ദോഹ: പ്രഥമ ബിൽഅറബി ഉച്ചകോടി ഏപ്രിൽ 19ന് ആരംഭിക്കും. അറബി ഭാഷയിലെ ആശയങ്ങൾ, സർഗാത്മകര രചന എന്നിവ വളർത്തുന്നതിനായി ഖത്തർ ഫൗണ്ടേഷൻ രൂപം നൽകിയ ബിൽഅറബി ഉച്ചകോടി രണ്ട് ദിവസം നീണ്ടുനിൽക്കും.
എജുക്കേഷൻ സിറ്റി സ്റ്റുഡന്റ്സ് സെന്ററായ മുൽതഖയിൽ ഏപ്രിൽ 19,20 ദിവസങ്ങളിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് www.bilaraby.qa എന്ന വെബ്സൈറ്റിൽ ടിക്കറ്റുകൾ ലഭ്യമാണ്. നവീകരണത്തിലും അറബി ഭാഷാ ഉള്ളടക്ക വികാസത്തിലും പുതിയ അതിരുകൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നവർ ചർച്ച ചെയ്യും.
കല, സാങ്കേതികവിദ്യ, ശാസ്ത്രം, നവീകരണം തുടങ്ങിയ സൃഷ്ടിപരമായ മേഖലകളിൽ അറബി ഭാഷയുടെ പങ്കിനെക്കുറിച്ച് വൈവിധ്യമാർന്ന സെഷനുകളും പാനൽ ചർച്ചകളും ഉച്ചകോടിയുടെ ഭാഗമായി നടക്കും. ആർട്ടിസ്റ്റ് ലുത്ഫി ബൗച്നാക്, യമനി ബ്ലോഗർ ഫിദ അൽ ദിൻ അൽ ഖാഷി, ഈജിപ്ഷ്യൻ സംഗീത സമ്രാട്ട് മുസ്തഫ സഈദ്, അതീർ പോഡ്കാസ്റ്റ് സ്ഥാപകൻ മുഹമ്മദ് അൽ റമ്മാഷ്, മൻബത് പോഡ്കാസ്റ്റിന്റെ ബഷാർ അൽ നജ്ജാർ എന്നിവരുടെ പങ്കാളിത്തത്തോടെ അറബി പോഡ്കാസ്റ്റിംഗിന്റെ സാഹചര്യങ്ങൾ വിലയിരുത്തുന്ന പ്രത്യേക സെഷനും ഉച്ചകോടിയിൽ നടക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 500ലധികം പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഖത്തർ ഫൗണ്ടേഷനിൽ സ്ട്രാറ്റജിക് ഇനിഷിയേറ്റീവ്സ് ആൻഡ് പ്രോഗ്രാം എക്സിക്യൂട്ടിവ് ഡയറക്ടർ ഹിഷാം നൂറിൻ പറഞ്ഞു. ഇന്നവേഷൻ, സർഗാത്മകത എന്നിവയിൽ അറബി ഭാഷയെ വളർത്തുന്നതിലുള്ള വർധിച്ച താൽപര്യമാണ് രജിസ്ട്രേഷനിലെ വർധനവ് കാണിക്കുന്നതെന്നും നൂറിൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.