട്ടിയാകുമെന്നും ചൂണ്ടിക്കാട്ടിയ ശൈഖ് ഡോ. മുഹമ്മദ് ആൽ ഥാനി, നിലവിലെ ആയുർദൈർഘ്യം 81 വർഷമാണെന്നും, ഭാവിയിൽ അത് 83 ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
അതിനാൽ, അവരുടെ ആവശ്യങ്ങൾ പരിഹരിക്കാനും സേവനങ്ങൾ നൽകാനും മുന്നോട്ടു വരേണ്ടതുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.പ്രായമായവരുടെ ആരോഗ്യവും സാമൂഹിക ആവശ്യങ്ങളും സംബന്ധിച്ച ദേശീയ സ്ഥിതിവിവരക്കണക്ക് വികസിപ്പിക്കാനും, അവരുടെ ക്ഷേമത്തിനായി നയങ്ങളും ഭാവി പദ്ധതികളും രൂപപ്പെടുത്താനും സർവേ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ആസൂത്രണ സമിതിയുടെയും ഹമദ് മെഡിക്കൽ കോർപറേഷന്റെയും പങ്കാളിത്തത്തോടെ നവംബർ മൂന്നിന് ആരംഭിക്കുന്ന സർവേ, അടുത്ത വർഷം ജനുവരി 31 വരെ നീണ്ടുനിൽക്കും.
60 വയസ്സിന് മുകളിലുള്ളവരുമായി കൂടിയാലോചിച്ച് ഗൃഹസന്ദർശനം നടത്തിയായിരിക്കും സർവേ വിവരങ്ങൾ ശേഖരിക്കുക. സർവേയിൽ പങ്കെടുക്കുന്നവരുടെ സമഗ്ര ആരോഗ്യവിലയിരുത്തലും ഉൾപ്പെടും. ശാരീരിക, വൈജ്ഞാനിക കഴിവുകളും ജീവിതരീതികളും സംബന്ധിച്ച ചോദ്യാവലികൾ സർവേയിൽ ഉൾപ്പെടുത്തും.
സർവേയിൽ പങ്കെടുക്കുന്നവരുടെ സ്വകാര്യത കർശനമായി സൂക്ഷിക്കുമെന്നും, വിവരങ്ങൾ സ്ഥിതിവിവരക്കണക്കുകൾക്ക് മാത്രമായി ഉപയോഗപ്പെടുത്തുമെന്നും അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.